സാബു ജോണ്‍
തിരുവനന്തപുരം: അന്വേഷണങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കുന്ന പ്രത്യേകാന്തരീക്ഷത്തിൽ കേരളം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്ക്.
കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് എന്ന നിലയിൽ ഒട്ടേറെ പരിമിതികൾ നേരിട്ടും പരീക്ഷണങ്ങൾ നടത്തിയുമുള്ള തെരഞ്ഞെടുപ്പായിരിക്കും ഇത്.
നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മുന്‍പു മാത്രം വരുന്ന തെരഞ്ഞെടുപ്പുഫലം മുന്നണികൾക്കും പാർട്ടികൾക്കും നിർണായകമാണ്.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ തന്നെ മുന്നണികൾ അവകാശവാദങ്ങളുമായി രംഗത്തു വന്നു. തൂത്തുവാരുമെന്നാണു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവകാശപ്പെട്ടത്.
വൻമുന്നേറ്റം നടത്തുമെന്ന് എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ പറഞ്ഞപ്പോൾ ബിജെപി ഏറ്റവും വലിയ കക്ഷിയാകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും അവകാശപ്പെട്ടു.
സംസ്ഥാന രാഷ്ട്രീയത്തിൽ കത്തിപ്പടർന്നു നിൽക്കുന്ന സ്വർണക്കടത്തു കേസും ബിനീഷ് കോടിയേരിക്ക് എതിരെയുള്ള മയക്കുമരുന്നു കടത്തു കേസുമൊക്കെയാകും ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
എൻഐഎയും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും കസ്റ്റംസുമൊക്കെ താരങ്ങളാണ്. പ്രതിപക്ഷം നാളുകളായി ഉന്നയിച്ചു വരുന്ന ആരോപണങ്ങളൊക്കെ ഇപ്പോഴത്തെ അന്വേഷണങ്ങളുമായി കൂട്ടിക്കെട്ടി പ്രചാരണ രംഗത്തേക്കു കടക്കുന്പോൾ പ്രതിരോധിക്കാൻ ഭരണപക്ഷത്തിനു നന്നായി വിയർക്കേണ്ടി വരും.
കമറുദ്ദീൻ, കെ.എം. ഷാജി എന്നിവർക്കെതിരെയുള്ള കേസുകളും പാലാരിവട്ടം പാലം കേസും സോളാർ കേസുകളും പി.ടി. തോമസിനെതിരെയുള്ള അന്വേഷണങ്ങളുമൊക്കെയാണ് എൽഡിഎഫിന്റെ കൈയിലുള്ള ബദൽ.
തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടുമെന്നാണ് എൽഡിഎഫ് പറയുന്നത്. സ്വർണക്കടത്തു കേസിൽ നിന്നും മയക്കുമരുന്നു കേസിൽ നിന്നും അകലം പാലിച്ചു നിൽക്കുന്നതിനൊപ്പം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നു എന്ന ആരോപണം അവർ ഉയർത്തും.
കേന്ദ്ര ഏജൻസികൾക്കെതിരേ പ്രത്യക്ഷ സമരത്തിലേക്കു നീങ്ങാൻ സിപിഎം തീരുമാനിച്ചു കഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയപകപോക്കലിന്റെ ഭാഗമാണ് അന്വേഷണങ്ങൾ എന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് ഇടതുപക്ഷം നടത്തുന്നത്.
മലബാറിൽ ഉൾപ്പെടെ വെൽഫെയർ പാർട്ടി, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുമായുള്ള യുഡിഎഫ് ബന്ധം ഉയർത്തിക്കാട്ടി ഭൂരിപക്ഷ സമുദായ വോട്ട് അനുകൂലമാക്കാനുള്ള രാഷ്ട്രീയ പ്രചാരണപ്രവർത്തനങ്ങളും അവർ ആരംഭിച്ചുകഴിഞ്ഞു.
ആരോപണങ്ങളിൽ വട്ടംകറങ്ങി നിൽക്കുന്പോഴും വിട്ടു കൊടുക്കാനുള്ള ഭാവത്തിലല്ല ഇടതുമുന്നണി.
പ്രാദേശികതലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളും താഴേത്തട്ടിലെ സർക്കാർ പദ്ധതികളുമൊക്കെ ഉയർത്തിക്കാട്ടി ചിട്ടയായ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയ രംഗത്തുണ്ടായിരിക്കുന്ന തിരിച്ചടി മറികടക്കാമെന്നും അവർ കണക്കുകൂട്ടുന്നു.
യുഡിഎഫും എൻഡിഎയും സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി ആരോപണ ക്കൊടുങ്കാറ്റ് അഴിച്ചു വിടുന്പോൾ അതിനെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന്റെ പ്രചാരണ സന്നാഹങ്ങൾക്കു സാധിക്കുമോ എന്നാണു കണ്ടറിയേണ്ടത്.
യുഡിഎഫ് സർക്കാരിന്റെ കാലത്തു നടന്ന കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായിരുന്നു മുൻതൂക്കം. അഞ്ചു വർഷത്തിനു ശേഷം അടുത്ത തെരഞ്ഞെടുപ്പു വരുന്പോൾ അവർ വല്ലാത്ത വിഷമവൃത്തത്തിലാണ്.
ഈ തെരഞ്ഞെടുപ്പിൽ കാലിടറിയാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് അവർക്കറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമായിരുന്ന എൽജെഡിയും കേരള കോണ്‍ഗ്രസ്- ജോസ് കെ. മാണി വിഭാഗവും ഇത്തവണ എൽഡിഎഫിനൊപ്പമാണ്.
ഈയിടെ മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസിന്റെ പിന്തുണയിൽ മധ്യകേരളത്തിൽ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷ എൽഡിഎഫിനുണ്ട്. തെരഞ്ഞെടുപ്പിലെ പ്രകടനം കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയഭാവിക്കും നിർണായകമാണ്.
കേരള കോണ്‍ഗ്രസ് – ജോസ് പക്ഷം മുന്നന്നി വിട്ടതു കൊണ്ട് നഷ്ടമുണ്ടായിട്ടില്ലെന്നു തെളിയിക്കേണ്ട ആവശ്യം യുഡിഎഫിനുമുണ്ട്.
കോവിഡ് കാലത്തു നടക്കുന്ന തെരഞ്ഞെടുപ്പിന് ഒട്ടേറെ സവിശേഷതകളുണ്ടാകും. ആൾക്കൂട്ട പ്രചാരണത്തിനു വിലക്കുണ്ട്. വീടുകയറിയുള്ള പ്രചാരണത്തിനു പോലും നിയന്ത്രണം ഏർപ്പെടുത്താൻ സ്ഥാനാർഥികളും പാർട്ടികളും നിർബന്ധിതരാകും.