തിരുവനന്തപുരം: പാലക്കാട്, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് വീണ്ടും മഴ. മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കവളപ്പാറയിൽ ഇന്ന് പുലർച്ചെ മുതൽ വീണ്ടും മഴ ആരംഭിച്ചിട്ടുണ്ട്. കവളപ്പാറയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് മഴ തടസ്സമുണ്ടാക്കുമോയെന്ന് ആശങ്കയുണ്ട്. മലപ്പുറത്തും എറണാകുളത്തും ഇന്നലെ രാത്രി മുതൽ മഴയാണ്. കവളപ്പാറയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 96 ആയി. 33 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
സംസ്ഥാനത്ത് രണ്ടര ലക്ഷം പേരാണ് ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നത്. 838 വീടുകൾ പൂർണമായും 8718 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ദുരിതബാധിതർക്കുളള ധനസഹായം ഇന്ന് മന്ത്രിസഭായോഗത്തിൽ പ്രഖ്യാപിക്കും. കനത്ത മഴയിൽ മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പന്പയിലും അച്ചൻകോവിലാറിലും ജലനിരപ്പുയർന്നിട്ടുണ്ട്.
ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ഒരു ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിർദ്ദേശവും നൽകിയിട്ടുണ്ട്.
മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരില്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.
കണ്ണൂരിലെ പ്രൊഫഷണൽ കോളേജുകൾക്കും വയനാട്ടിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല. ഇന്ന് നടക്കേണ്ടിയിരുന്ന കേരള സർവകലാശാലയുടെ എല്ലാ പരീക്ഷകളും പിഎസ്സി വകുപ്പ് തല പരീക്ഷകളും മാറ്റിയിട്ടുണ്ട്.
എലിപ്പനിക്കുള്ള പ്രതിരോധ മരുന്നിന് ക്ഷാമം
തിരുവനന്തപുരം: ദുരന്തബാധിത മേഖലകളിൽ എലിപ്പനി പടർന്നു പിടിക്കാതിരിക്കാൻ മുൻകരുതലായി കഴിക്കുന്നതിനുള്ള പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ കടുത്ത ക്ഷാമം. രക്ഷാപ്രവർത്തനത്തിനായി വെള്ളത്തിൽ ഇറങ്ങുന്നവർ 12 മണിക്കൂറിന് മുന്‍പായി കഴിക്കേണ്ട ഗുളികയാണ്. ക്യാന്പുകളിൽ കഴിയുന്നവർക്കും മുൻകരുതലായി കഴിക്കേണ്ട മരുന്നാണ്. വെള്ളത്തിലൂടെയാണ് എലിപ്പനി പടർന്നു പിടിക്കുന്നത്. പ്രളയം കാരണം സംസ്ഥാനം മുഴുവൻ വെള്ളക്കെട്ടാണ്.
എലിപ്പനി പടർന്നു പിടിക്കാനുള്ള സാഹചര്യം വളരെ കൂടുതലാണ്. സംസ്ഥാനത്ത് രണ്ടര ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുകയാണ്. ഇവർക്കെല്ലാം പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഈ ഗുളിക നൽകണം. ഈ ഗുളികയ്ക്കാണ് കടുത്ത ക്ഷാമം നേരിട്ടിരിക്കുന്നത്. ഈ ഗുളിക നിലവിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് ആവശ്യത്തിനുള്ളത്.
തൃശൂർ ആലപ്പുഴ,വയനാട്, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ ആവശ്യത്തിന് സ്റ്റോക്കില്ല. സംസ്ഥാനത്തും ആശുപത്രികളിൽ ഈ ഗുളിക വിതരണം ചെയ്യുന്നത് മെഡിക്കൽ സർവീസ് കോർപറേഷനാണ്.ഡോക്സി സൈക്ലിന്‍ ക്ഷാമം ഉണ്ടാകുമെന്ന സൂചന ലഭിച്ചതോടെ അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലടക്കം സ്റ്റോക്കു ചെയ്തിരിക്കുന്ന ഡോക്സി സൈക്ലിൻ ഗുളികൾ തിരിച്ചെടുത്ത് പ്രളയമേഖലകളിൽ വിതരണം ചെയ്യാൻ മെഡിക്കൽ സർവീസ് കോർപറേഷൻ തീരുമാനിക്കുകയും നടപടികൾ ഇന്നലെ മുതൽ തുടങ്ങുകയും ചെയ്തു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നു ഡോക്സി സൈക്ലിൻ ഗുളിക തിരിച്ചെടുക്കുന്നതോടെ ഇവിടെങ്ങളിലും ക്ഷാമം അനുഭവപ്പെടും. ഇതു ഉടൻ പരിഹരിക്കാനുള്ള സാധ്യത ആലോചിക്കുകയാണ് ആരോഗ്യവകുപ്പ്.
പുതിയ ഗുളികയ്ക്കായി ടെണ്ടർ വിളിച്ചിട്ടേയുള്ളു. ടെണ്ടർ നടപടികൾ പൂർത്തിയായി വരാൻ ദിവസങ്ങളെടുക്കും. ടെണ്ടർ നടപടികൾ ലഘൂകരിച്ചാൽ മാത്രമെ അടിയന്തരമായി ഈ ഗുളിക മെഡിക്കൽ സർവീസ് കോർപറേഷന് ലഭിക്കു. മരുന്നു ക്ഷാമം ഉണ്ടാകുമെന്ന റിപ്പോർട്ട് ആരോഗ്യവകുപ്പ് മന്ത്രിയ്ക്ക് ഉടൻ കൈമാറും.
എം.ജെ ശ്രീജിത്ത്