നാളുകൾ നീണ്ട കണ്ണീർ പെയ്തിനു ശേഷം കേരളം വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്തുവാനുള്ള ശ്രമത്തിലാണ്. അലയടിച്ചെത്തിയ വെള്ളം വീടിനുള്ളിൽ നിറയുമ്പോൾ ജീവൻ രക്ഷിക്കുവാനുള്ള തത്രപ്പാടിനിടെ വിലപ്പെട്ട പല രേഖകളും വാഹനങ്ങളും സുരക്ഷിതമാക്കാൻ മറന്ന് ഓടി രക്ഷപെടുകയായിരുന്നു എല്ലാവരും.
എന്നാൽ നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. വാഹനത്തിന്റെ ആർസി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, വോട്ടർ ഐഡി, പാഠപുസ്തകം, ആധാരം എന്നീ രേഖകൾ തിരികെ ലഭിക്കുന്നതിനുള്ള നിയമപരമായ ഉപാധികൾ ചുവടെ ചേർക്കുന്നു.
വാഹനങ്ങളുടെ കേടുപാട് ഇല്ലാതാക്കുന്നതിനും ഇൻഷുറൻസ് കവറേജ് ലഭിക്കുന്നതിനും
അറ്റകുറ്റപണിക്കു മുമ്പേ തന്നെ ഇൻഷുറൻസ് ഏജന്റ് അല്ലങ്കിൽ ഓഫിസുമായി ബന്ധപ്പെടുക. കേടുപാടു പറ്റിയ വാഹനത്തിന്റെ വീഡിയോ, ചിത്രം പകർത്തി സൂക്ഷിക്കുക. ഫ്ളഡ് കവറേജ് ക്ലെയിം ചെയ്ത് നഷ്ടപരിഹാരം നൽകാറുള്ളതാണ്.
വെള്ളത്തിലായ വാഹനങ്ങൾ ഒരു കാരണവശാലും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. ചെയ്താൽ വാഹനത്തിന്റെ ഇൻഷുറൻസ് നഷ്ടപ്പെടും. മെക്കാനിക്കിന്റെ അടുക്കൽ വാഹനം എത്തിക്കുക. വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ബാറ്ററി ടെർമിനൽ ഉടൻ നീക്കം ചെയ്യുക.
ആർസി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ്
ആർസി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ നഷ്ടപ്പെട്ടുവെങ്കിൽ പത്രത്തിൽ പരസ്യം നൽകിയതിനു ശേഷം ഫീസ് അടച്ചാൽ നിശ്ചിത ദിവസത്തിനുള്ളിൽ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതാണ്. ആർസി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയ്ക്ക് കേടുപാട് സംഭവിച്ചുവെങ്കിൽ ആർടിഒ ഓഫീസിൽ എത്തിയാൽ പുതിയത് ലഭ്യമാണ്. സാമ്പത്തിക ബാധ്യതയുള്ള വാഹനമാണെങ്കിൽ എൻഒസി സമർപ്പിക്കണം.
റേഷൻ കാർഡ്
റേഷൻ കാർഡിന്റെ പകർപ്പ് കൈവശമുണ്ടെങ്കിൽ റേഷൻ വാങ്ങുന്നതിന് സാധിക്കും. പിന്നീട് അപേക്ഷിച്ചാൽ മതിയാകും. റേഷൻ കാർഡ് നഷ്ടപ്പെട്ടവരാണെങ്കിൽ താലൂക്ക് സപ്ലെ ഓഫീസിൽ അപേക്ഷിക്കുക. താത്കാലിക റേഷൻകാർഡ് ലഭ്യമാകും.
വോട്ടർ ഐഡി
വോട്ടർ ഐഡി നഷ്ടപ്പെട്ടവർ www.ceo kerala.gov.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് അപേക്ഷാ ഫോം ഡൗണ്ലോഡ് ചെയ്യുക. ഇതു പൂരിപ്പിച്ചതിനു ശേഷം നഷ്ടപ്പെട്ട തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, വിവരങ്ങൾ എന്നിവയും ഇരുപത്തിയഞ്ച് രൂപ ഫീസും സഹിതം ഇലക്ടറർ ഓഫീസർക്ക് അപേക്ഷയായി നൽകുക.
തിരിച്ചറിയൽ കാർഡിന്റെ നമ്പർ അറിയില്ലെങ്കിൽ ഈ വെബ്സൈറ്റിൽ പ്രവേശിച്ച് സെർച്ച് ചെയ്താൽ മതിയാകും. ജില്ല, അസംബ്ലി നിയോജക മണ്ഡലം, അപേക്ഷകന്റെ പേര്, അച്ഛൻ/അമ്മ/രക്ഷകർത്താവിന്റെ പേര്, വീട്ടുപേര് എന്നിവ നൽകിയാൽ വോട്ടർപട്ടികയിൽ നിന്നും അപേക്ഷകനെ കുറിച്ചുള്ള വിവരം ലഭ്യമാകും. അക്ഷയകേന്ദ്രങ്ങൾ വഴി ഇതു ചെയ്യാം.
പാഠപുസ്തകം
പാഠപുസ്തകം നഷ്ടപ്പെട്ടാൽ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവുമായി ഡിഡി ഓഫീസിൽ എത്തിയാൽ പകരം പുസ്തകങ്ങൾ ലഭ്യമാകും.
ആധാരം
ആധാരം രജിസ്ട്രർ ചെയ്ത തിയതി, നമ്പർ എന്നിവ അറിയാമെങ്കിൽ സർട്ടിഫൈഡ് കോപ്പി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ലഭ്യമാണ്. അത് അറിയാത്തവർക്ക് ജില്ലകളിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ 1992 ജനുവരി ഒന്നു മുതലുള്ള ആധാരങ്ങളുടെ ഡിജിറ്റൽ പതിപ്പ് കംപ്യൂട്ടറിൽ നിന്നും ലഭ്യമാകുന്നതാണ്.
1992ന് മുമ്പുള്ള ആധാരമാണെങ്കിൽ പേരിന്റെ ആദ്യാക്ഷരം, വില്ലേജ് അംശദശം എന്നിവ ഉപയോഗിച്ചും പരിശോധിക്കാം. ആധാരം ആരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പത്രപരസ്യം നൽകുകയും ചെയ്യാം.