സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം കേരളത്തിലാണെന്ന് സാന്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്.
ഏറ്റവും മോശമായ ലിംഗാനുപാതം ഉത്തരാഖണ്ഡിലാണെന്നും റിപ്പോർട്ടിലുണ്ട്. 2020ലെ സാന്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
കേരളത്തിൽ ആയിരം സ്ത്രീകൾക്ക് 974 പുരുഷന്മാർ എന്നതാണ് കണക്ക്. ഉത്തരാഖണ്ഡിൽ ആയിരം പുരുഷന്മാർക്ക് 844 സ്ത്രീകളാണുള്ളത്.
2017-2019 കാലയളവിലെ ദേശീയ ശരാശരി ആയിരം പുരുഷന്മാർക്ക് 904 സ്ത്രീകൾ എന്നത് 2018-20 കാലയളവിൽ 907 ആയി.
അഞ്ചു തലമുറകൾ പിന്നിട്ടെങ്കിലും 70 ശതമാനം സ്ത്രീകൾക്ക് ഇപ്പോഴും കുടുംബസ്വത്തുകൾക്കോ ഉന്നതവിദ്യാഭ്യാസത്തിനോ ശരിയായ ആരോഗ്യ വിഭവങ്ങൾക്കോ ഉള്ള അവകാശമില്ലെന്നും റിപ്പോർട്ടിൽനിന്നു വ്യക്തമാകുന്നു.