38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്നലെ സുവർണ ദിനമായിരുന്നു. രാവിലെ ഭാരോദ്വഹനത്തിൽ സുഫ്ന ജാസ്മിനും ഉച്ചകഴിഞ്ഞ് നീന്തലിൽ ഹർഷിത ജയറാമും സ്വർണം നേടിയതോടെ കേരളത്തിന്റെ മെഡൽപട്ടികളിൽ സുവർണദിനം രചിക്കപ്പെട്ടു. ഈ ദേശീയ ഗെയിംസിലെ കേരളത്തിന്റെ ആദ്യ സ്വർണമെഡൽ നേട്ടംകൂടിയായിരുന്നു സുഫ്ന ജാസ്മിന്േറത്. ഹർഷിതയുടെ മെഡൽ നേട്ടത്തോടെ അക്വാട്ടിക്സിൽ കേരളത്തിന്റെ മെഡൽ മൂന്നായി.
രണ്ട് സ്വർണവും രണ്ട് വെങ്കലവുമടക്കം നാല് മെഡലുമായി മെഡൽ പട്ടികയിൽ എട്ടാമതാണ് കേരളം. ഏഴ് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 12 മെഡലുമായി കർണാടക ഒന്നാമതും ആറ് സ്വർണവും അഞ്ച് വെള്ളിയുമടക്കം 11 മെഡലുമായി മണിപ്പുർ രണ്ടാമതുമാണ്. 23 മെഡലുകൾ വാരിക്കൂട്ടിയെങ്കിലും സ്വർണമെഡലുകളുടെ കു റവ് മഹാരാഷ്ട്രയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി.
ഭാരോദ്വഹനം വനിതകളുടെ 45 കിലോ വിഭാഗത്തിലാണ് സുഫ്ന ജാസ്മിൻ സ്വർണം നേടിയത്. സ്നാച്ചിൽ 72 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 87 കിലോയും ഉയർത്തിയാണ് സുഫ്ന ഒന്നാമതെത്തിയത്. സ്പോർട്സ് കൗണ്സിൽ പരിശീലക ചിത്ര ചന്ദ്രമോഹനാണ് ഇരുപത്തിരണ്ടുകാരിയായ സുഫ്നയുടെ പരിശീലക. കഴിഞ്ഞ സീനിയർ നാഷണൽസിൽ സ്നാച്ചിൽ 76 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 94 കിലോയും ഉയർത്തി സുഫ്ന റിക്കാർഡ് സൃഷ്ടിച്ചിരുന്നു.
നീന്തൽ സ്വർണം
നീന്തലിൽ കേരളത്തിന്റെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു ഹർഷിത. 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ 2:42.38 സെക്കൻഡിൽ പൂർത്തിയാക്കിയാണ് സ്വർണം സ്വന്തമാക്കിയത്. കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിനു വേണ്ടി മത്സരിച്ച ഹർഷിത ഇതേ ഇനത്തിൽ റിക്കാർഡോടെ സ്വർണം നേടിയിരുന്നു. തൃശൂർ സ്വദേശിനിയായ ഹർഷിത ബംഗളൂരുവിലാണ് സ്ഥിരതാമസം. സൗത്ത് വെസ്റ്റ് റെയിൽവേയിലാണ് ജോലി. കണ്ണൂർ സ്വദേശി ജയരാജ് ആണ് പരിശീലകൻ.
വനിതകളുടെ ബാസ്കറ്റ്ബോളിൽ കേരളം സെമി ഫൈനലിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഉത്തരാഖണ്ഡിനെ തോൽപ്പിച്ചിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പഞ്ചാബിനെ നേരിടും. 10 മീറ്റർ എയർ റൈഫിളിൽ ഫൈനലിലേക്ക് യോഗ്യത നേടിയ വിധർഷ കെ. വിനോദ് ആറാം സ്ഥാനത്തായി ഫിനിഷ് ചെയ്തു.
പുരുഷ വാട്ടർപോളോയിൽ എതിരില്ലാത്ത 20 ഗോളിനും പുരുഷ ഫുട്ബോളിൽ എകപക്ഷീയമായ ഒരു ഗോളിനും കേരളം മണിപ്പുരിനെ തോൽപ്പിച്ചു. പുരുഷൻമാരുടെ ഡ്യൂറത്തലോണിൽ കേരളത്തിന്റെ മുഹമ്മദ് റോഷന് മെഡൽ നഷ്ടമായി. നാലാം സ്ഥാനത്തായി ആണ് റോഷൻ മത്സരം പൂർത്തിയാക്കിയത്. ചരിത്രത്തിൽ ആദ്യമായി ആണ് ട്രയാത്തലോണിൽ കേരളാ താരം നാലാമതായി ഫിനിഷ് ചെയ്യുന്നത്.
ആശുപത്രിക്കിടക്കയിൽനിന്ന് രക്ഷകയായി ഐശ്വര്യ
ശ്വാസകോശ അണുബാധയിലും പാറപോലെ ഉറച്ച് നിന്നു ഗോൾവല കാത്ത എസ്. ഐശ്വര്യയുടെ കരുത്തിൽ കേരളം ഫൈനലിൽ. ഇന്നലെ നടന്ന ബീച്ച് ഹാൻഡ് ബോളിൽ ആസാമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3 നാണ് കേരളത്തിന്റെ പെണ്പട തറപറ്റിച്ചത്. മത്സരത്തിന് ശേഷം ശാരീരികാവശത കൂടിയതോടെ ഐശ്വര്യയെ വീണ്ടും ആശുപത്രിയിലാക്കി. ഇന്ന് ഹരിയാനയ്ക്കെതിരേ ഫൈനലിൽ ഐശ്വര്യയുടെ അഭാവം തിരിച്ചടിയാകുമെന്ന ആശങ്ക ടീം മാനേജ്മെന്റിനുണ്ട്.
ഉത്തരാഖണ്ഡലിലെ അസഹനീയമായ തണുപ്പാണ് ഐശ്വര്യയെ രോഗാതുരയാക്കിയത്. ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി കിടക്കയിൽ നിന്നാണ് ശിവ്പുരിയിലെ സാൻഡ് ബീച്ചിൽ ഇന്നലെ മത്സരത്തിനെത്തിയത്. ശാരീരികാവശതയിലും മികവാർന്ന പ്രകടനം ടീമിന്റെ വിജയത്തിന് കാരണമായി.
മത്സരത്തിൽ ആദ്യപകുതി കേരളം നേടിയപ്പോൾ രണ്ടാംപകുതി കൈവിട്ടുപോയി. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ഐശ്വര്യ മികച്ച സേവുകൾ നടത്തി കേരളത്തെ വിജയിപ്പിച്ചു. ഇന്ന് നടക്കുന്ന ഫൈനലിൽ ഐശ്വര്യ്ക്ക് പകരം ആൻസിമോൾ വിൻസന്റ് ഗോൾകീപ്പറാകും. ഫൈനലിൽ കടന്നതോടെ കേരളം മെഡൽ ഉറപ്പിച്ചിട്ടുണ്ട്.
തക്ക മറുപടി, കാണേണ്ടവർ കാണട്ടെ
അവഗണനകളിൽ മനസ് മടുത്ത കേരളത്തിന്റെ വോളിബോൾ ടീമിന് ഇങ്ങനൊരു ഉയിർത്തെഴുന്നേൽപ്പ് അനിവാര്യമായിരുന്നു. പ്രതീക്ഷകളേറെയുണ്ടായിരുന്നെങ്കിലും തർക്കങ്ങൾക്കിടയിൽ ഒരു ദിവസംപോലും നേരേചൊവ്വേ പരിശീലനത്തിന് അവസരം ലഭിക്കാതെയാണ് നാഷണൽ ഗെയിംസിൽ മത്സരത്തിനിറങ്ങിയത്. ആദ്യ അവസരത്തിൽ പുരുഷന്മാർക്ക് കാലിടറിയെങ്കിലും രണ്ടാം മത്സരത്തിൽ അവർ വിജയവഴിയിൽ തിരിച്ചെത്തി. വനിതകളാകട്ടെ ആദ്യ രണ്ട് മത്സരങ്ങളും വെന്നിക്കൊടി പാറിച്ച് കരുത്തു തെളിയിച്ചു.
ഗ്രൂപ്പിലെ അവസാന മത്സരത്തിനായി ഇരു ടീമുകളും ഇന്നിറങ്ങും. ജയിച്ചാൽ വനിതകൾ നേരെ സെമിയിൽ. പുരുഷ ടീമിന് മറ്റു മത്സരഫലങ്ങൾക്കു കൂടി കാത്തിരിക്കേണ്ടിവരും. പോയിന്റ് പട്ടികയിൽ ഒടുവിലുള്ള കർണാടകയാണ് ഇരുവരുടേയും എതിരാളി. പശ്ചിമ ബംഗാളിനെതിരേയാണ് കേരള വനിതകളുടെ ആദ്യ ജയം. രണ്ടാം മത്സരത്തിൽ തമിഴ്നാടിനെ രണ്ടിനെതിരേ മൂന്ന് സെറ്റുകൾക്ക് തകർത്താണ് വനിതകൾ രണ്ടാം ജയം നേടിയത്.
സർവീസസിനോട് ആദ്യ മത്സരത്തിൽ പരാജയമറിഞ്ഞ പുരുഷ ടീം ഇന്നലെ ഹരിയാനയെ അട്ടിമറിച്ച് വിജയപാതയിൽ തിരികെയെത്തി. മൂന്ന് സെറ്റുകൾ കേരളം നേടിയപ്പോൾ ഒരു സെറ്റിൽ മാത്രമാണ് കേരളത്തിന് കാലിടറിയത്.
രണ്ട് മത്സരങ്ങളിൽ നിന്നായി ഒാരോ വിജയവും പരാജയവുമായി മൂന്ന് പോയിന്റ് ഉണ്ട്. രണ്ട് മത്സരങ്ങൾ ജയിച്ച വനിതകൾ ആറ് പോയിന്റുമായി ഒന്നാമതാണ്. കഴിഞ്ഞ തവണ നേടാനാവാതെ പോയ മെഡൽ ഉത്തരാഖണ്ഡിൽ നേടാമെന്ന പ്രതീക്ഷയിലാണ് കേരളം.
നീന്തൽക്കുളത്തിൽ ട്രിപ്പിളടിച്ച് ഹർഷിത
ദേശീയ ഗെയിംസിലെ നീന്തൽക്കുളത്തിൽ നിന്ന് മൂന്നാമത്തെ സ്വർണ നേട്ടമാണ് 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ തൃശൂർ സ്വദേശിയായ ഹർഷിത ജയറാമിന്റേത്. ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ രണ്ട് സ്വർണ മെഡലുകളും ഒരു വെങ്കലവും ഹർഷിത നേടിയിരുന്നു. ഇന്നലത്തെ സ്വർണ നേട്ടത്തോടെ ഹൽദ്വാനിയിലെ നീന്തൽക്കുളത്തിലും മേഡൽവേട്ടയ്ക്ക് ആരംഭംകുറിച്ചിരിക്കുകയാണ് ഹർഷിത.
ഗേവയിൽ സ്വന്തം പേരിൽ കുറിച്ചു റിക്കാർഡ് ഇത്തവണ തിരുത്താനായില്ലെങ്കിലും സീസണിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതിന്റെ ആത്മവിശ്വാസമുണ്ട്. നാലിനങ്ങളിലാണ് ഈ ഗെയിംസിൽ ഹർഷിത മത്സരിക്കുന്നത്. ബ്രെസ്റ്റ് സ്ട്രോക്കിലെ മൂന്നിനങ്ങളിലും വ്യക്തിഗത മെഡ്ലെയിലുമായി നാലു മത്സരങ്ങളിലും മെഡൽ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഹർഷിത പറഞ്ഞു.
മാതാപിതാക്കൾ തൃശൂർ മതിലകം സ്വദേശികളാണെങ്കിലും ബിസിനസ്പരമായി വർഷങ്ങളായി ബംഗളുരുവിലാണ് താമസം. ഹർഷിത പഠിച്ചതും വളർന്നതും നീന്തൽ പരിശീലിച്ചതും ബംഗളൂരുവിലാണ്. മലയാളം കേട്ടാൽ മനസിലാകുമെങ്കിലും സംസാരിക്കാൻ അത്ര എളുപ്പമല്ല. സൗത്ത് വെസ്റ്റ് റെയിൽവേ ഉദ്യോഗസ്ഥയാണ്.
- അനിൽ തോമസ്