ചാലക്കുടി: കേരളം മയക്കുമരുന്നു വിതരണത്തിന്റെ ട്രാഫിക് സെന്ററായി മാറിയിരിക്കുന്നതായി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽനിന്നും ലഹരിവസ്തുക്കൾ കേരളത്തിൽ കൊണ്ടുവന്ന് മറ്റു വിദേശരാജ്യങ്ങളിലേക്കു കയറ്റി വിടുന്നതായി അദ്ദേഹം പറഞ്ഞു.
സൗത്ത് ഏഷ്യയിലേക്കു മുഴുവൻ കഞ്ചാവ് എത്തിക്കുന്നതു കേരളത്തിൽനിന്നാണെന്ന് അദ്ദേഹം പറഞ്ഞു. മലേഷ്യയിലേക്കും ഗൾഫ് നാടുകളിലേക്കും ധാരാളം ലഹരിവസ്തുക്കൾ കയറ്റി വിടുന്നുണ്ട്. കേരളത്തിൽ മയക്കുമരുന്നിന്റെ ഉപയോഗവും വളരെ കൂടുതലാണ്.
കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത് ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽനിന്നാണ്. ആന്ധ്രയിൽ 20,000 ഹെക്ടർ സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്. തമിഴ്നാട്ടിൽനിന്നും സാരിയുടെ പേരിൽ കൊറിയറിൽ കഞ്ചാവ് എത്തുന്നുണ്ട്. കേരളത്തിൽ 35 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ആദ്യം അവർ സ്വന്തം ഉപയോഗത്തിനായിട്ടാണ് കൊണ്ടുവന്നിരുന്നത്. ഇപ്പോൾ അവർ കഞ്ചാവ് വില്പനയും നടത്തുന്നുണ്ട്.
വ്യാജമദ്യം ഉണ്ടാക്കി വ്യാജ സ്റ്റിക്കർ പതിച്ചുള്ള മദ്യവില്പനയും നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി, മാള, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽനിന്നും 245 വ്യാജ മദ്യ കേസുകൾ എടുത്തിട്ടുണ്ട്. തൃശൂർ ജില്ലയിലാണ് വ്യാജവാറ്റ് കൂടുതൽ നടക്കുന്നത്. മൂന്നു ലക്ഷം ലിറ്റർ വാഷ് പിടിച്ചെടുത്തിട്ടുണ്ട്. വ്യാജമദ്യ ദുരന്തമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ലഹരി വിമോചനകേന്ദ്രം ഉദ്ഘാടന ചടങ്ങിനുശേഷം പത്രസമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഋഷിരാജ് സിംഗ്.