സംഗരൂർ (പഞ്ചാബ്): 65-ാമത് ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിന്റെ സബ് ജൂണിയർ, ജൂണിയർ വിഭാഗ പോരാട്ടത്തിൽ കേരളം മെഡൽ പട്ടികയിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ രണ്ട് സ്വർണവും രണ്ട് വെങ്കലവും കേരളം സ്വന്തമാക്കി. 97 പോയിന്റോടെയാണ് കേരളം നാലാമത് എത്തിയത്. ഹരിയാനയാണ് (124) ഒന്നാമത്.
റിലേയിൽ സ്വർണം
ജൂണിയർ ആണ്‍കുട്ടികളുടെ 4×400 മീറ്റർ റിലേയിലും ജൂണിയർ പെണ്‍കുട്ടികളുടെ 4×400 റിലേയിലുമാണ് കേരളം ഇന്നലെ സ്വർണം നേടിയത്. ആർ.ടി. ഷൈജു പ്രകാശ്, ജോയൽ പനച്ചിക്കൽ, ജെൻസണ് റോണി, എസ്. അക്ഷയ് എന്നിവരടങ്ങിയ കേരള സംഘമാണ് ആണ്‍കുട്ടികളുടെ റിലേയിൽ പൊന്നണിഞ്ഞത്. 3:21.62 സെക്കൻഡിൽ കേരളം ഫിനിഷിംഗ് ലൈൻ കടന്നു. പെണ്‍കുട്ടികളുടെ റിലേയിൽ 3:50.64 സെക്കൻഡിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കേരളത്തിന്റെ സാന്ദ്രമോൾ സാബു, സ്റ്റെഫി സാറ കോശി, എൽഗ തോമസ്, പ്രതിഭ വർഗീസ് എന്നിവരുടെ ടീം സ്വർണത്തിൽ മുത്തമിട്ടു.
രണ്ട് വെങ്കലം
ജൂണിയർ ആണ്‍കുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ വി. മുഹമ്മദ് ഹനനിലൂടെയാണ് കേരളത്തിന് ഇന്നലെ ഒരു വെങ്കലമെത്തിയത്. 14.29 സെക്കൻഡിൽ ഹനൻ ഹർഡിൽ കടന്ന് മെഡലിലെത്തി. ഹരിയാനയുടെ മോഹിത് (14.02) ആണ് സ്വർണം നേടിയത്. ജൂണിയർ ആണ്‍കുട്ടികളുടെ ഹൈജംപിൽ ബി. ഭരത് രാജ് 1.90 മീറ്ററോടെ വെങ്കലം സ്വന്തമാക്കി.