കളിയെയും കളിക്കാരെയും അവജ്ഞയോടെ കണ്ടിരുന്ന ഒരു സമൂഹം ഇവിടെ ഉണ്ടായിരുന്നു. കളിയാക്കല്‍ എന്നു പറയുന്ന വാക്കുപോലും കളിയെ നാം എത്ര നിസാരമായാണു കണ്ടത് എന്നതിന് ഉദാഹരണമാണ്. എന്നാല്‍, അവരുടെ മനസിലേക്കുതന്നെയാണ് ഇക്കാലയളവില്‍ സ്പോര്‍ട്സ് ഡ്രിബിള്‍ ചെയ്തു മുന്നേറിയത്.
60 വര്‍ഷത്തെ ചരിത്രത്തിനപ്പുറം ചികഞ്ഞാലും നമ്മുടെ കായികപാരമ്പര്യം വര്‍ണാഭമാണ്. കുട്ടിയും കോലും ഗോട്ടിയും തലപ്പന്തും കിളിത്തട്ടും വള്ളംകളിയും എല്ലാം കേരളത്തിന്റെ സ്വകാര്യമായ കളിയഹങ്കാരങ്ങളായി നമുക്കുണ്ടായിരുന്നു, അല്ലെങ്കില്‍ നമുക്കുണ്ട്. തിരുവാതിരകളിയും മാര്‍ഗംകളിയും പരിചമുട്ടുകളിയും വേലകളിയും കളരിപ്പയറ്റുമടക്കമുള്ളവ കലകള്‍ക്കപ്പുറം കായിക ഇനമായും പരിഗണിച്ചിരുന്നു.
സ്വാതന്ത്ര്യസമരം കൊടുമ്പിരികൊള്ളുന്ന കാലഘട്ടത്തില്‍ കോല്ക്കത്തയില്വച്ച് ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ ടീം(മോഹന്ബഗാന്) ബ്രിട്ടീഷ് ടീമിനെ (ഈസ്റ്റ് യോര്‍ക്ഷയര്‍ റെജിമെന്റ്) പരാജയപ്പെടുത്തി ഐഎഫ്എ ഷീല്‍ഡ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ അതിന്റെ ആവേശം ഇങ്ങ് കേരളത്തിലും അലയടിച്ചു. 1911ലായിരുന്നു ഇത്. ഒരുപക്ഷേ, അന്നുമുതലാകാം ഫുട്ബോളിനെ വലിയ അളവില്‍ സ്നേഹിക്കാന്‍ മലയാളിയും ശീലിച്ചത്. ക്രിക്കറ്റിനു മേല്‍ ഫുട്ബോളിനെ നെഞ്ചേറ്റുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ കേരളത്തിനായി. അതിന്റെ അര്‍ഥം ക്രിക്കറ്റിനു കേരളത്തില്‍ വളക്കൂറില്ല എന്നല്ല. കോല്‍ക്കത്തയില്‍ ക്രിക്കറ്റ് അവതരിച്ച 1890നും മുമ്പേ മലയാളികള്‍ ആ ഗെയിം സ്വായത്തമാക്കിയിരുന്നു. 1790ല്‍ തലശേരിയിലായിരുന്നു ഇത്. കേണല്‍ ആര്‍തര്‍ വെല്ലെസ്്ലിയും സംഘവുമായിരുന്നു ഇതിനു നേതൃത്വം നല്‍കിയത്. ബ്രിട്ടീഷുകാര്‍ മാത്രമായിരുന്നില്ല അന്നു ക്രിക്കറ്റ് കളിച്ചത്. നാട്ടുകാരും അവര്‍ക്കൊപ്പം ചേര്‍ന്നു.
സിറ്റി ഓഫ് ക്രിക്കറ്റ് എന്ന പേരുപോലും തലശേരിക്കു ചാര്‍ത്തിക്കിട്ടി. 1860ല്‍ തലശേരി ക്രിക്കറ്റ് ക്ലബ്ബും സ്ഥാപിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്തു തലശേരി ക്രിക്കറ്റ് മൈതാനത്ത് ഫണ്ട് സമാഹരണത്തിനായി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചിരുന്നതായി ചരിത്രരേഖകളുണ്ട്.
അസോസിയേഷനുകളുടെ വരവ്
1835ല്‍ വില്യം ബെന്റിക്കിന്റെ വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ ഭാഗമായി ഫിസിക്കല്‍ എഡ്യുക്കേഷനും പാഠ്യവിഷയമായി. കേരളത്തിലെ മിഷനറി സ്കൂളുകളില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അന്നുമുതല്‍ പ്രാധാന്യം നല്കി. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ എന്ന സന്ദേശം നാം ആദ്യം മുതലേ ഉള്ക്കൊണ്ടുപോന്നു.
1945ല്‍ കേരളത്തിലെ ഒളിമ്പിക് അസോസിയേഷന് രാഘവന് നായരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇതോടൊപ്പം ട്രാവന്‍കൂര്‍ അത്ലറ്റിക് അസോസിയേഷന്, ട്രാവന്‍കൂര്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന്, ട്രാവന്‍കൂര്‍ വോളിബോള്‍ അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ കേരള ഒളിമ്പിക് അസോസിയേഷനു കീഴില്‍ നിലവില്‍ വന്നു.
ഫുട്ബോളിലും വോളിബോളിലും അത്ലറ്റിക്സിലും ബാസ്കറ്റ്ബോളിലുമൊക്കെ ഏറ്റവും മികച്ച താരങ്ങളെ സംഭാവന ചെയ്യാന്‍ കേരളത്തിനായി.
സംഘടനകളുടെ കാര്യം പറയുമ്പോള്‍ വിസ്മരിക്കാന്‍ പാടില്ലാത്ത പേരാണ് കേണല്‍ ഗോദവര്‍മരാജ. ഐക്യകേരളം പിറക്കുന്നതിനു രണ്ടു വര്‍ഷം മുമ്പേ അദ്ദേഹം കേരള സ്പോര്‍ട്സ് കൗണ്‍സിലിനു രൂപം നല്കി. അതിനു മുമ്പ് അദ്ദേഹം ട്രാവന്‍കൂര്‍ ടെന്നീസ്, ക്രിക്കറ്റ്, അക്വാട്ടിക് അസോസിയേഷനുകളുടെ സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടായിരുന്നു. ട്രാവന്‍കൂര്‍ – കൊച്ചിന് സ്പോര്‍ട്സ് കൗണ്‍സിലാണ് പിന്നീട് കേരള സ്പോര്‍ട്സ് കൗണ്‍സിലായി മാറിയത്. 1974ല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു. കേരളത്തിലെ സ്പോര്‍ട്സിനെ വളര്‍ത്തുക എന്നതാണ് കൗണ്‍സിലിന്റെ പ്രധാന ഉദ്ദേശ്യം.
ഫുട്ബോളിനെ നെഞ്ചേറ്റുന്ന ഒരു സംസ്ഥാനമെന്ന നിലയ്ക്ക് കേരള ഫുട്ബോള്‍ അസോസിയേഷന്റെ പങ്ക് വളരെ വലുതാണ്. കേരളപ്പിറവിയുടെ അന്നു തന്നെയാണ് കേരള ഫുട്ബോള്‍ അസോസിയേഷനും സ്ഥിക്കപ്പെട്ടത്. ഇന്ത്യക്കു വേണ്ടി ഒരു കാലത്തു കളിക്കുന്ന ഭൂരിഭാഗം താരങ്ങളും കേരളത്തില്‍നിന്നുള്ളവരായിരുന്നു. ദേശീയ നിലവാരത്തില്‍ കളിക്കുന്ന എഫ്സി കൊച്ചിന്, ടൈറ്റാനിയം, പ്രീമിയര്‍ ടയേഴ്സ്, യംഗ് ചലഞ്ചേഴ്സ് തുടങ്ങിയ ക്ലബ്ബുകള്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ ത്രസിപ്പിച്ചവരാണ്.
ഇന്ത്യക്കു തിലകം ചാര്‍ത്തി നമ്മുടെ താരങ്ങള്‍
രാജ്യം സംഭാവന നല്കിയ മികച്ച കായികതാരങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ ഏറിയ പങ്കും കേരളത്തില്‍നിന്നാണ്. പി.ടി. ഉഷ മുതല്‍ ജിമ്മി ജോര്‍ജും അഞ്ജു ബോബി ജോര്‍ജും ടി.സി. യോഹന്നാനും എം.ഡി. വത്സമ്മയും ഷൈനി വില്‍സണുമൊക്കെ കഴിഞ്ഞ 60 വര്‍ഷത്തില്‍ കായികകേരളം കണ്ട മികച്ച താരങ്ങളാണ്. ശ്രീശാന്തും സഞ്ജു സാംസണും ടിനു യോഹന്നാനും ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ കായിക ഇനമായ ക്രിക്കറ്റില്‍ കേരളത്തിന്റെ സംഭാവനകളാണ്. ഏതെങ്കിലും ഒരു ഇനത്തില്‍ മാത്രമല്ല കേരളം മികച്ചുനില്ക്കുന്നത്. എല്ലാ കായിക ഇനങ്ങളിലും രാജ്യാന്തര നിലവാരമുള്ള അത്ലറ്റുകളെ നാം സൃഷ്ടിച്ചു. ഇന്ത്യയുടെ കായികതലസ്ഥാനം കേരളമാണ് എന്നു വിലയിരുത്തുന്ന തരത്തിലേക്ക് ഈ രംഗം വളര്‍ന്നു.
ഫുട്ബോളില്‍ ഐ.എം. വിജയനും വി.പി. സത്യനും കുരികേശ് മാത്യുവും, ഹോക്കിയില്‍ മാനുവല്‍ ഫെഡറിക്കും പി.ആര്. ശ്രീജേഷും, വോളിബോളില്‍ ജിമ്മി ജോര്‍ജും ടോം ജോസഫും ഉദയകുമാറും സിറില്‍ വള്ളൂരും കപില്‍ദേവും നാമക്കുഴി സഹോദരിമാരും ഏലമ്മയും ബാഡ്മിന്റണില്‍ വലിയവീട്ടില്‍ ഡിജുവും വിമല്‍കുമാറും, ബാസ്കറ്റ്ബോളില്‍ ഗീതു അന്ന ജോസ്, ജയശങ്കര്‍മേനോന്‍, സി.വി. സണ്ണി, അന്‍മിന്‍ ജെ. ആന്റണി എന്നിവരും കേരളത്തിന്റെ മികച്ച സംഭാവനകളാണ്.
അത്ലറ്റിക്സിലാണ് നാം ഏറ്റവും കൂടുതല്‍ രാജ്യാന്തരതാരങ്ങളെ സംഭാവന നല്‍കിയത്.
1924 ഒളിമ്പിക്സില്‍ പങ്കെടുത്ത സി.കെ. ലക്ഷ്മണില് തുടങ്ങുന്നു നമ്മുടെ അത്ലറ്റുകളുടെ ചരിത്രം. രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റായ പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും നമ്മുടെ സ്വകാര്യ അഹങ്കാരങ്ങളാണ്. ഐവാന്‍ ജേക്കബും സുരേഷ്ബാബുവും മേഴ്സിക്കുട്ടനും ഷൈനി വിത്സണും രഞ്ജിത് മഹേശ്വരിയും പ്രീജ ശ്രീധരനും കെ.എം. ബീനാമോളും എം.ഡി. വത്സമ്മയും ടിന്റു ലൂക്കയുമൊക്കെ രാജ്യത്തിനായി മെഡലുകള്‍ വാരി. ദേശീയ തലത്തില്‍ നടക്കുന്ന അത്ലറ്റിക് ടൂര്‍ണമെന്റുകളില്‍ കേരളം നിരന്തരം ഓവറോള്‍ ചാമ്പ്യന്മാരായി.
ന്യൂജെന്‍ കേരളം
ഐക്യകേരളം പിറന്ന ശേഷം കായിക രംഗത്ത് നാം അഭൂതപൂര്‍വമായ വളര്‍ച്ച നേടി. 39 താരങ്ങള്‍ ഒളിമ്പിക്സില്‍ പങ്കെടുത്തു. ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും ആഗോളീകരണത്തിന്റെ ഭാഗമായി വന്‍കിട താരങ്ങള്‍ അണനിരക്കുന്ന ലീഗുകള്‍ കേരളത്തിലുണ്ടായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കേരളത്തില്‍നിന്ന് കൊച്ചി ടസ്കേഴ്സ് എന്ന ടീം ഉണ്ടായി. അതുപോലെ കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ മുഴുവന്‍ കൈക്കലാക്കിക്കൊണ്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ തന്നെ രംഗത്തെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരളത്തിന് കേരള ബ്ലാസ്റ്റേഴ്സ് എന്ന പേരില്‍ ടീമുണ്ടായി. അങ്ങനെ മാറുന്ന കാലത്തിനൊപ്പം സഞ്ചരിച്ചുകൊണ്ട് കേരളത്തിലെ കായികരംഗവും ന്യൂജെന്‍ ആയി.
നാം മുന്നോട്ടോ?
കേരളത്തിന്റെ കായികരംഗം മുന്നോട്ടാണോ എന്ന ചോദ്യം 60 വര്‍ഷത്തിനു ശേഷം വളരെ പ്രസക്തമാണ്. നമ്മേക്കാള്‍ പല ഇനങ്ങളിലും അന്യ സംസ്ഥാനങ്ങള്‍ മികവു പുലര്‍ത്തുന്നു എന്നത് സമീപകാലസത്യമാണ്. നമ്മുടെ കായികരംഗം തളര്ന്നതോ അതോ മറ്റു സംസ്ഥാനങ്ങള്‍ വളര്‍ന്നതോ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. മറ്റുള്ളവര്‍ നമ്മേക്കാള്‍ വളരുന്നു എന്നതു തന്നെയാണ് ഉത്തരം. കൂടുതല്‍ സൗകര്യങ്ങളോടെ മുമ്പത്തേക്കാള്‍ കായികത്തിനു പ്രാധാന്യം നല്കി അവര്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു.
രാജ്യത്തിന് അഭിമാനമായി നിരവധി താരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയുടെ കായിക ഫാക്ടറിയായ കേരളം പിന്നോക്കം പോയിക്കൂടാ. കൂടുതല്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് കായികരംഗത്ത് നടപ്പിലാക്കാന്‍ സര്‍ക്കാരും കായിക സംഘടനകളും മുന്നോട്ടുവരണം.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയവും പോലുള്ള അന്താരാഷ്്ട്ര സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാന്‍ സാധിച്ചത് കഴിഞ്ഞ 60 വര്‍ഷത്തെ വലിയ നേട്ടമാണ്.കായിക പദ്ധതികള്‍ക്കായി കൂടുതല്‍ തുക ബജറ്റില്‍ വകയിരുത്താന്‍ സര്‍ക്കാരുകള്‍ ശ്രദ്ധിക്കുന്നത് ശുഭോതര്‍ക്കമാണ്. എന്നാല്‍, അസോസിയേഷനുകളിലെ രാഷ്ട്രീയവും മറ്റും കളിയുടെ വളര്‍ച്ചയ്ക്കു ദോഷകരമാണ്.
ഹോക്കിയില്‍ ഇവര്‍ മാനുവല്‍ ഫ്രെഡറിക്സ്്
കായികകേരളത്തിന്റെ നെറുകയില്‍ ഒറ്റയാന്റെ തലയെടുപ്പോടെ നില്‍ക്കുകയാണ് കണ്ണൂര്‍ ബര്‍ണശേരി സ്വദേശി മാനുവല്‍ ഫ്രെഡറിക്സ്. ഒളിമ്പിക്സ് മെഡല്‍ കഴുത്തിലണിയാന്‍ ഭാഗ്യമുണ്ടായ ഒരേയൊരു മലയാളി. 1972ലെ മ്യൂണിക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്നു മാനുവല്‍. തൊട്ടടുത്ത വര്‍ഷം ആംസ്റ്റര്‍ഡാം ലോകകപ്പില്‍ വെള്ളി മെഡല്‍ നേടിയ ടീമിലും മാനുവലുണ്ടായിരുന്നു. പതിനൊന്നാം വയസില്‍ ഹോക്കി സ്റ്റിക്കേന്തിയ മാനുവല്‍ ഏഴുവര്‍ഷം ദേശീയ ടീമിന്റെ ഗോള്‍വലയം കാത്തു. 15 വര്‍ഷം ആര്‍മി സപ്ലൈ കോറിന്റെ ജഴ്സിയണിഞ്ഞ മാനുവല്‍ ടീമിനെ 21 പ്രധാന ടൂര്‍ണമെന്റുകളില്‍ ജേതാക്കളാക്കി. നാലുവര്‍ഷം സര്‍വീസസിന്റെ ജഴ്സിയണിഞ്ഞു. മോഹന്ബഗാന് വേണ്ടിയും കളിച്ചിട്ടുണ്ട്. കായികരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് ഒളിമ്പ്യന്‍ സുരേഷ് ബാബുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് മാനുവലിനായിരുന്നു.
പി.ആര്. ശ്രീജേഷ്
ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനാകാന്‍ ഭാഗ്യമുദിച്ച ആദ്യ മലയാളിയാണ് എറണാകുളം കിഴക്കമ്പലം സ്വദേശി ശ്രീജേഷ്. രാജ്യത്തിന്റെ വിശ്വസ്ത കാവല്‍ഭടനായ ശ്രീജേഷാണ് റിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ നയിച്ചത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടവും ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളിമെഡലും ശ്രീജേഷിന്റെ നായകത്വത്തില്‍ ഇന്ത്യ നേടി. 2014ല്‍ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലും അംഗമായി. 16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ ഹോക്കി ചാമ്പ്യന്മാരാകുന്നത്. 2008ല്‍ ഇന്ത്യ ജൂണിയര്‍ ഏഷ്യാകപ്പ് കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പറായിരുന്നു ശ്രീജേഷ്. 2012ലെ ലണ്ടന്‍ ഒളിമ്പിക്സിലും ഗോള്‍വലയം കാത്തും. 2015ല്‍ റായ്പൂരില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗിലും 2014ല്‍ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും വെങ്കലം നേടി.