ടോക്കിയോ: ഹോക്കിയിൽ നീലക്കുപ്പായക്കാർ പുതുചരിത്രമെഴുതിയപ്പോൾ കേരളത്തിനും ഇത് അഭിമാന നിമിഷം.
ഗോൾ പോസ്റ്റിനു കീഴെ വൻമതിലായിനിന്ന് ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ശ്രീജേഷിലൂടെ അഞ്ച് പതിറ്റാണ്ടുകൾക്കു ശേഷം കേരളവും മെഡൽ സ്വന്തമാക്കിയിരിക്കുന്നു.
1972-ല്‍ മാനുവല്‍ ഫ്രെഡറിക്സ് ഉള്‍പ്പെട്ട ഹോക്കി ടീം വെങ്കലം നേടിയശേഷം കേരളീയര്‍ക്ക് ഒളിമ്പിക്സ് വേദിയില്‍ അഭിമാനിക്കാന്‍ ഒരു മുഹൂര്ത്തമുണ്ടായിട്ടില്ല.
ഇതാ, മറ്റൊരു ഹോക്കി ഗോൾകീപ്പർ ചരിത്രത്തിന്റെ നിയോഗമെന്നപോലെ ആ സങ്കടത്തെ വെങ്കലത്തിളക്കമായിരിക്കുന്നു. ഇതോടെ ഒളിമ്പിക്സിൽ മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയായി ശ്രീജേഷ് മാറി.
ടോക്കിയോയിലെ ഇന്ത്യയുടെ ചരിത്രയാത്രയിൽ ഉടനീളം ശ്രീജേഷിന്റെ മിന്നൽസേവുകളാണ് മുന്നോട്ടുള്ള കുതിപ്പിന് തുണയായത്.
വെങ്കലപ്പോരാട്ടത്തിൽ ജർമനിക്കെതിരെ ഇന്ത്യൻ പ്രതിരോധം സ്കൂൾകുട്ടികൾപോലും വരുത്താത്ത പിഴവുകളിലൂടെ ആടിയുലഞ്ഞപ്പോഴൊക്കെ ഗോൾ വീഴാതെ കാത്തു.
ആദ്യ ക്വാർട്ടറിൽ മൂന്നു ഗോളുകൾ വഴങ്ങേണ്ടിവന്നതും പ്രതിരോധത്തിന്റെ പിഴവായിരുന്നു. തുടരെ ആക്രമണം അഴിച്ചുവിട്ട ജർമിന പത്തോളം പെനാൽറ്റി കോർണറുകളാണ് നേടിയെടുത്തത്.
അതിൽ പലതും ഗോളാകാതെ വഴിമാറിപ്പോയത് ഗോൾ പോസ്റ്റിനു കീഴിലെ ശ്രീജേഷിന്റെ സൂപ്പർ പെർഫോമൻസിലൂടെയായിരുന്നു.
അവസാന അഞ്ച് മിനിറ്റിൽ രണ്ട് പെനാൽറ്റി കോർണറാണ് ഇന്ത്യ വഴങ്ങിയത്. ജർമനിയുടെ രണ്ട് ശ്രമങ്ങളും ശ്രീജേഷ് തടുത്തിട്ടു. ടൈമർ നിലച്ച നേരം ഇന്ത്യക്കാർ ആർപ്പിട്ടിട്ടുണ്ടാവും, സൂപ്പർമാൻ ശ്രീജേഷ്.