ലോകമെമ്പാടും പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന് മാതൃകാപരമായ മുന്നൊരുക്കങ്ങള്‍ നടത്തിയ കേരളത്തിന് അന്താരാഷ്ട്ര തലത്തില്‍ പ്രശംസ.
പ്രമുഖ ചാനലായ ബിബിസി സംഘടിപ്പിച്ച വര്‍ക്ക് ലൈഫ് ഇന്ത്യ എന്ന ചാനല്‍ ചര്‍ച്ചക്കിടെയാണ് മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന പരാമര്‍ശം നടന്നത്.
പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍, ചൈനീസ് മാധ്യമപ്രവര്‍ത്തകരായ ക്യുയാന്‍ സുൻ, സുബോധ് റായ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
നിപയും സിക്കയും പോലുള്ള ഏറെ ഭയാനകരായ വൈറസ് ബാധയെ കേരളം പ്രതിരോധിച്ചതും കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്താണ് പഠിക്കേണ്ടതെന്നും അവതാരിക ചോദിച്ചു.
ഇതിന് ഉത്തരമായി കേരളത്തിലെ ആശുപത്രികള്‍ മാത്രമല്ല, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങളും വളരെ മികവുറ്റതാണെന്നും ഡോ. ഷാഹിദ് ജമീല്‍ പറഞ്ഞു.
ആരോഗ്യമേഖലയില്‍ കേരളം വളരെ മികച്ച മാതൃകയാണ്. കേരളത്തിലെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും വളരെയധികം മികച്ചതാണ്.
കൂടാതെ രോഗം തുടക്കത്തിലെ തന്നെ കണ്ടെത്തുന്നതിനും ചികിത്സിച്ച് ഭേദമാക്കുന്നതിനും കേരളത്തിലെ ആരോഗ്യരംഗം സ്വീകരിക്കുന്ന നടപടി പ്രശംസനീയമാണ്. അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത മൂന്ന് വൈറസ് ബാധയും ചൈനയില്‍ നിന്നും വന്ന മലയാളികള്‍ക്കായിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദപ്പെട്ട ഇവര്‍ വീട്ടിലേക്ക് മടങ്ങി.