തൃക്കരിപ്പൂർ: കേരളപിറവിദിനത്തിന്റെ അറുപത്തിയൊന്നാം പിറന്നാൾ ഇന്ന് നാടെങ്ങും ആഘോഷിക്കുന്പോൾ നിർമാണത്തൊഴിലാളിയായ തിമിരിയിലെ കേരളനും അറുപത്തിയൊന്നാം പിറന്നാളിന്റെ അഭിമാനം. മനത്തടത്തിലെ പരേതനായ തോട്ടോൻ കേളുവിന്റെയും വടക്കത്തി നാരായണിയുടെയും 11 മക്കളിൽ മൂത്തവനായ കേരളൻ പിറന്നത് 1956 നവംബർ ഒന്നിന്.
കേരളപ്പിറവിദിനത്തിൽ സാക്ഷാൽ എകെജി തന്നെയാണ് കുഞ്ഞിന് ’കേരളൻ’ എന്നു പേരിട്ടതും. കമ്യൂണിസ്റ്റ് കർഷകസംഘം പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ തിമിരിയിൽ അക്കാലത്തെ സജീവ പ്രവർത്തകനായിരുന്നു തോട്ടോൻ കേളു. കർഷകസംഘം നേതാവ് ടി.കെ. ചന്തന്റെ സന്തതസഹചാരിയും.
കേരളപിറവിദിനത്തിൽ കേളുവിന് ആണ്‍കുട്ടി പിറന്നത് സഹപ്രവർത്തകരും അന്ന് ആഘോഷിച്ചു. മനത്തടത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പൊതുയോഗത്തിൽ പ്രസംഗിക്കാനെത്തിയ എകെജി യോട് കേരളപിറവിദിനത്തിൽ പിറന്ന സഖാവിന്റെ കുഞ്ഞിന് പേര് വിളിക്കാൻ ടി.കെ. ചന്തൻ ആവശ്യപ്പെട്ടു.
പാവങ്ങളുടെ പടത്തലവനായ എകെജി യാണ് ’കേരളൻ’ എന്ന പേര് വിളിച്ചത്. അതുകൊണ്ടുതന്നെ കേരളൻ നാട്ടുകാർക്ക് പ്രിയപ്പെട്ടവനുമായി. ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാംതരംവരെ കേരളൻ പഠിച്ചു. പിന്നീട് തൊഴിലിടത്തിലേക്കിറങ്ങി. ക്വാറിയിലായിരുന്നു തുടക്കത്തിൽ. പിന്നീട് കെട്ടിടനിർമാണ മേഖലയിലേക്ക് മാറി. കഴിഞ്ഞ 15 വർഷമായി ചെങ്കല്ലുകെട്ട് മേഖലയിലാണ്. അറുപത്തിയൊന്നിലും യുവത്വത്തിന്റെ ചുറുചുറുക്കുമായി കർമ രംഗത്ത് സജീവമാണ് ഇദ്ദേഹം.