തിരുവനന്തപുരം: വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
അടുത്ത 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും തുടർന്നുള്ള ദിവസങ്ങളിൽ 24 മണിക്കൂറിൽ 20 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കുമാണ് സാധ്യത.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനമാണു കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെടാനിടയാക്കിയത്. കാലവർഷം ഇക്കുറി നേരത്തെ എത്തിയെങ്കിലും ആദ്യ ആഴ്ചകളിൽ പൊതുവെ ദുർബലമായി തുടരുകയായിരുന്നു.
കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാഴാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയു ളള ജില്ലകളിൽ ഇന്നും നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് ഭാഗത്തും വ്യാഴാഴ്ച വരെ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പുണ്ട്.