പോൾ മാത്യു
തൃശൂർ: പോലീസിനു പുതുതായി 192 വാഹനങ്ങൾ വാങ്ങുന്നു. ഇതിനായി 20.43 കോടി രൂപ അനുവദിച്ചു.
2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നതെന്നു വിവരാവകാശരേഖ പ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
ലൈറ്റ് മോട്ടോർ വെഹിക്കിൾ(എൽഎംവി)-146, എൽഎംവി ഫോർ വീൽ ഡ്രൈവ്-20, ബസുകൾ-മൂന്ന്, വലിയ ബസുകൾ-രണ്ട്, ആംബുലൻസ്-രണ്ട്, വാട്ടർ ടാങ്ക്-രണ്ട്, ലോറികൾ-നാല്, പിങ്ക് കണ്ട്രോൾ വാഹനങ്ങൾ-ഏഴ് എന്നിങ്ങനെയാണ് വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
പോലീസിനു നിലവിലുള്ള വാഹനങ്ങൾ പലപ്പോഴും ഗവർണർക്കും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും വിഐപികൾക്കുമൊക്കെ എസ്കോർട്ട് പോകേണ്ട സാഹചര്യമാണ്.
കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതും, കേസുകൾ കൂടുതലുള്ളതുമായ സ്റ്റേഷനുകളിലൊക്കെ രണ്ടു ജീപ്പുകൾ വീതം നല്കിയിട്ടുണ്ടെങ്കിലും ഇപ്പോൾ പല സ്റ്റേഷനുകളിലും ആവശ്യത്തിനു വാഹനങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ട്.
പ്രത്യേകിച്ച് എസ്കോർട്ടിനു വാഹനമുപയോഗിച്ചാൽ, എന്തെങ്കിലും പെട്ടെന്നു സംഭവിച്ചാൽ പോലീസുകാർക്ക് എത്തിച്ചേരാൻ മറ്റു മാർഗങ്ങൾ നോക്കേണ്ടിവരും. അതിനാലാണ് കോടികൾ മുടക്കി പുതിയ വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ സംസ്ഥാനത്തു പോലീസിന് 6394 വാഹനങ്ങളാണുള്ളത്. ഇതിൽ ബോട്ടും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടും. 98 ജീപ്പുകളും 310 ബസുകളും 172 ടൊയോട്ട ഇന്നോവകളുമുണ്ട്.
ഇൻഷ്വറൻസ് പരിരക്ഷ എല്ലാ പോലീസ് വാഹനങ്ങൾക്കുമുണ്ട്. റോഡ് ടാക്സ് ഒഴിവാക്കിയിരിക്കുന്നതിനാൽ വൻതുക തന്നെ പുതിയ വാഹനങ്ങൾ വാങ്ങുന്പോൾ കുറവു കിട്ടും.
ഇന്നോവ പോലുള്ള ആഡംബര വാഹനങ്ങൾ ഒഴിവാക്കി ഇത്തവണ പോലീസിന് ഏറ്റവും ഉപയോഗപ്രദമായവ വാങ്ങാനാണ് തീരുമാനം.
അക്രമങ്ങൾ വർധിച്ചുവരുന്നതിനാൽ പോലീസ് സേനയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവും വാഹനങ്ങൾ വാങ്ങുന്നതിനു പിന്നിലുണ്ട്.