സ്വന്തം ലേഖകൻ
തൃശൂർ: ആഭ്യന്തരവകുപ്പിനും കേരള പോലീസിനും നാണക്കേടുണ്ടാക്കി തൃശൂരിലെ പോലീസിന്റെ കള്ളക്കളി. സ്വന്തം കൂട്ടത്തിലുള്ള പോലീസുകാരനെ കള്ളക്കേസിൽ കുടുക്കി ഒറ്റിയ സിഐയുടെ നാടകവും കള്ളക്കഥയും പൊളിഞ്ഞതോടെ സിഐയെ സംരക്ഷിക്കാൻ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥരും വെട്ടിലായി.
പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് എസ്ഐക്കെതിരേ നെടുപുഴ സിഐ ചുമത്തിയത് കള്ളക്കേസ് ആണെന്ന് തെളിഞ്ഞു. എസ്ഐയുടെ രക്ത സാമ്പിളുകളുടെ പരിശോധനാ ഫലത്തിൽ എസ്ഐ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി.
ഇതോടെ കള്ളക്കേസെടുത്ത സിഐയും എസ്ഐ കുറ്റം ചെയ്തിട്ടില്ലെന്ന റിപ്പോർട്ട് പൂഴ്ത്തിയ ഉദ്യോഗസ്ഥരും വെട്ടിലായി. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സംഭവത്തിന്റെ നിജസ്ഥിതി തേടിക്കഴിഞ്ഞു.
എസ്ഐയെ കുടുക്കാൻ കള്ള കേസ് മെനഞ്ഞ സിഐക്കെതിരെ കടുത്ത ശിക്ഷാ നടപടി വരുമെന്ന് ഉറപ്പായിട്ടുണ്ട്. സിഐയെ സംരക്ഷിക്കാൻ ശ്രമിച്ചവരും കുടുങ്ങും.
കള്ളക്കഥ, തിരക്കഥ, സംഭാഷണം സംവിധാനം നെടുപുഴ സിഐ
തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ആമോദ് പൊതുസ്ഥലത്ത് മദ്യപിച്ചതായി നെടുപുഴ സിഐ കേസെടുത്തിരുന്നു. ജൂലൈ 30നാണ് സംഭവം ഉണ്ടായത്.
അവധി ആയതിനാൽ ആമോദ് വടൂക്കരയിലെ ചാണപ്പട്ടയിൽ സദാനന്ദൻ എന്ന ആളുടെ പലചരക്ക് കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി എത്തുകയും ഇവിടെവച്ച് ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ അതുവഴി എത്തിയ നെടുപുഴ സിഐ ടി.ജി ദിലീപ് കുമാറും സംഘവും ആമോദിനെ കണ്ട് അവിടെ ഇറങ്ങുകയും പൊതു സ്ഥലത്ത് മദ്യപിക്കുകയാണോ എന്ന് സിഐ ആമോദിനോട് ചോദിക്കുകയും ചെയ്തു.
താൻ മദ്യപിച്ചിട്ടില്ലെന്ന് ആമോദ് മറുപടി നൽകിയെങ്കിലും സിഐ പലചരക്ക് കടയുടെ അടുത്തുള്ള ഗോഡൗണിൽ കയറി പരിശോധന നടത്തുകയും അവിടെനിന്ന് പാതി ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടെത്തുകയും ചെയ്തു.
എന്നാൽ ഇത് താൻ കഴിച്ചതല്ലെന്നും താൻ മദ്യപിച്ചിട്ടില്ലെന്നും എസ്ഐ ആമോദ് ആവർത്തിച്ചു പറഞ്ഞെങ്കിലും ഇത് ചെവി കൊള്ളാതെ സിഐ ആമോദിനെ ജീപ്പിൽ കയറ്റി തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ആമോദിന് മദ്യത്തിന്റെ ഗന്ധം ഇല്ല എന്ന് അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യുകയും അത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ ആമോദിന്റെ രക്തസാമ്പിളുകൾ പരിശോധിക്കണം എന്ന് സിഐ ആവശ്യപ്പെടുകയും എസ് ഐ ആമോദ് ഇത് സമ്മതിക്കുകയും തുടർന്ന് ആമോദിന്റെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കെടുക്കുകയും ചെയ്തു. രക്തസാമ്പിൾ പരിശോധനയ്ക്ക് എടുത്തശേഷം തിരികെ സ്റ്റേഷനിലെത്തിച്ചു. തുടർന്ന് 12 മണിക്കൂറിനകം ആമോദിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
വെള്ളം ചേർക്കാത്ത പരിശോധനാഫലം
കൊച്ചിയിലെ കെമിക്കൽ ലാബിൽ പരിശോധനയ്ക്ക് അയച്ച എസ്ഐ രക്ത സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എസ്ഐയുടെ രക്തസാമ്പിളുകളിൽ മദ്യത്തിന്റെ അംശമില്ല എന്നാണ് റിപ്പോർട്ട്.
ഉന്നതർ അവഗണിച്ച റിപ്പോർട്ട്
നെടുപുഴ സി ഐ ക്രൈം ബ്രാഞ്ച് എസ്ഐ ആമോദിനെതിരെ എടുത്തിട്ടുള്ളത് കള്ളക്കേസാണെന്ന് സംസ്ഥാന-ജില്ലാ സ്പെഷല് ബ്രാഞ്ചുകൾ അന്നുതന്നെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അടക്കമുള്ളവർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ ഇത് മുഖവിലക്കെടുക്കാതെ രക്ത സാമ്പിൾ പരിശോധന ഫലം വരട്ടെ എന്ന നിലപാടിൽ ആയിരുന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥർ.
സസ്പെൻഷൻ തുടരുന്നു
സസ്പെൻഷനിലായ ആമോദ് ഇപ്പോഴും സർവീസിൽ തിരിച്ചു കയറിയിട്ടില്ല. ആമോദിനെതിരെ എടുത്തത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര് റേഞ്ച് ഡിഐജി അജിതാ ബീഗത്തിന് എസ്ഐയുടെ കുടുംബം പരാതി നല്കി.
ഡിഐജിയും സിറ്റി പോലീസ് കമ്മിഷണറും അന്വേഷണത്തിന് ഒത്തൊരു വിട്ടെങ്കിലും കാര്യമായ നടപടി ഒന്നും ഉണ്ടായില്ല. ആമോദിന്റെ കുടുംബം മുഖ്യമന്ത്രിക്കും പരാതി നൽകിയതിൽ അടിയന്തര നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആമോദിന്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള നടപടികൾ ഒന്നും തന്നെ ആയില്ല.
കണ്ണീരോടെ എസ്ഐയുടെ കുടുംബം മുഖ്യമന്ത്രിക്ക് മുന്നിൽ
കഴിഞ്ഞദിവസം തൃശൂരിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ രാമനിലയം ഗസ്റ്റ് ഹൗസിൽ വച്ച് ആമോദിന്റെ കുടുംബാംഗങ്ങൾ കാണുകയും നടപടി പിൻവലിക്കാൻ അപേക്ഷിക്കുകയും ചെയ്തു.
തുടർന്ന് മുഖ്യമന്ത്രി വിഷയത്തിന്റെ നിജസ്ഥിതി അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു. അതിനിടെയാണ് ഇപ്പോൾ രക്ത സാമ്പിളുകളുടെ പരിശോധന ഫലം പുറത്തുവന്നത്.
എസ് ഐ യുടെ ഭാര്യ ആദ്യം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷൽ ബ്രാഞ്ച് വിശദമായ അന്വേഷണം നടത്തുകയും സിഐക്കൊപ്പമുണ്ടായിരുന്ന പോലീസുകാരന്റെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു .