ഋഷി
തൃശൂർ: കണ്ടും കേട്ടും കൊണ്ടുമറിഞ്ഞ കേരള പോലീസിനെ ഇനി വായിച്ചറിയാം. കേരള പോലീസിനെക്കുറിച്ചുള്ള ബൃഹദ്ഗ്രന്ഥം പുറത്തിറക്കുന്നതിന്റെ നടപടികൾ കേരള പോലീസ് ആരംഭിച്ചു. കേരള പോലീസിന്റെ ചരിത്രം, നേട്ടങ്ങൾ, ശ്രദ്ധേയമായ സംഭവങ്ങൾ, പ്രശസ്തവ്യക്തികൾ എന്നീ വിവരങ്ങളും ചിത്രങ്ങളുമെല്ലാം സഹിതം ഒരു കോഫി ടേബിൾ ബുക്ക് മാതൃകയിലാണ് ബൃഹദ്ഗ്രന്ഥം ഇംഗ്ലീഷിൽ തയ്യാറാക്കുന്നത്.പുസ്തകത്തിന്റെ രൂപകൽപ്പനയ്ക്കും പ്രസിദ്ധീകരണത്തിനുമായി പ്രശസ്ത അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഓണ്‍ലൈൻ ടെണ്ടറുകൾ ക്ഷണിച്ചു കഴിഞ്ഞു.
കേരള പോലീസിന്റെ രൂപീകരണത്തിന് മുന്‍പുള്ള ചരിത്രവും മലബാറും തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങളും ലയിച്ച് കേരളം യാഥാർഥ്യമായതോടെ കേരള പോലീസ് രൂപീകരിച്ചതും പതിറ്റാണ്ടുകളായുള്ള കേരള പോലീസിന്റെ പ്രവർത്തനങ്ങളും സേനയുടെ വ്യത്യസ്ത വിഭാഗങ്ങളും എല്ലാം പുസ്തകത്തിൽ പരാമർശിക്കും. ഇംഗ്ലീഷിലാണ് പുസ്തകം തയ്യാറാക്കുക. 2500 കോപ്പികളാണ് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അസം റൈഫിൾസ് ഇത്തരമൊരു പുസ്തകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.