സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആദ്യത്തെ മീം സൈലന്റാണ്, രണ്ടാമത്തേത് ഞങ്ങളുടെ കർത്തവ്യം നിറവേറ്റൽ.
ബാക്കി ചിത്രത്തിന്റെ തുടർ രംഗങ്ങളും ഭാവനയും കൊണ്ട് ആലോചിച്ചു സമ്പന്നമാക്കണ്ടെന്ന ട്രോളിലെ മുന്നറിയിപ്പുകളൊന്നും പൊങ്കാലയിടാൻ വന്ന ഫാൻസുകാർ വിലകൽപ്പിച്ചില്ല.
ഒടുവിൽ പവനായി പോസ്റ്റും കൊണ്ട് മുങ്ങുകയും ചെയ്തു. കുത്സിത പ്രവർത്തനങ്ങൾ കണ്ടാൽ ഇനിയും ഇടിക്കുമെന്ന ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ രംഗം ട്രോളിട്ട കേരളാ പോലീസ് മണിക്കൂറുകൾക്കുള്ളിലാണ് പോസ്റ്റ് മുക്കിയത്.
ട്രെയിൻ യാത്രക്കാരനെ ചവിട്ടിക്കൂട്ടിയതിന്റെയും വിദേശിയുടെ മദ്യം ഒഴുക്കി കളഞ്ഞതിന്റെയും ക്ഷീണം തീർക്കാൻ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ സ്ക്രീൻ ഷോട്ടുകൾ പോസ്റ്റാക്കിയ പോലീസ് മാമന്മാർക്ക് പോസ്റ്റിനു കീഴിലെ മാരക ചോദ്യങ്ങൾക്ക് മറുപടി പറയാനായില്ല.
വിമർശനം വ്യാപകമായതോടെ ഇന്നലെ തന്നെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
പ്രതികളെ പൊലീസ് സ്റ്റേഷനില്‍ വെച്ച് തല്ലുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ വരുന്ന വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകയോട് നിവിന്‍ പോളി അവതരിപ്പിക്കുന്ന എസ്ഐ ബിജു എന്ന കഥാപാത്രം സംസാരിക്കുന്ന രംഗത്തിന്റെ മീം ആണ് കേരള പോലീസ് പങ്കുവെച്ചത്.
ഒരാളെ തല്ലിച്ചതയ്ക്കാന്‍ പോലീസിന് എന്ത് അധികാരമാണ് ഉള്ളതെന്ന മനുഷ്യാവകാശ പ്രവര്‍ത്തകയുടെ ചോദ്യമാണ് ആദ്യത്തെ സൈലന്റ് മീം
ഇതിനു എസ്ഐ ബിജു നൽകുന്ന മറുപടി രണ്ടാമത്തേതും. അല്ലയോ മഹാനുഭാവാ, താങ്കൾ എന്തിനാണ് ഇത്തരം കുത്സിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതെന്നു കുറ്റവാളികളോടു ചോദിക്കണോ, ഇങ്ങനെയുള്ളവരെ ഇനിയും ഇടിക്കുമെന്നു ബിജു സിനിമയിൽ പറയുന്നതു വ്യംഗ്യം.
മദ്യലഹരിയിൽ ട്രെയിനിൽ യാത്രചെയ്ത പൊന്നൻ ഷമീർ എന്ന യാത്രക്കാരനെ എഎസ്ഐ ബൂട്ടിട്ടു ചവിട്ടുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഇതിനെതിരേ വ്യാപക പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ അടക്കം ഉയരുന്നതിനിടെയാണ് പോലീസ് അതിക്രമങ്ങളെ ന്യായീകരിച്ചുള്ള പോലീസിന്റെ ട്രോളിട്ടത്.