കൊച്ചി: കേരളത്തിലെ റോഡുകൾ വിഐപികൾ വരുന്പോൾ മാത്രം എങ്ങനെയാണു നന്നാവുന്നതെന്ന് ഹൈക്കോടതി. ഇതിനായി പ്രത്യേക ഫണ്ടുണ്ടെന്ന സർക്കാരിന്റെ മറുപടിക്ക് ഇതൊന്നും സാധരണക്കാർക്ക് ബാധകമല്ലേയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു.
എറണാകുളം ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ സബർബൻ ട്രാവൽസ് ഉടമ സി.പി. അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം.
റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിത്തിരിച്ച യുവാവ് ബസിടിച്ചു മരിച്ച സംഭവം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഒരാൾ മരിച്ചിട്ടും എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ആരും അനങ്ങാത്തതെന്നും ആരാഞ്ഞു. വീട്ടിൽനിന്നിറങ്ങുന്നവർ ജീവനോടെ തിരിച്ചെത്തുമെന്ന് എന്തുറപ്പാണ് നിലവിലുള്ളത് ? ഞങ്ങൾ ജഡ്ജിമാർ കാറിൽ യാത്ര ചെയ്യുന്നതിനാൽ എല്ലാക്കാര്യങ്ങളും അറിയുന്നില്ല. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിൽ വീഴ്ച വരുത്തിയ എത്ര ഉദ്യോഗസ്ഥർക്കെതിരേ ഇതുവര പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചു?, 2008 മുതൽ ഹൈക്കോടതിയിലുള്ള ഹർജിയാണ്.
11 വർഷമായിട്ടും കൊച്ചി മാറിയില്ല. റോഡുകളിലെ ഓരോ കുഴിയും ഇല്ലാതാക്കാനുള്ള നടപടിയാണു വേണ്ടത്.ആളുകൾ കുഴിയിൽ വീണു മരിക്കുന്നു. യാത്രക്കാരുടെ കാലൊടിയുന്നു. എന്തിനാണ് ജനങ്ങൾ ഇതൊക്കെ അനുഭവിക്കുന്നത് ? – സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു. എറണാകുളം ജില്ലയിലെ റോഡുകളുടെ ദുരവസ്ഥ പരിഹരിക്കാൻ എത്ര സമയം വേണമെന്ന് തദ്ദേശ ഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, കൊച്ചി നഗരസഭ എന്നിവർ ഇന്നുതന്നെ അറിയിക്കണം. വീഴ്ചകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർ കനത്തവില നൽകേണ്ടി വരുമെന്നും ഹൈക്കോടതി ഓർമപ്പെടുത്തി. തുടർന്ന് ഹർജി ഇന്നു പരിഗണിക്കാൻ മാറ്റി.
എറണാകുളം നഗരത്തിൽ ഡച്ച് രാജാവും രാജ്ഞിയും കൊച്ചി നഗരം സന്ദർശിക്കുന്നതിനു മുന്നോടിയായി റോഡുകളിലെ കുഴിയടക്കൽ തിരക്കിട്ട് പൂർത്തിയാക്കിയിരുന്നു. ഇക്കാര്യം പേരെടുത്തു പരാമർശിക്കാതെയാണ് ഹൈക്കോടതിയുടെ വിമർശനം.
നേരത്തെ ഹർജി പരിഗണിച്ചപ്പോൾ, റോഡുകളുടെ അറ്റകുറ്റപ്പണികളിൽ വീഴ്ച വരുത്തുന്നവർക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചതു ഹർജിക്കാരന്റെ അഭിഭാഷകൻ ബോധിപ്പിച്ചിരുന്നു. തുടർന്ന് ജില്ലാ കളക്ടറെ ഹൈക്കോടതി സ്വമേധയാ കേസിൽ കക്ഷി ചേർത്തിരുന്നു. കൊച്ചി നഗരസഭയും ഹർജിയിൽ എതിർ കക്ഷിയാണ്.