കൊച്ചി: ടൂറിസം മേഖലയില്‍ കൂടുതൽ നിക്ഷേപത്തിന് കേരളത്തിൽ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍. വൈവിധ്യങ്ങളാണു കേരള ടൂറിസത്തിന്റെ കരുത്തെന്നും വ്യത്യസ്ത മേഖലകളിലെ നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതമെന്നും ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.
ടൂറിസം മേഖലയില്‍ ക്രമാനുഗതമായ വളര്‍ച്ച നേടാനും നിക്ഷേപം ആകര്‍ഷിക്കാനും സംസ്ഥാനത്തിന് സാധിക്കുന്നുണ്ട്. കേരളം എന്ന അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ മൂല്യത്തിലാണ് ഇനി ലക്ഷ്യം വയ്ക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി. മികച്ച കണക്ടിവിറ്റി, ഹോസ്പിറ്റാലിറ്റി, ഉയര്‍ന്ന നൈപുണ്യശേഷി, അടിസ്ഥാന സൗകര്യങ്ങള്‍, ഗുണനിലവാരമുള്ള സേവനം എന്നിവയെല്ലാം കേരളത്തെ നിക്ഷേപസൗഹൃദമാക്കുന്ന ഘടകങ്ങളാണ്. പുതിയ ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തുന്നതിന് പ്രാധാന്യം നല്‍കണം. വിനോദസഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധന സ്ഥിരമായി നിലനിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതും പ്രധാനമാണ്.
“സുസ്ഥിര ടൂറിസത്തിന്റെയും ഉത്തരവാദിത്ത വ്യവസായത്തിന്റെയും കേന്ദ്രം’’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിൽ കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറി സുമന് ബില്ല മുഖ്യപ്രഭാഷണം നടത്തി. 30 വര്‍ഷമായി ടൂറിസം മേഖലയില്‍ നേടിയ ഘട്ടം ഘട്ടമായുള്ള വളര്‍ച്ചയിലൂടെയാണു നിക്ഷേപ സൗഹൃദ ഡെസ്റ്റിനേഷനായി കേരളം മാറിയതെന്നും ഹരിത ഡെസ്റ്റിനേഷന്‍ എന്നതു കേരളത്തിന്റെ പ്രധാന ആകര്‍ഷണമാണെന്നും സുമന് ബില്ല പറഞ്ഞു.