അമ്പലപ്പുഴ: യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ അക്രമം നടത്തിയ പ്രതികൾക്ക് തണലേകി സർക്കാരും പോലീസും. മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാതെ പോലീസ്. പ്രതികൾക്കായുള്ള അന്വേഷണം രാഷ്്ട്രീയ സമ്മർദത്തെത്തുടർന്ന് അവസാനിപ്പിച്ചിരിക്കുകയാണ് പോലീസ്.
അമ്പലപ്പുഴയിൽ നടന്ന കേരള സർവകലാശാല കലോൽസവത്തിലുണ്ടായ സംഘർഷത്തിലെ എസ്എഫ്ഐ പ്രവർത്തകരായ പ്രതികളാണ് ഇപ്പോഴും ഒളിവിലുള്ളത്.
ഉന്നത രാഷ്്ട്രീയ സമ്മർദത്തെത്തുടർന്ന് പ്രതികളെ പിടികൂടാതെ പോലീസ് ഒത്തുകളിക്കുകയാണ്. അഞ്ച് ദിവസങ്ങളിലായി അമ്പലപ്പുഴ ഗവ. കോളജ് പ്രധാന വേദിയായി നടന്ന കലോത്സവത്തിന്റെ അവസാന രണ്ട് ദിവസങ്ങളിലാണ് സംഘർഷം നടന്നത്.
അവസാന ദിവസം പോലീസുമായി എസ്എഫ്ഐ പ്രവർത്തകർ സംഘർഷം നടത്തിയിരുന്നു.എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ സിപിഎമ്മിലെ ബ്ലോക്ക് പഞ്ചായത്തംഗത്തിനും മത്സരാർഥിയായ വിദ്യാർഥിനിക്കും മാതാവിനും പരിക്കേറ്റിരുന്നു.
സിഐ ഉൾപ്പെടെ ചില പോലീസുദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. അക്രമത്തിനുശേഷം കോളേജിലെ നിരീക്ഷണ കാമറയും മോഷണം പോയിരുന്നു.
എന്നിട്ടും പ്രതികളായ എസ്എഫ്ഐ പ്രവർത്തകരെ പിടികൂടാൻ പോലീസിന് ഭയമായിരിക്കുകയാണ്. സിപിഎമ്മിലെ ചില ഉന്നത നേതാക്കൾ പോലീസിലെ ചില മുതിർന്ന ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കിയതോടെയാണ് അറസ്റ്റ് വൈകുന്നത്.
ഇതിൽ അമ്പലപ്പുഴയിലെ ചില സിപിഎം നേതാക്കളും അമർഷത്തിലാണ്.ബ്ലോക്ക് പഞ്ചായത്തംഗത്തെ മർദിച്ചിട്ടും പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്നാണ് ഒരു വിഭാഗം പറയുന്നത്.
പോലീസിന് മർദനമേറ്റിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് പോലീസിലും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. സിപിഎം, എസ്എഫ്ഐ നിയന്ത്രണത്തിലാണ് കലോത്സവം നടന്നത്.
ഇത് അലങ്കോലമാക്കാൻ ചില സിപിഎം നേതാക്കൾ ശ്രമിച്ചതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്.സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്ഐ, ഡി വൈ എഫ് ഐ പ്രവർത്തകർക്കെതിരെ കേസ് എടുത്തതാണ് സംഘാടക സമിതിയെ ചൊടിപ്പിച്ചിരിക്കുന്നത്.
സംഘർഷം സിപിഎമ്മിനെ രണ്ട് തട്ടാക്കി മാറ്റിയിരിക്കുകയാണ്. അക്രമം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു പ്രതിയെപ്പോലും പിടികൂടാൻ കഴിയാത്ത അമ്പലപ്പുഴ പോലീസ് സിപി.എം നേതൃത്വത്തിന്റെ ചട്ടുകമായി മാറിയെന്നാണ് ആരോപണം. ഇതിനിടെ മുൻ മന്ത്രി ജി.സുധാകരനും പ്രതികളെ പിടികൂടാത്തതിൽ പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു.