തൃശൂർ: കേരള ആരോഗ്യ സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്ററ്റ് ഹാജരാക്കി ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന യുവതിക്ക് സർട്ടിഫിക്കറ്റ് നിർമിച്ചുകൊടുത്തവരെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. വിവിധ സർവകലാശാലകളുടെ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റുകളും വ്യാജമായി നിർമിച്ച് വൻതുകയ്ക്ക് വിൽക്കുന്ന വൻ മാഫിയ തന്നെ ഇതിനു പിന്നിലുണ്ടെന്നാണ് സൂചന.
മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലി ലഭിക്കാനായി ഇതുപോലെയുള്ള വ്യാജസർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നതായും പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ വ്യാജനേത് ഒറിജിനലേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് വ്യാജസർട്ടിഫിക്കറ്റുകൾ നിർമിക്കുന്നത്.
വലിയൊരു സംഘം തന്നെ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഓരോ പുതിയ കേസും വ്യക്തമാക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ട സ്വദേശിനിയായ യുവതി സൂററ്റിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി നേടിയതുമായി ബന്ധപ്പെട്ട് ആരോഗ്യ സർവകലാശാല മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ബിഫാം പരീക്ഷയിൽ വിജയിച്ച മറ്റൊരു വിദ്യാർഥിനിയുടെ മാർക്ക് ലിസ്റ്റ് ഉപയോഗിച്ചാണ് ഇവർ ജോലി നേടിയത്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുവേണ്ടി ആശുപത്രി അധികൃതർ സർട്ടിഫിക്കറ്റ് കേരള ആരോഗ്യ സർവകലാശാലയിലേക്ക് അറിയിക്കുകയായിരുന്നു.
ആരോഗ്യ സർവകലാശാല നടത്തിയ പരിശോധനയിലാണ് മാർക്ക്ലിസ്റ്റ് വ്യാജമാണെന്ന് കണ്ടത്. തിരുവനന്തപുരത്ത് പഠിച്ചിരുന്ന യുവതി പരീക്ഷയിൽ തോറ്റതാണെന്നും എന്നാൽ അതേ കോളജിൽനിന്നുതന്നെ വിജയിച്ച മറ്റൊരു വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച് ജോലി നേടുകയായിരുന്നു എന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
ആരോഗ്യ സർവകലാശാല റജിസ്ട്രാർ നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിക്ക് യൂണിവേഴ്സിറ്റിയുടെ ലെറ്റർ പാഡും സീലും വച്ചുള്ള സർട്ടിഫിക്കറ്റ് ലഭിച്ചത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. വ്യാജ മാർക്ക്ലിസ്റ്റ് നിർമിച്ചത് കേരളത്തിലാണോ അതോ മറ്റേതെങ്കിലും സംസ്ഥാനത്താണോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
സർവകലാശാല ജീവനക്കാർക്കു പോലും തിരിച്ചറിയാൻ കഴിയാത്ത വിധം ഒറിജിനൽ എന്ന് തോന്നിപ്പിക്കുന്ന വ്യാജനെ നിർമിച്ചതിനു പിന്നിൽ പരിചയസന്പന്നരായ സംഘം തന്നെയാണെന്നാണ് പോലീസ് പറയുന്നത്. ഇത്തരം കേസുകളിൽ മുന്പ് ഉൾപ്പെട്ടവരെയും മറ്റും കുറിച്ച് പോലീസ് അന്വേഷണം ഉൗർജിതപ്പെടുത്തിയിട്ടുണ്ട്.