സ്വന്തം ലേഖകൻ
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീകേരളവർമ കോളജിൽ അയ്യപ്പനെ അധിക്ഷേപിക്കുന്ന വിധത്തിൽ ബോർഡ് വച്ചതു വിവാദമായി. കോളജിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി വച്ച ബോർഡിലാണ് അയ്യപ്പനെ അധിക്ഷേപിക്കുന്ന ചിത്രം വച്ചിരിക്കുന്നത്.
“പിറവി അതൊരു യാഥാർഥ്യമാണ്, പെണ്ണുടലിനുമാത്രം കഴിയുന്നത്. അയ്യനും അച്ഛനും ഞാനും പിറന്നുവീണത് ഒരേ വഴിയിലൂടെ. എവിടെ ആർത്തവം അശുദ്ധിയാവുന്നുവോ…എവിടെ സ്ത്രീകൾ ഭ്രഷ്ടരാക്കപ്പെടുന്നുവോ..അവിടെ നീ നിന്റെ പിറവിയെ നിഷേധിക്കുന്നു. സമയമായി, ഉന്മൂലനം ചെയ്യേണ്ട കപട വിശ്വാസങ്ങൾക്കുനേരെ മുഖം തിരിക്കാൻ. ശബരിമല സ്ത്രീപ്രവേശന സമരം അനിവാര്യം എസ്എഫ്ഐ എന്നെഴുതിയ ബോർഡിലാണ് തലകീഴായി അയ്യപ്പന്റെ ചിത്രവും വരച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ബോർഡ് അപ്രത്യക്ഷമായി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ ശബരിമലയിലെ യുവതീപ്രവേശന വിഷയവും കാരണമാണെന്നു സിപിഎം വിലയിരുത്തിയതിനു പിന്നാലെയാണ് കോളജിൽ സ്ഥാപിച്ച വിശ്വാസത്തെ അപമാനിക്കുന്ന ബോർഡ് വിവാദമായിരിക്കുന്നത്. അയ്യപ്പസ്വാമിയെ നീചമായി അവഹേളിച്ചുവെന്നു ചൂണ്ടിക്കാട്ടി കേരളവർമ കോളജിലെ എസ്എഫ്ഐ യൂണിറ്റിനെതിരെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കും വെസ്റ്റ് പോലീസിലും ബിജെപി പരാതി നൽകി.
അയ്യപ്പനെ അധിക്ഷേപിച്ച് ബോർഡ് സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലേക്കു മാർച്ച് നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. അയ്യപ്പസ്വാമിയുടെ ചിത്രം വികലമായി വരച്ച് മതവിശ്വാസത്തെ മനപ്പൂർവം വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിൽ ബോർഡ് സ്ഥാപിച്ച എസ്എഫ്ഐ പ്രവർത്തകരെ കോളജിൽനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്ഗ്രസ് തൃശൂർ നിയോജക മണ്ഡലം കമ്മിറ്റി കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
മാർച്ച് ദേവസ്വം ബോർഡ് ഓഫീസ് കവാടത്തിൽ പോലീസ് തടഞ്ഞു. ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജെലിൻ ജോണ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാർലമെന്റ് സെക്രട്ടറി സി.എം. രതീഷ്, എ.കെ.സുരേഷ്, എം.സുജിത്ത് കുമാർ, കെ.സുരേഷ്, ടി.എൻ.രാജീവ്, എം.എസ്.കൃഷ്ണദാസ്, സി.ബിനോജ്, അമൽഖാൻ, കെ.സുമേഷ്, സി.വി. രാജീവ്, അഖിൽ പേരോത്ത്, ജോമോൻ ജോണ്, സജു ഈച്ചരത്ത് എന്നിവർ നേതൃത്വം നൽകി.ച്