സ്വന്തം ലേഖകൻ
തൃശൂർ: ശ്രീകേരളവർമ കോളജ്് വനിതാ ഹോസ്റ്റലിലെ പ്രശ്നങ്ങളും വിവാദങ്ങളുമായി ബന്ധപ്പെട്ട് കോളജ് അധികൃതർ കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതരുമായി ഇന്നു ചർച്ച നടത്തും. ഉച്ചകഴിഞ്ഞ് ദേവസ്വം ബോർഡ് ആസ്ഥാനത്താണ് ചർച്ച. ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കമുള്ളവരും കോളജ് പ്രിൻസിപ്പാൾ, ഹോസ്റ്റൽ വാർഡൻ എന്നിവരും ചർച്ചയിൽ സംബന്ധിക്കും.
കേരളവർമ കോളജ് വനിതാ ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് രാഷ്ട്രീയ പ്രവർത്തനത്തിനും സിനിമ കാണാനുമുള്ള നിയന്ത്രണ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയത് നടപ്പായില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം പെണ്‍കുട്ടികൾ ഹോസ്റ്റലിൽ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രശ്ന പരിഹാരം തേടി ബോർഡും കോളജ് അധികൃതരും യോഗം ചേരുന്നത്.തുല്യ അവകാശം അനുവദിച്ച കോടതി വിധി നടപ്പാക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്നാരോപിച്ചാണ് വിദ്യാർഥിനികൾ പ്രതിഷേധിച്ചത്.
കോടതി വിധിയും പരാമർശങ്ങളും സംബന്ധിച്ച് ഇന്നത്തെ യോഗം വിശദമായി ചർച്ച ചെയ്യും. തുടർനടപടികൾ എന്തുവേണമെന്ന കാര്യത്തിലും തീരുമാനമെടുക്കും.ഹോസ്റ്റലുകളിൽ ആണ്‍കുട്ടിക്കുള്ള അതേ അവകാശം പെണ്‍കുട്ടികൾക്കുമുണ്ടെന്നും ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ ഇത്തരം നിയന്ത്രണങ്ങളില്ലെന്നും കഴിഞ്ഞ ദിവസം ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് പ്രസ്താവിച്ചിരുന്നു.
ഫസ്റ്റ് ഷോയ്ക്കും സെക്കൻഡ് ഷോയ്ക്കും പോകുന്നതിനുള്ള വിലക്ക് തുടങ്ങിയവ ചോദ്യംചെയ്ത് രണ്ട് വിദ്യാർഥിനികൾ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി പരാമർശം. അതേസമയം, പെണ്‍കുട്ടികൾ വൈകീട്ട് ഹോസ്റ്റലിൽ തിരികെയെത്താനുള്ള ന്യായമായ സമയക്രമം കോളേജ് മാനേജ്മെന്റിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. നിലവിൽ ആറരയെന്ന് നിശ്ചയിച്ചത് മാറ്റണമെന്ന ആവശ്യം ഹർജിക്കാർക്ക് പ്രിൻസിപ്പൽ മുന്‍പാകെ ഉന്നയിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രിൻസിപ്പാൾ പറയുന്നു…
ഹോസ്റ്റലിൽ അനാവശ്യ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ.കെ.കൃഷ്ണകുമാരി രാഷ്ട്രദീപികയോട് പറഞ്ഞു. തൃശൂർ നഗരത്തിൽ വൈകുന്നേരങ്ങളിൽ നടക്കുന്ന പല പരിപാടികൾക്കും ഹോസ്റ്റലിലെ വിദ്യാർഥിനികൾ പോകാറുണ്ടെന്നും സാഹിത്യ അക്കാദമിയിലും മറ്റും നടക്കുന്ന പരിപാടികൾ വൈകീട്ട് ആറര ഏഴുമണിക്കാണ് പലപ്പോഴും കഴിയാറുള്ളതെന്നും അതുകഴിഞ്ഞു വരുന്ന കുട്ടികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാറുണ്ടെന്നും പ്രിൻസിപ്പാൾ പറഞ്ഞു. ഹോസ്റ്റലിൽ ഉള്ള അധ്യാപികക്കൊപ്പമാണ് വിദ്യാർഥിനികളെ ഇത്തരം പരിപാടികൾക്ക് അയക്കാറുള്ളതെന്നും പ്രിൻസിപ്പാൾ പറഞ്ഞു.
കോടതിയുടെ പരാമർശങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അവർ വ്യക്തമാക്കി. ഹോസ്റ്റലിലെ പ്രവേശനസമയം സംബന്ധിച്ച് തൃശൂരിലെ മറ്റു കോളജ് ഹോസ്റ്റലുകളുമായി ചർച്ച ആവശ്യമാണെന്ന അഭിപ്രായവും പ്രിൻസിപ്പാൾ പ്രകടിപ്പിച്ചു.അച്ഛനമ്മമാരും രക്ഷിതാക്കളും കുട്ടികളെ ഹോസ്റ്റലിൽ ഏൽപ്പിച്ചു പോകുന്പോൾ ആ കുട്ടികളെ സുരക്ഷിതരായി സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വം ഹോസ്റ്റൽ – കോളജ് അധികൃതർക്കുണ്ടെന്നും പ്രിൻസിപ്പാൾ ഓർമിപ്പിച്ചു.
കോടതിയുടെ നിഗമനങ്ങൾ
ഹോസ്റ്റൽ വിദ്യാർഥിനികൾ രാഷ്ട്രീയ യോഗം, പ്രകടനം, പ്രചാരണം തുടങ്ങിയവയിൽ പങ്കെടുക്കരുതെന്ന വ്യവസ്ഥ ഹോസ്റ്റലിലെ അച്ചടക്കത്തെ ബാധിക്കുന്നതല്ല. അതിനാൽ മാനേജ്മെന്റിന്റെ അവകാശവുമായി ബന്ധപ്പെട്ടതുമല്ല. അത് വിദ്യാർഥിനികളുടെ മൗലികാവകാശം ലംഘിക്കുന്നതായതിനാൽ റദ്ദാക്കുന്നു.
വാർഡൻ സമ്മതിക്കുന്ന ദിവസമേ സിനിമയ്ക്കു പോകാവൂ, ഫസ്റ്റ് ഷോ, സെക്കൻഡ് ഷോ എന്നിവയ്ക്ക് പോകരുത് എന്നീ നിയന്ത്രണങ്ങൾ വനിതാ ഹോസ്റ്റലിൽ മാത്രമാണുള്ളത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ ഇല്ല. മാനേജ്മെന്റിന്റെ സദാചാര ധാരണ വിദ്യാർഥിനികളിൽ അടിച്ചേല്പിക്കാനുള്ള ശ്രമമാണത്. അത് ഹോസ്റ്റലിലെ പ്രവർത്തനവുമായി ബന്ധപ്പെട്ടതല്ല.
ഹോസ്റ്റലിൽ തിരിച്ചെത്താൻ ന്യായമായ സമയം നിശ്ചയിക്കാൻ തടസമില്ല. ഹോസ്റ്റലിലെ അച്ചടക്കത്തിനു വേണ്ടിയാണത്. വൈകിയെത്തുന്നത് ഹോസ്റ്റലിലെ അച്ചടക്കത്തെ ബാധിക്കുന്ന അവസ്ഥ ഉണ്ടാകരുത്. കോളജിലെ അധ്യയന സമയത്ത് ഹോസ്റ്റലിലിരിക്കാൻ വാർഡന്റെ അനുമതി വേണമെന്ന വ്യവസ്ഥയിൽ തെറ്റില്ല.
കോളജിൽ പ്രശ്നമുണ്ടാക്കൽ, ക്ലാസിൽ ഹാജരാകാതിരിക്കൽ, പഠനത്തിൽ ശ്രദ്ധിക്കാതിരിക്കൽ തുടങ്ങിയവ കണ്ടെത്തിയാൽ ഹോസ്റ്റലിൽനിന്ന് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള വ്യവസ്ഥയിലും തെറ്റില്ല.ഹോസ്റ്റലിലെ നിയന്ത്രണങ്ങൾ മാതാപിതാക്കൾ സമ്മതിച്ച് ഒപ്പിട്ടതാണെന്ന മാനേജ്മെന്റിന്റെ വാദം സ്വീകാര്യമല്ല.
വിദ്യാർഥിനികൾ പ്രായപൂർത്തിയായവരാണ്. മാതാപിതാക്കൾ അംഗീകരിച്ചതായാൽപ്പോലും അത് വിദ്യാർഥിനികളുടെ മൗലികാവകാശത്തെ ബാധിക്കുന്നതാകരുത്.ഇന്നലെ വൈകീട്ട് ആറു മുതൽ രാത്രി എട്ടുവരെ ഹോസ്റ്റലിലെ എണ്‍പതോളം വിദ്യാർഥിനികൾ ഹോസ്റ്റലിന് പുറത്തിറങ്ങി നടത്തിയ പ്രതിഷേധം ഒടുവിൽ വാർഡനെത്തി പ്രിൻസിപ്പാളിന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്യാമെന്ന ഉറപ്പിലാണ് അവസാനിച്ചത്.