ത്രിശൂർ: കേരളവർമ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന്. രാവിലെ ഒൻപതിന് റീ കൗണ്ടിങ് ആരംഭിച്ചു. പ്രിൻസിപ്പലിന്റെ ചേംബറിൽ ആണ് വോട്ടെണ്ണൽ നടക്കുന്നത്.
വോട്ടെണ്ണൽ നടപടികൾ പൂർണമായും വീഡിയോയിൽ പകർത്തുമെന്നും അധികൃതർ അറിയിച്ചു. ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. അസാധുവോട്ടുകളടക്കം കൂട്ടിച്ചേർത്ത് എണ്ണിയതിൽ അപകാതയുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.കഴിഞ്ഞ മാസം ഒന്നിനായിരുന്നു തെരഞ്ഞെടുപ്പ്.
കെഎസ്യു ചെയർമാൻ സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹർജിയിൽ കെഎസ്യു സ്ഥാനാർത്ഥി ആരോപിച്ചു.
ആദ്യം വോട്ടെണ്ണിയപ്പോൾ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐയുടെ സ്ഥാനാർഥി അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. 32 വര്‍ഷത്തിന് ശേഷമാണ് ജനറല്‍ സീറ്റില്‍ ആദ്യ ഘട്ടത്തില്‍ കെഎസ്യു വിജയിച്ചത്.
എന്നാൽ എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധൻ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.
തെരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചെന്നാരോപിച്ചാണ് കെഎസ്യു നിയമനടപടിയുമായി മുന്നോട്ട് പോയത്. വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയാണ് എസ്എഫ്ഐയുടെ ചെയര്മാന് സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നായിരുന്നു കെ എസ് യുവിന്റെ ആരോപണം.