തൃപ്പൂണിത്തുറ: കൊച്ചി രാജവംശത്തിലെ ഇളയതന്പുരാനും വിഖ്യാത ക്രിക്കറ്റ് താരവുമായ കേരളവർമ തന്പുരാൻ (96) അന്തരിച്ചു. സംസ്കാരം നടത്തി.
ഏകദിന ക്രിക്കറ്റിന്റെ ഉപജ്ഞാതാവായ കെ.വി. കേളപ്പൻ തന്പുരാനോടൊപ്പം ലോകത്ത് ആദ്യമായി നടന്ന ഏകദിന ക്രിക്കറ്റിലെ ആദ്യത്തെ ബോൾ നേരിട്ടതു കേരളവർമ തന്പുരാനായിരുന്നു.
രണ്ടുപേരും കേളപ്പൻ തന്പുരാൻ എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും തമ്മിൽ തിരിച്ചറിയുന്നതിനായി ഒരാളെ കേരളവർമ തന്പുരാനെന്നും മറ്റൊരാളെ കെ.വി. കേളപ്പൻ തന്പുരാനെന്നും വിളിക്കുകയായിരുന്നു.
മികച്ച ബാറ്റ്സ്മാനായിരുന്നു കേരളവർമ തന്പുരാൻ. 1951ൽ പൂജ ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചപ്പോൾ ക്യാപ്റ്റൻ കേളപ്പൻ തന്പുരാനായിരുന്നു.
പിന്നീട് രഞ്ജി ട്രോഫി വിജയിച്ച ടീമിലെ ക്യാപ്റ്റനായ പി. രവിയച്ചനും അന്നു ടീമിലെ അംഗമായിരുന്നു.
സീനിയോറിറ്റി അനുസരിച്ചാണ് കൊച്ചി രാജവംശത്തിലെ വലിയ തന്പുരാനെയും ഇളയ തന്പുരാനെയും നിശ്ചയിക്കുന്നത്. ഇപ്പോഴത്തെ വലിയ തന്പുരാൻ രവിവർമ തന്പുരാൻ തൃപ്പൂണിത്തുറ സ്വദേശിയാണെങ്കിലും തൃശൂരിലാണ് താമസം.
ഭാര്യ: രാധ കുഞ്ഞമ്മ (പാലിയത്ത് കോവിലകം). മക്കൾ: മാലിനി, പി. ബാലചന്ദ്രൻ (കേരള ക്രിക്കറ്റ് ടീമംഗവും ദീർഘകാലം ക്രിക്കറ്റ് പരിശീലകനുമായിരുന്നു). മരുമക്കൾ: രാമചന്ദ്രൻ, ഗീത.