സിജോ പൈനാടത്ത്
കൊച്ചി: സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയിലേക്ക്. അക്കൗണ്ടന്റ് ജനറലില്നിന്നുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഓഗസ്റ്റ് 31 വരെയുള്ള സംസ്ഥാനത്തിന്റെ കടബാധ്യത 3,31,517.31 കോടി രൂപയിലേക്കുയര്‍ന്നു.
2016 മാര്‍ച്ച് 31 ലെ 1.57 ലക്ഷം കോടിയില്‍ നിന്നാണ് അഞ്ചര വര്‍ഷം കൊണ്ട് 3.31 ലക്ഷം കോടിയിലേക്കു കടം കുതിച്ചുയര്‍ന്നത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തില്‍ 1.94 ലക്ഷം കോടിയായിരുന്നു കടം. അഞ്ചര മാസം കൊണ്ട് 71 ശതമാനം വര്‍ധനയുണ്ടായി.
2021 ഏപ്രില്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ 28,850 കോടി രൂപ സംസ്ഥാനം കടമെടുത്തതായി എജിയുടെ കണക്കുകളിലുണ്ട്.
പ്രതിമാസം ശരാശരി 5,770 കോടി രൂപ കേരളം കടമെടുക്കുന്നുവെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.
ആഭ്യന്തര വായ്പകള്‍ക്കു പുറമേ, കേന്ദ്രസര്‍ക്കാര്‍, വിവിധ നിക്ഷേപങ്ങള്‍, പ്രോവിഡന്റ് ഫണ്ട് എന്നിവയില്‍നിന്നു സംസ്ഥാനം കടമെടുത്തിട്ടുണ്ടെന്നു രേഖകളിലുണ്ട്.
പൊതുകടം കുതിച്ചുയര്‍ന്നതോടെ മലയാളിയുടെ ആളോഹരി കടബാധ്യതയും വര്‍ധിച്ചു. 95,225.29 രൂപയാണു നിലവില്‍ കേരളത്തിന്റെ ആളോഹരി കടബാധ്യത.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ഇതു 32,129.30 ആയിരുന്നു. 2021 മാര്‍ച്ചില്‍ 55,778.34 ലെത്തി. അഞ്ചര വര്‍ഷംകൊണ്ടു കേരളീയന്റെ ആളോഹരി കടബാധ്യത ഉയര്‍ന്നത് 196 ശതമാനമാണ്.
സംസ്ഥാനം ദയനീയമായ ധനസ്ഥിതിയില്‍ നില്‍ക്കുമ്പോഴും കഴിഞ്ഞ സര്‍ക്കാര്‍ കടമെടുത്താണു കിറ്റ് വിതരണം നടത്തിയതെന്നു വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസ് ചൂണ്ടിക്കാട്ടി.
കോടികളുടെ കടബാധ്യതയില്‍ നില്ക്കുമ്പോഴാണു 64,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന കെ- റെയില്‍ പദ്ധതിക്കായി പകുതിയിലധികം തുക (ഏകദേശം 33,700 കോടി) കടമെടുക്കാന്‍ സംസ്ഥാനം തയാറെടുക്കുന്നത്.