ജോണ്സണ് വേങ്ങത്തടം
കോട്ടയം: ‘കേരള സർക്കാർ’ ബോർഡ് ഘടിപ്പിച്ച് സ്വകാര്യ കാറുകൾ കേരളത്തിൽ ചീറിപ്പായുന്നു.
കള്ളക്കടത്തിനും കഞ്ചാവു കടത്തിനും ഈ വാഹനങ്ങൾ മറയാക്കുന്പോഴും ഇതൊന്നു കൈനീട്ടി നിർത്തിക്കാൻ പോലീസിനും മടിയാണ്.
സാധാരണക്കാർ വാഹനവുമായി റോഡിലിറങ്ങിയാൽ പെറ്റി അടിക്കുന്ന പോലീസിന് ഈ വാഹനം കണ്ടാൽ മുട്ടുവിറയ്ക്കും.
സർക്കാരിന്റെ ഏതെങ്കിലും ബോർഡിലെ അംഗങ്ങളാണ് സ്വന്തം കാറിൽ കേരള സർക്കാർ എന്നു പതിപ്പിച്ചു പായുന്നത്.
പണമിടപാടു നടത്തുന്ന ഒരു വ്യക്തി രാഷ്ട്രീയ പിൻബലത്തിൽ ക്ഷേമനിധി ബോർഡിൽ അംഗമായപ്പോൾ മുതൽ സ്വന്തം വാഹനത്തിൽ കേരള സ്റ്റേറ്റ് ബോർഡ് വച്ചാണ് ഓടുന്നത്.
നിയമ നടപടി സ്വീകരിക്കാം
സംസ്ഥാന മന്ത്രിമാർക്കോ തത്തുല്യപദവി വഹിക്കുന്നവർക്കോ നൽകിയിട്ടുള്ള വാഹനങ്ങളിൽ മാത്രമേ ബോർഡ് പ്രദർശിപ്പിക്കാവൂ എന്ന നിയമം നിലനിൽക്കെയാണ് ഇത്തരം പ്രവണത വർധിക്കുന്നത്.
ഇവർ കള്ളക്കടത്ത് നടത്തിയാൽപോലും പിടിക്കില്ല. ഇവർ മാത്രമല്ല, ഇവരുടെ മക്കളും ഈ വാഹനം ഉപയോഗിക്കുന്നുണ്ട്. കൃഷി വകുപ്പിന്റെ വാഹനമാണെങ്കിൽ കൃഷി വകുപ്പെന്നാണ് രേഖപ്പെടുത്തേണ്ടത്.
പകരം കേരള സർക്കാർ എന്ന ബോർഡ് സ്ഥാപിച്ചാൽ മോട്ടോർ വാഹന വകുപ്പിന് നിയമ നടപടി സ്വീകരിക്കാമെന്ന നിയമമുള്ളപ്പോഴാണ് ഇത്തരമൊരു പ്രവണത കേരളത്തിൽ വളരുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ വാഹനങ്ങൾക്ക് അതത് സ്ഥാപനത്തിന്റെ പേരിലുള്ള ബോർഡുകൾ മാത്രമേ പാടുള്ളൂ.
നിയമ ലംഘനം നടത്തുന്ന സർക്കാർ വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥർ മടിക്കുകയാണ്.
കേരള സർക്കാർ ബോർഡ് വച്ച വാഹനങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരാണ് യാത്രചെയ്യുന്നതെങ്കിൽ തൊപ്പി തെറിക്കാൻവരെ സാധ്യതയുണ്ട്.
അതുകൊണ്ടു തന്നെ പലപ്പോഴും ഇത് കണ്ടില്ലന്ന് നടിക്കുകയാണ് ഉദ്യോഗസ്ഥർ.
‘കേരള സ്റ്റേറ്റ്’ എന്ന ബോർഡ് സംസ്ഥാന മന്ത്രിമാർക്കോ തത്തുല്യപദവി വഹിക്കുന്നവർക്കോ നൽകിയിട്ടുള്ള വാഹനത്തിൽ മാത്രമേ പ്രദർശിപ്പിക്കാവൂവെന്നും അല്ലാത്ത വാഹനങ്ങളിൽ കണ്ടാൽ നടപടിയെടുക്കാനും ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്നപ്പോൾ ടോമിൻ ജെ.തച്ചങ്കരി നിർദേശം നൽകിയതാണ്.
സംസ്ഥാന സർക്കാർ വാഹനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഭരണഘടനാപരമായ അധികാര സ്ഥാപനങ്ങൾ എന്നിവയുടെ വാഹനത്തിലൊന്നും കേരള സ്റ്റേറ്റ് എന്ന ബോർഡ് പാടില്ല.
പലയിടത്തും ചില വകുപ്പുകളുടെ വാഹനത്തിൽ കേരള സർക്കാർ എന്ന ബോർഡാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. അത്തരം വാഹനങ്ങളിൽനിന്ന് ബോർഡ് നീക്കം ചെയ്യിക്കണമെന്നും പിഴയീടാക്കണമെന്നും നിർദേശമുണ്ട്.
പൊതുജനത്തിനും അറിയിക്കാം
ചട്ടവിരുദ്ധമായി ഏതെങ്കിലും വാഹനത്തിൽ ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ ഫോട്ടോ എടുത്തോ വാട്സ് ആപ്പ് വഴിയോ പൊതുജനത്തിന് മോട്ടോർ വാഹനവകുപ്പധികൃതരെ വിവരമറിയിക്കാം.
പാർലമെന്റ് അംഗങ്ങളും എംഎൽഎമാരും അവരുടെ വാഹനത്തിൽ മുൻവശത്തും പിറകുവശത്തും എംപിയെന്നോ എംഎൽഎയെന്നോ ബോർഡ് പ്രദർശിപ്പിക്കാം. ബോർഡിന്റെ നിറം ചുവപ്പും അക്ഷരങ്ങളുടെ നിറം വെളുപ്പുമായിരിക്കണം.
കളക്ടർമാരുടെ വാഹനത്തിൽ മുന്നിലും പിന്നിലും ജില്ലാകളക്ടർ എന്ന ബോർഡ് വയ്ക്കാം. പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അതത് സ്ഥാപനത്തിന്റെ പേരുള്ള ബോർഡ് മാത്രമേ വെക്കാവൂ.
ചിലർ അത്തരം വാഹനങ്ങൾക്കും ‘കേരള സ്റ്റേറ്റ്’എന്ന് ബോർഡ് വച്ച് പോകുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനത്തിൽ മുന്നിലും പിന്നിലും തലവന്റെ ഒൗദ്യോഗിക പദവി സൂചിപ്പിക്കുന്ന ബോർഡ് വയ്ക്കാം.
രജിസ്ട്രേഷൻ നന്പർ മറയ്ക്കുന്ന രീതിയിൽ ഒരു ബോർഡും പ്രദർശിപ്പിക്കാൻ പാടില്ല.