തിരുവല്ല: ബിജെപിയുടെ നേതൃത്വത്തിലുള്ള കുറ്റൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ആകെയുള്ള 14 അംഗങ്ങളിൽ നിന്നും ഭരണസമിതിയിലെ ഏഴുപേർ വിട്ടുനിന്നതോടെ ഭൂരിപക്ഷമില്ലാതെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു.
ആറ് അംഗങ്ങളുള്ള ബിജെപി, കേരള കോൺഗ്രസ് – എം അംഗത്തെ ഒപ്പം നിർത്തിയാണ് ഭരണം തുടരുന്നത്.എൽഡിഎഫ് – 5, കേരള കോൺഗ്രസ് – 1, സ്വതന്ത്ര – 1 എന്നിവർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. ബിജെപിയുടെ ശ്രീലേഖാ രഘുനാഥാണ് പ്രസിഡന്റ്. ‘കേരളാ കോൺഗ്രസ് അംഗം ചെറിയാൻ സി. തോമസാണ് വൈസ്പ്രസിഡന്റ്.
കേരളാ കോൺഗ്രസ് പാർട്ടിയുടെ തീരുമാനപ്രകാരം ചെറിയാൻ സി. തോമസ് അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു എൽഡിഎഫ്. എന്നാൽ അതുണ്ടായില്ല. പുളിക്കീഴ് ബിഡിഒ ടി.ബീനാകുമാരി വരണാധികാരിയായിരുന്നു.