തിരുവനന്തപുരം: സർക്കാരിന്റെ കേരളീയം പരിപാടിയെ പരിഹസിച്ച് രമേശ് ചെന്നിത്തല.അഴിമതിക്ക് നേതൃത്വം കൊടുക്കുന്ന, അഴിമതി മാത്രം നടത്തുന്ന, കേരളജനതയെ വഞ്ചിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി നടത്തുന്ന കേരളീയം നൂറു ശതമാനം രാക്ഷസീയം ആണെന്നാണ് ചെന്നിത്തല പരിഹസിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം കണ്ട് മടുത്തിട്ടാണ് കേരളീയം പരിപാടിയിലേക്ക് സിനിമാതാരങ്ങളെ വിളിച്ചതെന്ന് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിനു മുന്നിൽ ആർഎസ്പിയുടെ രാപ്പകൽ സമരപ്രഖ്യാപന സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നടത്തുന്ന രാഷ്ട്രീയപ്രചാരണമാണെന്ന് പറഞ്ഞ ചെന്നിത്തല ഇത്തരമൊരു പരിപാടി നടത്തേണ്ട ആവശ്യമെന്താണെന്നും ചോദിച്ചു.
സുപ്രീം കോടതിയിൽ ലാവലിൻ കേസ് വീണ്ടും മാറ്റിവച്ചത് ബിജെപി- സിപിഎം അന്തർധാര മൂലമാണെന്നും മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കാൻ ഇഡി തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 69 മണ്ഡലങ്ങളിൽ സിപിഎമ്മിന് ബിജെപി വോട്ട് മറിച്ച് നൽകിയെന്നും ചെന്നിത്തല ആരോപിച്ചു.