തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയ്ക്കെതിരെ ബഹിഷ്കരണവും പ്രതിഷേധവുമായി പ്രതിപക്ഷം. കോണ്‍ഗ്രസും യുഡിഎഫും കേരളീയം പരിപാടി ബഹിഷ്കരിച്ചു.
കേരളീയം പരിപാടിയോട് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും നേരത്തെ വ്യക്തമാക്കിയിരുന്നു. കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്ന് പോകുന്പോൾ സർക്കാർ വലിയ ധൂർത്ത് നടത്തി ജനങ്ങളുടെ മേൽ അധിക നികുതിഭാരം ചുമത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
തലസ്ഥാനത്തെ റോഡുകളിലും ജനവാസമേഖലകളിലും വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാൻ യാതൊരു നടപടിയും സ്വീകരിക്കാതെ കേരളീയത്തിലൂടെ സർക്കാർ വൻ ധൂർത്ത് നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു.
ഇതിൽ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലർമാരും പ്രവർത്തകരും കേരളീയം പരിപാടി നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് മാർച്ച് നടത്തിയെങ്കിലും ഏജീസ് ഓഫീസിന് മുന്നിൽ വച്ച്പോലീസ് മാർച്ച് തടഞ്ഞു.