തിരുവനന്തപുരം: ഐക്യകേരളം ജന്മമെടുത്തിട്ട് 67 വർഷങ്ങൾ പൂർത്തിയാക്കുന്ന ഇന്ന് മലയാളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന കേരളീയം -2023 തലസ്ഥാനനഗരത്തെ അക്ഷരാർത്ഥത്തിൽ ഉത്സവത്തിമിർപ്പിലാക്കി.
ദിവസങ്ങൾക്കു മുന്നേ തന്നെ നഗരം ദീപാലംക-തമായി. കവടിയാർ മുതൽ കിഴക്കേക്കോട്ടവരെ അലങ്കാരവിളക്കുകളുടെ സ്വർണവെളിച്ചത്തിൽ നഗരം മുങ്ങി.
40 വേദികളിലായി ഏഴു ദിവസമാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്.കലാപരിപാടികൾ, പ്രദര്ശനങ്ങള്, സെമിനാറുകള്, വ്യാപാരമേള, ഭക്ഷ്യമേള, ഫ്ളവര്ഷോ, ചലച്ചിത്രമേള തുടങ്ങി വിവിധ തരം ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുന്നൂറിലേറെ കലാപരിപാടികളിലൂടെ 4100ൽ പരം കലാകാരന്മാർ മാറ്റുരയ്ക്കും.
കനകക്കുന്നിൽ വിവിധ സെൽഫി പോയിന്റുകളും ഉണ്ട്. ചലച്ചിത്ര അക്കാദമി കേരളീയത്തിന്റെ ഭാഗമായി കെഎസ്എഫ്ഡിസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിൽ 100 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
കൈരളി, ശ്രീ, നിള, കലാഭവൻ എന്നീ തിയേറ്ററുകളിലാണ് സൗജന്യ പ്രദർശനം. തിരുവനന്തപുരം സിറ്റി പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രധാനവേദികളിൽ ആരോഗ്യവകുപ്പിന്റെയും, ഫയർ ഫോഴ്സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.
കേരളം ലോകത്തിനു മാതൃക: മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല മേഖലകളിലും കേരളം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരളീയം വാരാഘോഷത്തിന്റെ ഉദ്ഘാടനം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയതിൽ എല്ലാവരും അഭിമാനം കൊള്ളണം. എല്ലാവർഷവും കേരളീയം പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക രംഗത്തും നവോത്ഥാന രംഗത്തും മതേതര രംഗത്തും കേരളം അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധി സാധ്യതകളാണ് കേരളത്തിന് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ, ശോഭന ഉൾപ്പെടെയുള്ള ചലച്ചിത്രതാരങ്ങളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
വികസനനേട്ടങ്ങളിലും ക്ഷേമപ്രവര്ത്തനങ്ങളിലും രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തെ ലോകത്തിനു മുന്നില് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്ഷം കേരളീയം ആരംഭിക്കുന്നത്.
രാവിലെ 10ന് സെന്ട്രല് സ്റ്റേഡിയത്തില് നടന്ന ചടങ്ങിൽ കേരളീയം സംഘാടകസമിതി ചെയര്മാനായ മന്ത്രി വി.ശിവന്കുട്ടി സ്വാഗതം പറഞ്ഞു. പ്രവര്ത്തന റിപ്പോര്ട്ട് കേരളീയം ജനറല് കണ്വീനറും ചീഫ് സെക്രട്ടറിയുമായ ഡോ.വി.വേണു അവതരിപ്പിച്ചു. റവന്യൂ- ഭവനനിര്മാണവകുപ്പ് മന്ത്രി കെ.രാജന് അധ്യക്ഷനായി.
ധനകാര്യ മന്ത്രിയും കേരളീയം സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷനുമായ കെ.എൻ. ബാലഗോപാല് ആമുഖപ്രഭാഷണം നിര്വഹിച്ചു. സ്പീക്കര് എ.എന്.ഷംസീറാണ് കേരളീയം ബ്രോഷര് പ്രകാശനം ചെയ്യുന്നത്.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.കൃഷ്ണന്കുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവര്കോവില്, ആന്റണി രാജു, ചലച്ചിത്ര നടന്മാരായ കമലഹാസൻ, മമ്മൂട്ടി, മോഹന്ലാല്, ചലച്ചിത്ര നടിമാരായ ശോഭന ,മഞ്ജു വാര്യർ, യുഎഇ അംബാസഡര് അബ്ദുല് നാസര് ജമാല് അല് ശാലി, ദക്ഷിണകൊറിയന് അംബാസഡര് ചാങ് ജെ ബോക്, ക്യൂബന് എംബസി പ്രതിനിധി മലേന റോജാസ് മദീന, നോര്വേ അംബാസഡര് മെയ് എലന് സ്റ്റൈനര്,റിട്ട. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്, എം.എ.യൂസഫലി, രവി പിള്ള, ഡോ.എം.വി.പിള്ള എന്നിവര് ആശംസയര്പ്പിച്ചു.
പ്രഫ.(ഡോ) അമര്ത്യസെന്, ഡോ.റൊമില ഥാപ്പർ, ഐഎസ്ആര്ഒ ചെയര്മാന് എസ്.സോമനാഥ്, വെങ്കി രാമകൃഷ്ണന്, ഡോ.ജോസഫ് സ്റ്റിഗ്ലിറ്റ്സ്, ഡോ.തോമസ് പിക്കറ്റി, അഡ്വ.കെ.കെ.വേണുഗോപാൽ, ടി.എം.കൃഷ്ണ, ഉസ്താദ് അംജദ് അലി എന്നിവര് വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു.
സംഘാടക സമിതി കണ്വീനര് എസ്. ഹരികിഷോര് കൃതജ്ഞത പറയും.സെന്ട്രല് സ്റ്റേഡിയത്തില് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം രണ്ടോടെ കേരളീയത്തിന്റെ വേദികള് പൊതുജനങ്ങള്ക്കായി തുറന്നുകൊടുക്കും. നാളെ മുതല് രാവിലെ 10 മുതല് രാത്രി 10 മണി വരെ പൊതുജനങ്ങള്ക്ക് പ്രവേശനമുണ്ടാകും.
ചലച്ചിത്രമേള അടക്കം എല്ലാവേദികളിലേയ്ക്കുള്ള പ്രവേശനം സൗജന്യമാണ്. മേളയുടെ മുഖ്യആകര്ഷണമായ സെമിനാറുകള് നാളെ തുടങ്ങും. രാവിലെ 9.30 മുതല് 1.30 വരെയാണ് സെമിനാറുകള്. കലാപരിപാടികള് ഇന്നു വൈകുന്നേരം 6.30ന് ശോഭനയുടെ നൃത്തപരിപാടിയോടെ തുടങ്ങും.