യാത്ര മധ്യേ പെട്ടെന്നൊരു തടസമുണ്ടായാല്‍ മിക്കവരും ഒന്ന് പകയ്ക്കും. പ്രത്യേകിച്ച് കാട്ടുപാത ആയാല്‍ പറയുകയും വേണ്ട.
എന്നാല്‍ അത്തരമൊരു സന്ദര്‍ഭത്തില്‍ സമയോചിതമായി ഇടപെട്ട ഒരു കണ്ടക്ടറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം.
കെഎസ്ആര്‍ടിസി ഹരിപ്പാട് ട്വിറ്റര്‍ പേജില്‍ വന്ന പോസ്റ്റില്‍ ചെങ്കോട്ട അച്ചന്‍കോവില്‍ റൂട്ടില്‍ പോയ ഒരു കെഎസ്ആര്‍ടിസി ബസിന്റെ കാര്യമാണുള്ളത്.
കാനന പാതയെന്ന് പറയാന്‍ കഴിയുന്ന ഒന്നാണ് ചെങ്കോട്ട അച്ചന് കോവില്‍ പാത. ജനവാസം കുറവുള്ള ഈ മേഖലയില്‍ കാട്ടാന ഇറങ്ങാറുള്ളത് സര്‍വസാധാരണമാണ്.
കഴിഞ്ഞ ദിവസം ആന ഒരു തേക്ക് മരം കുത്തിമറിച്ച് ആ വഴിവന്ന കെഎസ്ആര്‍ടിസി ബസിന് മാര്‍ഗതടസം സൃഷ്ടിച്ചിരുന്നു.
രാവിലെ 6.30 ന് അച്ചന്‍കോവിലില്‍ നിന്ന് പുറപ്പെട്ട ചെങ്കോട്ട വഴി പുനലൂരിലേക്കുള്ള ബസ് അല്പനേരം വഴിയിലാവുകയും ചെയ്തു.
ഫോണ്‍ നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ കണ്ടക്ടര്‍ക്ക് ഡിപ്പോയില്‍ വിവരമറിയിക്കാനായില്ല. മരം മുറിച്ചുമാറ്റാനായി മറ്റ് ആയുധങ്ങളൊന്നും ബസ് ജീവനക്കാരുടെ കൈയില്‍ ഇല്ലായിരുന്നുതാനും.
എന്നാല്‍ കണ്ടക്ടര്‍ എം. പി. വിഭു ഒരു കരിങ്കല്ലുപയോഗിച്ച് ആ മരം മുറിച്ചുമാറ്റി. അങ്ങനെ ട്രിപ്പ് മുടങ്ങിയതുമില്ല.
സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിപേര്‍ അഭിനന്ദങ്ങളുമായി എത്തി. “ശിലായുഗത്തിലെ ആയുധം ഉപയോഗിച്ചപ്പോള്‍’ എന്നായിരുന്നു ഒരു കമന്റ്.