തലശേരി: ലഹരി മാഫിയയുടെ പിന്തുണയോടെ കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ വാഹന ഓൾട്ടറേഷൻ മാഫിയ സജീവമാണെന്ന റിപ്പോർട്ടുകളെക്കുറിച്ചു സമഗ്രമായ അന്വഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു കേരള അഡ്വഞ്ചേഴ്സ് സ്പോർട്ട്സ് ക്ലബ് പ്രസിഡന്റും കേരള ഓഫ് റോഡേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ കോഴിക്കാട് സ്വദേശിയായ കെ. സുജീഷ് ആവശ്യപ്പെട്ടു.
ഇത്തരം സംഘങ്ങളുമായി തങ്ങളുടെ സംഘടനയിലെ അംഗങ്ങളായ വാഹനപ്രേമികൾക്കു യാതൊരു ബന്ധവുമില്ല. ഞങ്ങൾ മാഫിയയുമല്ല. ഓഫ് റോഡ് ഞങ്ങൾക്ക് ഹരമാണ്.
റോഡിൽ തങ്ങൾ ഒരിക്കലും റേസിംഗ് നടത്താറില്ല. ചിന്തിക്കാൻ പറ്റാത്ത പണമാണ് തങ്ങളുടെ അംഗങ്ങൾ ഓഫ് റോഡിനായി വാഹനങ്ങളിൽ മുടക്കുന്നത്.
വാഹനം ഓടിക്കുമ്പോഴുള്ള സംതൃപ്തി മാത്രമാണ് തങ്ങളുടെ അംഗങ്ങൾക്കു ലഭിക്കുന്നതെന്നു സുജീഷ് രാഷ്ട്രദീപികയോടു പറഞ്ഞു. പെട്ടിമല ദുരന്തമുണ്ടായപ്പോൾ അവിടെ പറന്നെത്തിയതു ഞങ്ങളായിരുന്നു.
പ്രളയം വന്നപ്പോഴും നിപ്പ വന്നപ്പോഴും ആരും പോകാത്ത വഴികളിൽ ങ്ങങ്ങൾ ജനങ്ങൾക്കു സഹായ ഹസ്തവുമായി കടന്നു ചെന്നു. രക്തദാനം നടത്താനും തങ്ങളുടെ അംഗങ്ങൾ എന്നും മുന്നിലുണ്ട്.
എന്നാൽ, ഈ രംഗത്തും മാഫിയ ഉണ്ടെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇത്തരം മാഫിയയുടെ പ്രവർത്തനം പുറത്തു വന്നതോടെ കുടുംബാംഗങ്ങൾ പോലും തങ്ങളെ പോലും സംശയിക്കുന്ന സ്ഥിതി ഉടലെടുത്തു.
ഈ രംഗത്തു ഗൂഢലക്ഷ്യങ്ങളോടെ നുഴഞ്ഞുകയറിയവരുണ്ടെങ്കിൽഅവർക്കെതിരേ കർശന നടപടി സ്വീകരിക്കണം- സുജീഷ് കൂട്ടിച്ചേർത്തു.
വണ്ടികളിൽ നടക്കുന്നത്..!സംസ്ഥാനത്തു വാഹന ഓൾട്ടറേഷൻ മാഫിയ; ലഹരിയും സെക്സും വാതുവയ്പും റേസും; ഇരകളായി നിരവധി യുവതി യുവാക്കൾ; അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ