ഇന്ധനവില വര്‍ധന കേരളത്തെ ആകമാനം ദോഷകരമായി ബാധിച്ചിരിക്കുകയാണ്. പെട്രോള്‍,ഡീസല്‍ വിലയെക്കുറിച്ച് വാഹനമില്ലാത്തവര്‍ അധികം ബോധവാന്മാരല്ലെങ്കിലും മണ്ണെണ്ണ വാങ്ങാന്‍ റേഷന്‍ കടയിലെത്തുമ്പോള്‍ അവരും അറിയും ഇന്ധനവിലവര്‍ധനവിന്റെ രൂക്ഷത.
മണ്ണെണ്ണ വിലക്കയറ്റത്തില്‍ കേരളം പൊള്ളുമ്പോള്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വില ലീറ്ററിനു 16 രൂപ മാത്രമാണ്.
കേരളത്തില്‍ റേഷന്‍കടകളിലൂടെ 81 രൂപയ്ക്കു ലഭിക്കുന്ന മണ്ണെണ്ണയാണു കോയമ്പത്തൂരില്‍ അഞ്ചിലൊന്നു വിലയ്ക്കു ലഭിക്കുന്നത്.
അതായത്, സംസ്ഥാന അതിര്‍ത്തിയായ വാളയാറില്‍ ലീറ്ററിന് 81 രൂപ വിലയുള്ള മണ്ണെണ്ണ 300 മീറ്റര്‍ ദൂരെ ചാവടിയിലെത്തിയാല് 16 രൂപയ്ക്കു ലഭിക്കും.
തമിഴ്നാട് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നതിനാലാണു കേരളത്തെ അപേക്ഷിച്ചു വിലക്കുറവില്‍ മണ്ണെണ്ണ ലഭിക്കുന്നതെന്നു കോയമ്പത്തൂരിലെ റേഷന്‍ വ്യാപാരികള്‍ പറയുന്നു.
കേരളത്തില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ അര ലീറ്റര്‍ മണ്ണെണ്ണ വീതമാണു നല്‍കുന്നത്.
നേരത്തെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മഞ്ഞ കാര്‍ഡിനു റോസ് കാര്‍ഡിനും ഒരു ലീറ്റര്‍ വീതം മണ്ണെണ്ണ ലഭിച്ചിരുന്നു.
എന്നാല്‍, പിന്നീട് ലഭ്യത കുറഞ്ഞതോടെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ അര ലീറ്റര്‍ വീതമാക്കി.
എന്നാല്‍, തമിഴ്നാട്ടില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഓരോ മാസവും 16 രൂപ നിരക്കില്‍ ഒരു ലീറ്റര്‍ മണ്ണെണ്ണ മുടക്കമില്ലാതെ നല്കി വരുന്നുണ്ട്. കേന്ദ്രം നികുതി കൂട്ടിയിട്ടും തമിഴ്നാട് സബ്സിഡി വെട്ടിക്കുറച്ചില്ലെന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു.