വണ്ണം കൂട്ടാൻ കീർത്തി സുരേഷ് തയ്യാറാണ്. എന്നാൽ കൂടുതൽ വണ്ണം വയ്ക്കണമെന്ന് പറഞ്ഞാൽ അതിന് കീർത്തി തയാറല്ല. മുൻകാല തമിഴ് നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന മഹാനടി എന്ന ചിത്രത്തിൽ സാവിത്രിയുടെ വേഷത്തിലഭിനയിക്കാൻ സംവിധായകൻ നാഗ് അശ്വിൻ സമീപിച്ചത് കീർത്തി സുരേഷിനെയാണ്.
തമിഴ് പ്രേക്ഷകർ ഇന്നും ആരാധിക്കുന്ന സാവിത്രിയുടെ ജീവിതകഥ സിനിമയാകുന്നുവെന്നതുതന്നെ വൻവാർത്താപ്രാധാന്യം നേടിയിരുന്നു.അതുകൊണ്ടുതന്നെ സാവിത്രിയാകാനുള്ള തയ്യാറെടുപ്പുകൾ കീർത്തി നടത്തിയിരുന്നു. ചിത്രത്തിനായി കീർത്തി തന്റെ ശരീരഭാരം കൂട്ടി. പക്ഷെ കുറച്ചുകൂടി വണ്ണം കൂട്ടണമെന്ന് സംവിധായകൻ നാഗ് അശ്വിൻ പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. സ്വതവേ വണ്ണമുള്ള സാവിത്രി ഇടയ്ക്ക് കുറച്ചുകൂടി വണ്ണം വച്ചിരുന്നു. അതുകൊണ്ട് കീർത്തിയും ഇതേരീതിയിൽ വേഷപ്പകർച്ച നടത്തണമെന്നാണ് സംവിധായകൻ ആവശ്യപ്പെട്ടത്. എന്നാൽ കീർത്തി ഇക്കാര്യത്തിൽ ഇപ്പോൾ വിസമ്മതം പറഞ്ഞിരിക്കുകയാണ്.
ഇങ്ങനെയൊരു തീരുമാനമെടുക്കാൻ നടിയെ പ്രേരിപ്പിച്ചത് തെന്നിന്ത്യൻ താരം അനുഷ്കാ ഷെട്ടിയുടെ അനുഭവമാണ്. സൈസ് സീറോ എന്ന ചിത്രത്തിനായി അനുഷ്ക ഷെട്ടി വണ്ണം വച്ചിരുന്നു. എന്നാൽ പിന്നീട് താരം വണ്ണം കുറയ്ക്കാൻ പാടുപെട്ടു. ബാഹുബലിയിലെ ദേവസേനയുടെ വേഷം ചെയ്യാൻ വണ്ണം തടസമായപ്പോൾ വിദേശത്തു പോയി സർജറി ചെയ്താണ് വണ്ണം കുറച്ചത്. എന്നിട്ടും ദേവസേന കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിൽ എത്താൻ കഴിയാത്തതിനാൽ വണ്ണം കുറച്ചു കാണിക്കാൻ ഗ്രാഫിക്സ് കൂടി പ്രയോഗിക്കേണ്ടി വന്നു. എന്തായാലും കീർത്തിയുടെ തീരുമാനത്തെ തുടർന്ന് ഗ്രാഫിക്സിലൂടെ കീർത്തിയുടെ വണ്ണം കൂട്ടി കാണിക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ നാഗ് അശ്വിൻ. ചിത്രത്തിൽ ദുൽഖർ സൽമാനുമാണ്.