കൊളംബോ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ആതിഥേയരായ ശ്രീലങ്ക പതറുന്നു. ഇന്ത്യൻ വംശജനായ ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ് റിക്കാർഡ് പ്രകടനവുമായി കളം നിറഞ്ഞു. 116 റണ്‍സ് വഴങ്ങി കേശവ് മഹാരാജ് എട്ട് വിക്കറ്റുകൾ സ്വന്തമാക്കി. ശ്രീലങ്കൻ പര്യടനം നടത്തുന്ന ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം എന്ന റിക്കാർഡും ഇതിലൂടെ കേശവ് സ്വന്തമാക്കി.
ഒന്നാംദിനം കളി അവസാനിക്കുന്പോൾ ലങ്ക ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 277 റണ്‍സ് എടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കായി ഗുണതിലക (57 റണ്‍സ്), കരുണരത്ന (53 റണ്‍സ്), ധനൻജയ ഡിസിൽവ (60 റണ്‍സ്) എന്നിവർ അർധസെഞ്ചുറി നേടിയതൊഴിച്ചാൽ മറ്റാർക്കും തിളങ്ങാനായില്ല.
കേശവ് മഹാരാജിന്റെ കുടുംബവേരുകൾ ഉത്തർപ്രദേശിലെ സുൽത്താൻപുരിലാണ്. 1874ലാണ് ഇവർ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയത്. കേശവിന്റെ പിതാവ് അത്മനാനന്ദ് വിക്കറ്റ് കീപ്പറായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരമാണ് കേശവ് ബൗളിംഗിലേക്ക് മൂന്നാം വയസ് മുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്. ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പറായിരുന്ന കിരണ്‍ മോറെ കുഞ്ഞ് കേശവിനെ കൈയിലെടുത്ത് ഇവൻ ഒരു ക്രിക്കറ്റ് താരമാകുമെന്ന് പ്രവചിച്ചിരുന്നു. ദക്ഷിണാഫ്രിക്ക 1992ൽ ഇന്ത്യൻ പര്യടനം നടത്തിയപ്പോഴായിരുന്നു പ്രവചനം.