കൊച്ചി: കോവിഡും ഇതേത്തുടര്‍ന്നുള്ള ലോക്ക് ഡൗണും ജീവിതം വഴിമുട്ടിച്ചതിനെ തുടര്‍ന്ന് ഉപജീവനത്തിനായി തെരുവുകച്ചവടത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് കലാകാരന്മാരായ സഹോദരങ്ങള്‍.
കൊച്ചിന് ഡയമണ്ട് ഓര്‍ക്കസ്ട്രയുടെ ഉടമയായ മുപ്പത്തടം സ്വദേശി എം.എസ്. കേശവദാസും സഹോദരന് സജീവുമാണ് ജീവിക്കാന്‍ വേണ്ടി കലാലോകത്തുനിന്നും തെരുവുകച്ചവടത്തിലേക്ക് ഇറങ്ങിയത്.
ഇരുവരും ഗായകരാണ്.
കേരളത്തിനകത്തും പുറത്തും നിരവധി ഗാനമേള പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ഇവരെ കോവിഡും ഇതേതുടര്‍ന്നുള്ള ലോക്ക് ഡൗണും കടുത്ത ആഘാതമാണ് ഏല്‍പ്പിച്ചത്.
പരിപാടികള്‍ ഇല്ലാതായതോടെ ആദ്യം മീന്‍ കച്ചവടവും പിന്നീട് പൈനാപ്പിള്‍ കച്ചവടവും നടത്തിനോക്കി. എന്നാല്‍ വിജയിക്കാനായില്ല. ഇതിന് ശേഷമാണ് ഇപ്പോള്‍ ഹൈക്കോടതി ജംഗ്ഷന് സമീപം വഴിയരികില്‍ ചിപ്സ് വില്പന ആരംഭിച്ചിരിക്കുന്നത്.
ഗാനമേള ട്രൂപ്പിനൊപ്പം സ്വന്തമായി സ്വര്ണക്കടയും കേശവദാസിനുണ്ടായിരുന്നു. എന്നാല്‍ സ്വര്‍ണക്കട പിന്നീട് നിര്‍ത്തി. ഗാനമേള ട്രൂപ്പുമായി മുന്നോട്ടുപോകുകയായിരുന്നു. ഇതിനിടയിലാണ് ലോക്ക് ഡൗണ്‍ വില്ലനായി എത്തിയത്.
പരിചയമില്ലാത്ത മേഖലയായതിനാല്‍ മീൻ കച്ചവടത്തിലും പൈനാപ്പിൾ കച്ചവടത്തിലും തനിക്ക് വന്‍ നഷ്ടം സംഭവിച്ചതായി കേശവദാസ് പറയുന്നു. ചിപ്സ് കച്ചവടത്തിൽ ഇതിനൊരു മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് കേശവദാസനും സജീവും. കപ്പ, കായ, ചക്ക, പഴം എന്നിവ വറുത്തതാണ് വില്‍ക്കുന്നത്.
ഇവ പറവൂരില്‍നിന്നും വാങ്ങിയ ശേഷം വീട്ടിലെത്തിച്ച് പാക്ക് ചെയ്താണ് നഗരത്തിലെത്തിക്കുന്നത്. സജീവ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്ക്കിന് സമീപമാണ് കച്ചവടം നടത്തുന്നത്. 20 വര്‍ഷത്തിലേറെയായി കലാരംഗത്തു പ്രവര്‍ത്തിക്കുന്നവരാണ് താനും സഹോദരനും.
വിവിധ ഭാഷകളിലായി 2000 ഓളം ഗാനങ്ങള്‍ തനിക്കറിയാം. കുറച്ചു നാള് വിദേശത്തും ബോംബെയിലും സ്വര്‍ണപ്പണിക്കാരനായും ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. ഗാനമേള പരിപാടികള്‍ ഇല്ലാത്ത സമയങ്ങളില്‍ കേരളത്തിന്റെ വിവധ ഭാഗങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്.
എന്നാല്‍ ലോക്ക് ഡൗണ്‍ എല്ലാ മേഖലയിലെയും പോലെ തന്നെയും സാരമായി തന്നെ ബാധിച്ചു. ബാങ്ക് വായ്പകളെല്ലാം മുടങ്ങിയിരിക്കുകയാണ്. എങ്ങനെയെങ്കിലും ജീവിക്കണമെന്ന ആഗ്രഹത്തോടെയാണ് ഇപ്പോള്‍ തെരുവില്‍ കച്ചവടം നടത്താന്‍ എത്തിയിരിക്കുന്നത്.
കച്ചവടം തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും കേശവദാസ് പറയുന്നു. മക്കളായ അര്‍ജുനും വിഷ്ണുവും കച്ചവടത്തില്‍ പിതാവിന് സഹായത്തിന് കൂട്ടുണ്ട്. ഇരുവരും ഗായകരും ഡ്രമ്മറുമാണ്. മകള്‍ അഭിലാഷയും അഞ്ചുവര്‍ഷം സംഗീതം പഠിച്ചിട്ടുണ്ട്. കേശവദാസിന്റെ ഭാര്യ ബിന്ദുവും ഗായികയാണ്.