അജിത് മാത്യു
കൽപ്പറ്റ: നെല്ലിയന്പം ഇരട്ടക്കൊലപാതകം നടന്നിട്ട് നാളെ ഒരു മാസം തികയുന്പോഴും കൊലയാളികളെ സംബന്ധിച്ച ആശാവഹമായ യാതൊരുവിധ സൂചനയും ലഭിക്കാതെ പോലീസ്. നെല്ലിയന്പം കാവടം പത്മാലയത്തിൽ റിട്ട.അധ്യാപകൻ കേശവൻ (75), ഭാര്യ പത്മാവതി (68) എന്നിവരാണ് അജ്ഞാതസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ജൂണ് പത്തിന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കൊലയാളികളെ പിടികൂടാൻ സാധിക്കാത്തതുമൂലം പ്രദേശവാസികളൊന്നാകെ ഭീതിയിലായിരിക്കുകയാണ്.
അന്വേഷണം ശാസ്ത്രീയമായ രീതിയിലാണ് നടക്കുന്നതെന്നും തെളിവുകൾ ശേഖരിച്ചുവരികയാണെന്നുമാണ് പോലീസ് പറയുന്നത്. പ്രദേശവാസികളുടെ ഫിംഗർ പ്രിന്റ്, ഫൂട്ട് പ്രിന്റ്, മറ്റ് തെളിവുകൾ എന്നിവയെല്ലാം പോലീസ് ശേഖരിച്ചുവരികയാണ്.
മേഖലയിൽ മോഷണശ്രമങ്ങൾ പതിവാകുന്നു
എന്നാൽ പ്രദേശവാസികളെയാകെ ഭയപ്പാടിലാക്കി വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണ ശ്രമങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ പനമരത്ത്് രണ്ട് മോഷണ ശ്രമങ്ങളാണ് നടന്നത്.
പനമരം ചെറുകാട്ടൂർ ആനക്കുഴി മുതിരക്കാല ഫ്രാൻസിസിന്റെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. ഈ സമയം ഫ്രാൻസിസും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല.
രണ്ടു മക്കളിൽ ഒരാളാണ് വീട്ടിൽ ഉണ്ടായിരുന്നത്. സ്കൂട്ടറിൽ എത്തിയ പ്രതികൾ ജനലിലൂടെ അകത്തേക്ക് നോക്കുന്നത് മകൾ കണ്ടിരുന്നു.
അതിന് ശേഷം പുറത്തേക്ക് പോയ പ്രതികൾ സ്കൂട്ടറിനടുത്തേക്ക് പോയി കന്പിപ്പാരയുമായി വരുകയും വാതിൽ കുത്തിത്തുറക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇത് കണ്ട മകൾ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടി വന്നെങ്കിലും യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ തലേദിവസം തിങ്കളാഴ്ച പനമരം മില്ലുമുക്കിലും സമാന രീതിയിൽ മുഖംമൂടി സംഘം കവർച്ചക്ക് ശ്രമിച്ചിരുന്നു.
ഭീതിപരത്തി അജ്ഞാത സംഘവും
കൊലപാതകം നടന്ന് ദിവസങ്ങൾക്കുള്ളിൽ നാട്ടുകാരുടെ ഭീതി വർധിപ്പിച്ച് രണ്ട് സംഭവം കൂടി പ്രദേശത്ത് നടന്നിരുന്നു.
ഇരട്ടക്കൊലപാതകം നടന്ന താഴെനെല്ലിയന്പത്തിന് സമീപമുള്ള ചോയിക്കൊല്ലിയിൽ രാത്രിയിൽ അജ്ഞാത സംഘം എത്തിയതാണ് അതിലൊന്ന്.
ഇരട്ടക്കൊലപാതം നടന്ന വീടിന്റെ രണ്ട് കിലോമീറ്റർ മാത്രം ദൂരത്തിലുള്ള ചൊയിക്കൊല്ലി വാഴക്കണ്ടി ദേവദാസ് എന്നയാളുടെ വീട്ടുമുറ്റത്താണ് രാത്രി പതിനൊന്നരയോടെയാണ് ഒരു സംഘം ആളുകൾ വാഹനവുമായി എത്തിയത്.
ദേവദാസ് ലൈറ്റ് തെളിക്കുകയും നായ കുരയ്ക്കുകയും ചെയ്തതോടെ വാഹനം നിറുത്താതെ പോർച്ചിലുടെ കയറ്റി വേഗതയിൽ തിരിച്ചുപോകുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ദേവദാസ് പനമരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ മാറി ഇക്കഴിഞ്ഞ ദിവസം ഒരു മോഷണവും നടന്നിരുന്നു.
നെല്ലിയന്പം ലക്ഷംകുന്ന് കോളനിയിലെ കോലംപള്ളിയിൽ ശ്രദേവിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
വീടും പരിസരവും അരിച്ചുപെറുക്കിയിട്ടും നിരവധി പേരെ ചോദ്യം ചെയ്തിട്ടും പ്രതികളെ കുറിച്ചുള്ള ഒരു സൂചനയും കിട്ടിയിട്ടില്ല.
പോലീസിനു തലവേദനയായി ക്രമസമാധാന പ്രശ്നങ്ങൾ
കൊലപാതകത്തെത്തുടർന്ന് പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ വർധിക്കുന്നത് പോലീസിനും തലവേദനയാകുന്നുണ്ട്. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് രാപ്പകൽ അന്വേഷണത്തിലാണ് പോലീസ്. പ്രദേശത്തെ സിസിടിവി നിരീക്ഷണം, കോൾ ഡാറ്റ റെക്കോർഡ്സ്, പ്രാദേശിക വിവര ശേഖരണം തുടങ്ങിയ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് ഓരോ ടീമും പ്രവർത്തിക്കുന്നത്. മാനന്തവാടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
പ്രദേശത്തുനിന്നും ലഭിക്കുന്ന ഓരോ തെളിവുകളും ലാബിൽ അയച്ച് വിശദമായി പരിശോധിക്കുന്നുണ്ട്. അന്വേഷണം കൂടുതൽ വേഗത്തിലാക്കുന്നതിനായി കണ്ണൂരിൽനിന്ന് രണ്ട് സയന്റിഫിക് വിദഗ്ധരും അന്വേഷണ സംഘത്തോടൊപ്പം ചേർന്നിട്ടുണ്ട്. ലഭിക്കുന്ന തെളിവുകൾ നാഷണൽ ഡാറ്റ ബേസുമായി നൽകി വിശകലനം ചെയ്യുന്നുണ്ട്.