നെല്ലിയാന്പതി: വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേശവൻ പാറയിൽ വനംവകുപ്പ് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു. ഇതിനായി ഇന്നലെ പ്രദേശത്തെ വനസംരക്ഷണ സമതിയുടെ യോഗം ചേർന്നു. നെല്ലിയാന്പതിയിൽ ദിവസവും ഒട്ടേറെ വിനോദസഞ്ചാരികൾ എത്തുന്ന കേശവൻപാറ വ്യൂപോയിന്റിലേക്കു പ്രവേശിക്കാൻ ടിക്കറ്റ് ഏർപ്പെടുത്തുമെന്നു വനം ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം ഇതിനായി സ്ഥാപിച്ച ടിക്കറ്റ് കൗണ്ടർ പ്രയോജനപ്പെടുത്തും. തുടക്കത്തിൽ ടിക്കറ്റ് നിരക്ക് ചുരുങ്ങിയത് 10 രൂപയാക്കാനാണ് ആലോചന.സഞ്ചാരികൾ കടന്നുപോകുന്ന വഴിയിൽ പ്ലാസ്റ്റിക് മാലിന്യം പെരുകുന്നതും സഞ്ചാരികൾക്ക് ശുചിമുറി ഒരുക്കാത്തതും വനപാലകരെ അലട്ടുന്ന പ്രശ്നങ്ങളാണ്.
വനസംരക്ഷണ സമിതിയെ പ്രയോജനപ്പെടുത്തി പ്ലാസ്റ്റിക്മുക്ത വ്യൂപോയിന്റാക്കാനാണു പ്രഥമപരിഗണന. വിനോദസഞ്ചാരികൾക്ക് ശുചിമുറി ഒരുക്കുന്നതിനു വനംവകുപ്പിനു ഫണ്ട് കണ്ടെത്താനാകാത്തതുകൊണ്ട് സ്വകാര്യസംരംഭകരെ തേടുകയാണ്. കേശവൻപാറയിലുള്ള കെട്ടിടം ഉപയോഗയോഗ്യമാക്കി ശുചിമുറി നിർമിക്കാൻ ആലോചിക്കുന്നുണ്ട്. ഓണത്തിനു മുൻപ് വിനോദസഞ്ചാരികളെ ആകർഷിക്കത്തക്കവിധം വികസന പ്രവർത്തനങ്ങൾ നടപ്പാക്കും.