അദ്ദേഹം കസേരയില്‍ ഇരുന്ന് മാത്രം ജോലി ചെയ്യുന്ന ആളാണ്! അതായിരിക്കും മാധ്യമങ്ങള്‍ ശ്രദ്ധിക്കാതെ പോയത്; കേശവേന്ദ്രകുമാര്‍ ഐഎഎസിനെക്കുറിച്ച് ഒരു ഓര്‍മപ്പെടുത്തല്‍

കേരളത്തില്‍ അടുത്തകാലത്തായി ഏറെ വാര്‍ത്താപ്രധാന്യവും പൊതുജന പിന്തുണയും പുകഴ്ത്തലും നേടിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. ഭൂരിഭാഗം ആളുകളും തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് സേവനവും സഹായവുമാകുന്നവര്‍.

എന്നാല്‍ ചുരുക്കം ചില ആളുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മാത്രമാണ് ആളുകള്‍ ചര്‍ച്ച ചെയ്യുന്നതും അഭിനന്ദനം അറിയിക്കുന്നതും. മറ്റേക്കൂട്ടരും തങ്ങളുടെ ജോലി വളരെ ആത്മാര്‍ത്ഥമായും വൃത്തിയായും ഭംഗിയായും ചെയ്യുന്നുണ്ടെങ്കിലും ആരാലും അറിയപ്പെടുന്നില്ലെന്ന് മാത്രം.

അത്തരത്തിലൊരാളാണ് കേശവേന്ദ്രകുമാര്‍ ഐഎഎസ്. മുന്‍ വയനാട് ജില്ലാ കളക്ടര്‍. കരിയോയിലുവീണ കളക്ടര്‍. അശോക് കര്‍ത്ത എന്നയാളുടെ ഫേസ്ബുക്കിലാണ് കേശവേന്ദ്രകുമാറിനെ കുറിച്ചുള്ള വിശദമായ ഒരു കുറിപ്പ് വന്നിരിക്കുന്നത്.

അധികമാരും വാഴ്ത്താതെ ശ്രദ്ധിക്കപ്പെടാതെ പോയ ഉദ്യോഗസ്ഥനാണ് കേശവേന്ദ്ര കുമാര്‍ എന്നാണ് അശോക് കര്‍ത്ത കുറിച്ചിരിക്കുന്നത്. അതിനൊരു കാരണവും പറയുന്നുണ്ട്.

സ്വന്തം കസേരയിലിരുന്നുമാത്രമേ കേശവേന്ദ്ര കുമാര്‍ ജോലിചെയ്തിട്ടുള്ളു. അതാവും ഒരു മാധ്യമപ്രവര്‍ത്തകനും അദ്ദേഹത്തെ വാഴ്ത്തിക്കണ്ടിട്ടില്ലയെന്ന്. കേശവേന്ദ്ര കുമാര്‍ എന്ന ബിഹാറിലെ സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നയാള്‍ എങ്ങനെ ഇവിടെ വരെ എത്തിയെന്നും കേരളത്തിലെ അദ്ദേഹത്തിന്റെ പ്രശംസനീയമായ പ്രവര്‍ത്തനവും കുറിപ്പില്‍ വിവരിക്കുന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടറാണ് ഇപ്പോള്‍ ഇദ്ദേഹം.

അശോക് കര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ഇന്നെനിക്കെന്തോ കേശവേന്ദ്ര കുമാര്‍ IAS നെപ്പറ്റി എഴുതാന്‍ തോന്നുന്നു. കരിയോയിലുവീണ കളക്ടര്‍. സ്വന്തം കസേരയിലിരുന്നുമാത്രമേ കേശവേന്ദ്ര കുമാര്‍ ജോലിചെയ്തിട്ടുള്ളു. അതാവും ഒരു മാധ്യമപ്രവര്‍ത്തകനും അദ്ദേഹത്തെ വാഴ്ത്തിക്കണ്ടിട്ടില്ല.

ബീഹാറിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, റെയില്‍വേയില്‍ ബുക്കിങ്ങ് ക്ലാര്‍ക്കായി, അവിടെയിരുന്നു IGNOU ലൂടെ ബിരുദമെടുത്ത്, 22 ആം വയസില്‍ ആദ്യ ചാന്‍സില്‍ 45 ആം റാങ്കോടെ IAS നേടിയ വ്യക്തിയാണു കേശവേന്ദ്ര കുമാര്‍.

അങ്ങനെയൊരാള്‍ക്ക് സെലിബ്രിറ്റി ഹൈപ്പ് കൊടുക്കുന്നതില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് അസൂയ കാണും. അതൊന്നുമല്ലല്ലോ അവരുടെ സങ്കല്പത്തിലെ IAS വഴികള്‍. അല്ലെങ്കില്‍തന്നെ അദ്ദേഹം ചെയ്തതൊന്നും മാദ്ധ്യമങ്ങള്‍ക്ക് ആഘോഷിക്കാനുള്ളതായിരുന്നില്ല.

ജീവിതത്തിന്റെ കാര്‍ക്കശ്യം അറിഞ്ഞുവളര്‍ന്ന കേശവേന്ദ്ര കുമാറിനു സഹജീവികളോട് ചെയ്യുന്ന ഉത്തരവാദിത്തം ആഘോഷിക്കേണ്ടതാണെന്നു തോന്നിയിട്ടുമുണ്ടാവില്ല. അല്ലെങ്കില്‍ ഏതു കളക്റ്റര്‍ വിളിച്ചാലാണു പത്രക്കാര്‍ വരാത്തത്?

ഭരണഘടനയോട് കൂറുപുലര്‍ത്തുകയും, ജനങ്ങളോട് കടപ്പെട്ടിരിക്കുകയും ചെയ്യുന്നതാണു ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ സാക്ഷാത്ക്കാരം. അതിന്റെ തൃപ്തി ഒന്നുവേറെയാണു. കേശവേന്ദ്ര കുമാര്‍ അതായിരിക്കും അനുഭവിക്കുന്നത്.

വയനാട്ടില്‍ കളകറ്ററായിരിക്കെ ആദിവാസി സെറ്റില്‍മെന്റിനു അദ്ദേഹം ചെയ്തകാര്യങ്ങള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഗിരിവര്‍ഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി വിലയ്ക്കുവാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വലിയ കുംഭകോണത്തിനു സാദ്ധ്യതയുള്ള പദ്ധതിയാണു.

പുനരധിവാസ മേഖലകള്‍ നിശ്ചയിച്ചപ്പോള്‍ കളക്റ്റര്‍ ആദ്യം ആവശ്യപ്പെട്ടത് RDO / താസില്‍ദാര്‍ റിപ്പോര്‍ട്ടാണു. സ്ഥലം മേടിക്കുന്നതില്‍ അദ്ദേഹം ചില മാനദണ്ഡങ്ങള്‍ വച്ചു. കുടിവെള്ളം കിട്ടണം. യാത്രാ സൌകര്യമുണ്ടായിരിക്കണം.

വീടുവക്കാനും, കൃഷി ചെയ്യാനും പറ്റിയതായിരിക്കണം. സ്ഥലങ്ങളുടെ വീഡിയോ ക്ലിപ് സഹിതം വേണം റിപ്പോര്‍ട്ട്. സാധാരണഗതിയില്‍ ജനവാസയോഗ്യമല്ലാത്ത കയ്യൊഴിക്കാനിട്ടിരിക്കുന്ന ഭൂമിയാണു സര്‍ക്കാര്‍ പദ്ധതികള്‍ക്ക് എടുക്കാറ്. അതിനു പ്രേരിപ്പിക്കാന്‍ ആളും കാണും. കേശവേന്ദ്രകുമാര്‍ ആദിവാസികളേ തന്നേപ്പോലെ തന്നെ കണ്ടു. തനിക്കു വേണ്ടത് അവര്‍ക്കുമുണ്ടാകണമെന്നു ആഗ്രഹിച്ചു.

സര്‍ക്കാര്‍ ഭൂമിയെടുക്കുമ്പോള്‍ ഇടനിലക്കാര്‍ – മിക്കവാറും രാഷ്ട്രീയക്കാര്‍ – ചാടിവീഴും. കളക്റ്റര്‍ അതിനു അവസരം കൊടുത്തില്ല. ഭൂ ഉടമകളുമായി നേരിട്ടായിരുന്നു ഇടപാട്. അവരെ വിളിച്ചുവരുത്തി. കാര്യങ്ങള്‍ വിശദീകരിച്ചു.

ഭൂമി സര്‍ക്കാര്‍ എടുക്കും. ഇടനിലക്കാര്‍ ഉണ്ടാവില്ല. ഉദ്യോഗസ്ഥന്മാരോ, മറ്റാരെങ്കിലുമോ ഇടനിലക്കാരായി വന്നിട്ടുണ്ടെങ്കില്‍ പറയണം. അതു നടക്കില്ല. വസ്തുവിനു അര്‍ഹിക്കുന്ന വിലയേ തരു. അതിനുശേഷമാണു വിലനിശ്ചയനടപടികളിലേക്ക് കടന്നത്.

പൊട്ടപ്പാറയ്ക്കുപോലും അന്‍പതിനായിരവും അറുപതിനായിരവും കൊടുത്തു പൊരുത്തുകാശും പങ്കുവെച്ച് പിരിയുന്ന ഒരിടപാടായിരുന്നില്ല അദ്ദേഹം മുന്നോട്ടുവച്ചത്. ആദിവാസികള്‍ക്ക് അവിടെ ജീവിക്കാന്‍ കഴിയണം.

അതുകൊണ്ട് വസ്തുവിന്റെ നല്പനുസരിച്ച് വിലപേശിത്തീരുമാനിക്കാം. കളക്റ്റര്‍ അടിസ്ഥാന ഭൂവിലയില്‍ തുടങ്ങി. ഉടമകള്‍ ആറോ ഏഴോ ഇരട്ടിപിടിച്ചു. കളക്റ്റര്‍ ചിരിച്ചു. ഇടനിലക്കാരില്ലെന്നു ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തി. ഉടമകള്‍ 500 കുറച്ചു. കളക്റ്റര്‍ 500 കൂട്ടി. അതൊടുവില്‍ നടപ്പുവിലയ്ക്ക് താഴെവച്ച് ഉറപ്പിക്കുന്നു. 3000 കുടുംബങ്ങള്‍ക്ക് അങ്ങനെ ഭൂമി കിട്ടി.

സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക്. ഇതൊക്കെ കളക്റ്ററുടെ തൊഴിലല്ലെ എന്നു പറയുന്നവരുണ്ടാകാം. അതെ, കളക്റ്റര്‍ തന്റെ തൊഴില്‍ ചെയ്താല്‍ മതി. മാദ്ധ്യമങ്ങളില്‍ വരണമെന്നില്ല. ജനങ്ങള്‍ക്ക് ഗുണം ലഭിക്കും.

പക്ഷെ അങ്ങനെയൊരു വാശി പലപ്പോഴും കളക്റ്ററന്മാര്‍ കാണിക്കാറില്ല. കേശവേന്ദ്രകുമാര്‍ അതേ കാണിക്കു. അതാണു അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്. നാഷണല്‍ ഹെല്‍ത് മിഷന്‍ ഡിറക്റ്ററാണിപ്പോള്‍ കേശവേന്ദ്ര കുമാര്‍.

ഭരതവാക്യം : കേശവേന്ദ്ര കുമാര്‍ കളക്റ്ററായിരിക്കുമ്പോള്‍ വയനാട്ടില്‍ നിന്നു വരുന്ന പരാതിക്കാരോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിക്കും.

നിങ്ങള്‍ കളക്റ്ററെ കണ്ടില്ലെ? നടക്കാവുന്നതാണെങ്കില്‍ അവിടെ നടക്കുമായിരുന്നല്ലോ! അതുപോലെ ഒരു ക്വാറിമുതലാളിയോടും നിസംഗനായി പറഞ്ഞു. ‘അവിടെ കേശവേന്ദ്ര കുമാറാണു കളക്റ്റര്‍’. അയാളൂടെ ക്വാറി പൂട്ടിപ്പോയിരുന്നു. തുറക്കാന്‍ പറ്റുന്നില്ല. ആൗ്വ!

Related posts