സ്വന്തം ലേഖകൻ
തൃശൂർ: കാർഷിക വിളകൾ നനയ്ക്കാൻ മോട്ടോർ പന്പ് പ്രവർത്തിപ്പിക്കരുതെന്നു കർഷകരോടു കെഎസ്ഇബി ഉദ്യോഗസ്ഥർ. വൈദ്യുതി ഉപയോഗം കൂടുന്നതിനാൽ കർഷകർ പറന്പും മറ്റും നനയ്ക്കുന്നതു കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥർ ഭീഷണി ഉയർത്തുന്നത്.ഓരോ കർഷകരുടെയും ഫോണ്‍നന്പറിൽ വിളിച്ചാണ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നത്.
വേനൽ കടുത്തതിനാൽ വീടുകളിൽ എസിയും ഫാനുമൊക്കെ പ്രവർത്തിപ്പിക്കാൻ കൂടുതൽ വൈദ്യുതി വേണ്ടിവരുന്നതിനാൽ കർഷകർ മോട്ടോർ പന്പ് പ്രവർത്തിപ്പിക്കുന്നതു കുറയ്ക്കണമെന്നാണ് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്.
കടുത്ത ചൂടിൽ കാർഷിക വിളകൾ നിലനിർത്താൻ കർഷകർ പെടാപ്പാടു പെടുന്പോഴാണ് ഇത്തരം നടപടി.
ആഴ്ചയിൽ ഒരിക്കലെങ്കിലും ഇപ്പോൾ നനച്ചില്ലെങ്കിൽ എല്ലാ വിളകളും നശിച്ചുപോകുന്ന സാഹചര്യമാണ്. വർഷങ്ങളായി ജാതി, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങി മലയോരഗ്രാമങ്ങളിൽ വച്ചുപിടിപ്പിച്ചിട്ടുള്ളവ നനയ്ക്കാതിരുന്നാൽ ഉണങ്ങി നശിക്കുമെന്നതിൽ സംശയമില്ല.
ആഴ്ചയിൽ ഒരിക്കലെങ്കിലും നനച്ചില്ലെങ്കിൽ കനത്ത ചൂടിൽ എല്ലാ വിളകളും നശിച്ചാൽ കർഷകർക്കു പിന്നെ ജീവിക്കാൻ വഴികളില്ലാതാകും. പലരും ബാങ്കുകളിൽനിന്ന് ലോണെടുത്താണ് കൃഷി ചെയ്തു വരുന്നത്. ഡാമുകളിൽ വെള്ളമുള്ളതിനാൽ നനയ്ക്കാൻ ജലക്ഷാമം ഇതുവരെ നേരിട്ടിട്ടില്ല.
ചില സ്ഥലങ്ങളിൽ കുഴൽകിണറുകളിൽനിന്നാണ് നനയ്ക്കുന്നത്. കർഷകർക്കു സൗജന്യമായി വൈദ്യുതി നല്‍കുന്നുണ്ടെന്നു പറഞ്ഞാണ് മോട്ടോർ അടിച്ചു നനയ്ക്കുന്നതു നിർത്തണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്. രേഖാമൂലം ഇത്തരം അറിയിപ്പുകൾ നല്‍കണമെന്ന് കർഷകർ ആവശ്യപ്പെട്ടപ്പോൾ നല്‍കാനാകില്ലെന്നായിരുന്നു മറുപടി.
മുകളിൽ നിന്ന് രഹസ്യ നിർദേശം നല്‍കിയതിനാലാണ് കർഷകരെ വിളിക്കുന്നതത്രേ. കാർഷിക വിളകൾ നനയ്ക്കുന്നതു കണ്ടാൽ നടപടിയെടുക്കുമെന്നു വരെ ചില ഉദ്യോഗസ്ഥർ പറയുന്നുണ്ടത്രേ.