മിമിക്രിയിലൂടെ സിനിമയിലെത്തുകയും പിന്നീട് സംവിധാനത്തിലും മികവു തെളിയിച്ച ബഹുമുഖ പ്രതിഭയാണ് നാദിർഷ. നാദിർഷ സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റുകളായിരുന്നു. തന്റെ നാലാമത്തെ സിനിമ റിലീസ് ചെയ്യാനൊരുങ്ങുകയാണ് നാദിർഷ. കേശു ഈ വീടിന്റെ നാഥനെന്ന സിനിമയിൽ ഉറ്റ സുഹൃത്ത് ദിലീപാണ് നായകൻ.
ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, കോട്ടയം നസീർ, നെസ്ലിൻ, സ്വാസിക തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദിലീപിന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്.
കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയുടെ തിരക്കഥയെഴുതിയത് സുരാജ് വെഞ്ഞാറമൂടിനെ മനസിൽ കണ്ടുകൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നാദിർഷ. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നാദിർഷയുടെ ഈ വെളിപ്പെടുത്തൽ.
ദിലീപ് ചെയ്യുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല. പിന്നീട് കേശുവിന്റെ ഗെറ്റപ്പിലേക്ക് മാറി തുടങ്ങിയപ്പോൾ നായകനായി ഉറപ്പിക്കുകയായിരുന്നു. സുരാജിന് വേണ്ടിയാണ് കേശു ഈ വീടിന്റെ നാഥൻ എഴുതിയത്. സുരാജിനോട് പറഞ്ഞപ്പോൾ ഇഷ്ടമാവുകയും ചെയ്തു.
പിന്നീട് ദിലീപിനോട് സംസാരിക്കവെ കഥ കേട്ട് ഇഷ്ടപ്പെട്ട് അവനു കുറച്ച് സമയം വേണമെന്ന് പറഞ്ഞു. അങ്ങനെ മുടിയൊക്കെ വടിച്ച് അവൻ കേശുവായി കാണിച്ചപ്പോൾ ഓക്കെയായി തോന്നി. ഉർവ്വശി ചേച്ചിക്ക് മാച്ചാകണം എന്ന് മാത്രമാണ് എപ്പോഴും ചിന്തിച്ചിരുന്നത്.
കേശുവെന്ന കഥാപാത്രം നന്നായിട്ടുണ്ടെങ്കിൽ അതിന്റെ എല്ലാ ക്രെഡിറ്റും ഉർവശി അവതരിപ്പിക്കുന്ന രത്നമ്മ എന്ന കഥാപാത്രത്തിനാണ്. ഉർവശി ചേച്ചി നായികയാകണമെന്നത് നേരത്തെ തീരുമാനിച്ചിരുന്നു. അതിന് മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ല.
ഉർവശി ചേച്ചിക്കൊപ്പം നിൽക്കുന്ന പ്രകടനം ചെയ്യാൻ ദിലീപ് പരമാവധി ശ്രമിച്ചിട്ടുണ്ട്. അവരുടെ മത്സരമായിരുന്നു. അതുകൊണ്ട് കേശു നന്നായാൽ ക്രെഡിറ്റ് ഉർവശി ചേച്ചിക്കാണ്- നാദിർഷ വ്യക്തമാക്കി.
-പിജി