കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയും ദുബായിയിലെ വ്യവസായിയുമായ ഫൈസല്‍ ഫരീദിനെ പിടികൂടുന്നതിനായി എന്‍ഐഎ ഇന്റർപോളിന്റെ സഹായം തേടും. ഇയാള്‍ക്കായി വാറന്റ് പുറപ്പെടുവിക്കാന്‍ കോടതിയില്‍ എന്‍ഐഎ ഇന്നലെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
വാറന്റ് പുറപ്പെടുവിച്ചാല്‍ ഇന്റർപോള്‍ പ്രതിക്കായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് പ്രതിയുടെ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറും. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ യുഎഇ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ.
യുഎഇയില്‍ നിന്നു സ്വര്‍ണം അയക്കുന്നതിലെ പ്രധാനി ഫൈസല്‍ ആണെന്നും ഡിപ്ലോമാറ്റിക് ബാഗേജിന് നയതന്ത്രപരിരക്ഷ ഉറപ്പുവരുത്തുന്നതിന് വ്യാജരേഖകള്‍ ചമച്ചതും ഇയാളാണെന്ന് എന്‍ഐഎ അറിയിച്ചു.
ദുബായിയില്‍നിന്നും അയക്കുന്ന സ്വര്‍ണം കേസിലെ ഒന്നാം പ്രതി സരിത്താണ് കൈപ്പറ്റിയിരുന്നത്. മലപ്പുറം സ്വദേശിയായ റെമീസിന് വേണ്ടിയാണ് സ്വര്‍ണം എത്തിച്ചിരുന്നത്. ജൂണില്‍ മാത്രം 27 കിലോയോളം സ്വര്‍ണമാണ് പ്രതികള്‍ കടത്തിയത്.
സന്ദീപ് നായരും സ്വപ്നയും സരിത്തുമായിരുന്ന കള്ളക്കടത്തിന് ചുക്കാന്‍ പിടിച്ചത്. പ്രതികള്‍ കടത്തിയ സ്വര്‍ണം ജ്വല്ലറികള്‍ക്കല്ല നല്‍കിയതെന്നും തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയും യുഇഎയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തന്നെ ബാധിക്കുന്ന പ്രവൃത്തികളാണ് കള്ളക്കടത്ത് സംഘത്തിലൂടെയുണ്ടായിരിക്കുന്നത്.
സന്ദീപ് നായരുടെ ബാഗും മൊബൈല്‍ ഫോണും പരിശോധിക്കുന്നതിന് എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ബംഗളൂരുവില്‍നിന്നും പിടിക്കപ്പെടുമ്പോള്‍ മഹസറെഴുതി മുദ്രവച്ച ബാഗ് കോടതിയുടെ മേല്‍നോട്ടത്തില്‍ തുറക്കാനാണ് അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
ഇതോടെ അന്വേഷണം ഉന്നതരിലേക്കെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായ വിവരങ്ങള്‍ ഈ ട്രോളി ബാഗില്‍ നിന്നും ലഭിക്കുമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ. ബംഗളൂരുവില്‍ സന്ദീപിന്റെ സുഹൃത്തിന്റെ പക്കല്‍ നിന്നുമാണ് എന്‍ഐഎ ബാഗ് പിടിച്ചെടുത്തത്. കേസന്വേഷണം ആരംഭിച്ചതോടെ ബാഗ് സന്ദീപ് തന്റെ സുഹൃത്തിനെ ഏല്‍പ്പിക്കുകയായിരുന്നു.
ഇതിന്റെ താക്കോല്‍ സന്ദീപില്‍നിന്നും എന്‍ഐഎ പിടിച്ചെടുത്തിരുന്നു. അതേസമയം കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ഇന്നലെയാണ് ഇരുവരെയും എന്‍ഐഎ കോടതി ഏഴ് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. വന്‍ഗൂഢാലോചന നടന്ന കേസില്‍ പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റിഡിയില്‍ വേണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടത്.
ഫൈസൽ ഫരീദിന്റെ തൃശൂരിലെ വീട്ടിൽ ഇന്നലെ സംഭവിച്ചത്…
കയ്പമംഗലം/ തൃശൂർ: സ്വർണക്കടത്തുകേസിലെ മൂന്നാം പ്രതിയും പ്രധാന കണ്ണിയുമായ ഫൈസൽ ഫരീദിന്റെ കയ്പമംഗലത്തെ വീട്ടിൽ ഇന്നലെ രാത്രി കസ്റ്റംസ് സംഘം പരിശോധനയ്ക്കെത്തിയതായി സൂചന.
രാത്രി പത്തരയോടെ പുത്തൻപള്ളിയിലെ പൂട്ടിക്കിടക്കുന്ന വീട്ടിലെത്തിയ സംഘം താക്കോലിനായി സമീപത്തെ ബന്ധുവീട്ടിൽ അന്വേഷിച്ചുചെന്നു.
താക്കോൽ അവിടെയില്ലായിരുന്നതിനാൽ സംഘത്തിനു വീട്ടിനകത്തുകയറി പരിശോധന നടത്താനായില്ല. കയ്പമംഗലം മൂന്നുപീടിക പടിഞ്ഞാറുള്ള തേപറന്പിൽ വീട് ഏതാനും വർഷങ്ങളായി പൂട്ടിക്കിടക്കുകയാണ്.
ദുബായിൽ ജോലി ചെയ്തിരുന്ന പിതാവിനു സമീപത്തേക്ക് ബിബിഎ പഠനത്തിനായി സ്റ്റുഡന്റ്സ് വീസയിലാണ് ഫൈസൽ നാട്ടിൽനിന്നു പോയതെന്നു പറയുന്നു. പത്തൊന്‍പതാം വയസിൽ ആഡംബര വാച്ച് കന്പനിയിൽ സ്റ്റോർ ഇൻ ചാർജായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് മൊബൈൽ വില്പന ശൃംഖലയിലും ജോലിചെയ്തു.
ചെറുപ്പത്തിൽ തന്നെ വാഹനങ്ങളോട് ഭ്രമം ഉണ്ടായിരുന്ന ഫൈസൽ, പിന്നീടാണ് ആഡംബര വാഹനങ്ങളുടെ വർക്ക്ഷോപ്പ് ഫൈസി മോട്ടോഴ്സ് എന്ന പേരിൽ ആരംഭിച്ചത്.
ഇതോടെയാണ് ജീവിതത്തിൽ ഇദ്ദേഹം ക്ലച്ച് പിടിച്ചു തുടങ്ങിയതെന്നു പറയുന്നു. കാർ റേസിംഗിലും കന്പമുണ്ടായിരുന്ന ഫൈസലിന് പ്രമുഖർ അടക്കമുള്ള വലിയ സുഹൃദ്സംഘമുണ്ട്. ജിംനേഷ്യവും ഇയാൾ നടത്തിയിരുന്നു.
ഉപ്പയ്ക്ക് അസുഖമായതിനെ തുടർന്നാണ് ഉമ്മയേയും സഹോദരങ്ങളേയും ദുബായിയിലേക്ക് കൊണ്ടുവന്നത്. വിദേശത്തുനിന്ന് തന്നെയായിരുന്നു ഫൈസൽ വിവാഹം കഴിച്ചത്. വിവാഹത്തിൽ പ്രമുഖരായ ഒട്ടേറെപ്പേർ സംബന്ധിച്ചിരുന്നു.
ഇതേസമയം ചെറുപ്പം മുതലേ പരസഹായിയാണ് ഫൈസലെന്നും ഇപ്പോഴും സാന്പത്തിക ബാധ്യതയുണ്ടെന്നും ഈ കേസിൽപ്പെടുത്തിയതാണെന്നും ബന്ധുക്കൾ പറയുന്നു. ഫൈസൽ തെറ്റായ രീതിയിൽ പ്രവർത്തിക്കില്ലെന്നും കള്ളത്തരം ചെയ്യുന്ന സ്വഭാവമല്ലെന്നും ഇവർ പറയുന്നു.
എൻഐഎയുടെ പ്രാഥമിക റിപ്പോർട്ടിൽ മൂന്നാം പ്രതിയായി കൊച്ചി സ്വദേശി ഫാസിൽ ഫരീദ് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പ്രതിയുടെ ശരിയായ പേര് ഫൈസൽ ഫരീദ് എന്നാക്കണമെന്ന് ഇയാൾക്കായി വാറണ്ട് പുറപ്പെടുവിക്കാൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
ഫൈസലിന്റെ വീട്ടിൽ അന്വേഷണ സംഘം എത്തിയതു സംബന്ധിച്ച് ലോക്കൽ പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. അതേസമയം, കസ്റ്റംസിന്റെ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട ഫാസിൽ ഫരീദ് താനല്ല എന്നു പറഞ്ഞു രക്ഷപ്പെടാനുള്ള ഫൈസ ലിന്റെ തന്ത്രം എൻഐഎ രേഖകൾ തിരുത്തി ഫൈസൽ ഫരീദ് തന്നെയെന്നു പറഞ്ഞു നൽകിയതോടെ പൊളിഞ്ഞു. അതേസമയം, ചില സുഹൃത്തുക്കളെ മറയാക്കി രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിലാണ് ഇയാളെന്നാണ് വിവരം.