കോഴിക്കോട്: കേരളത്തിന്റെ കരുതലിനും നന്ദിയര്‍പ്പിച്ച് ഖുഷ്നുമ ജന്മനാടായ യുപിയിലേക്ക് മടങ്ങി.
ആറുമാസത്തെ വേര്പാടിന് ശേഷം സഹോദരി സുരക്ഷിതമായ കൈകളിലാണെന്ന തിരിച്ചറിഞ്ഞ് ബിജ്നോറില് നിന്നും തിരിച്ച സഹോദരങ്ങള്‍ ഇന്നലെ കോഴിക്കോട് എത്തുകയും ഖുഷ്നുമയെ കൂട്ടി മടങ്ങുകയുമായിരുന്നു.
യുപിയിലെ ബിജ്നോറില്നിന്നും ആറുമാസങ്ങള്‍ക്ക് മുമ്പ് കാണാതായ ഖുഷ്നുമ (46) യെ കോഴിക്കോട് നഗരത്തില്‍ ലക്ഷ്യസ്ഥാനമില്ലാതെ അലയുന്ന സാഹചര്യത്തില്‍ പോലീസാണ് കണ്ടെത്തിയത്.
മാനസിക വെല്ലുവിളി നേരിട്ടതിനാല്‍ കോടതി നിര്‍ദേശ പ്രകാരം ചികിത്സക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയുമായിരുന്നു.
ചികിത്സയില്‍ കഴിയവെ യുവതിക്ക് സ്വന്തം നാടിനെ കുറിച്ച് പോലും അറിവില്ലായിരുന്നു.
യുപിയിലെ ബിജ്നോര്‍ ജില്ലയിലെ നജിബാബാദ് പോലീസുമായി ആഭ്യന്തര വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശിവന് ബന്ധപ്പെടുകയും നജീബാബാദ് എഎസ്ഐ വഴി ഭര്‍ത്താവിനെയും ബന്ധുക്കളെയും അവിടെ കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് അമ്മയോടും സഹോദരനോടും ആശയവിനിമയം നടത്തി ഖുഷ്നുമ സുരക്ഷിതയാണെന്ന് അറിയിക്കുകയും അവര്‍ കോഴിക്കോട്ടേക്ക് തിരിക്കുകയുമായിരുന്നു.മാനസികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മരുന്നുകളും സാമ്പത്തിക സഹായങ്ങളും നല്‍കിയാണ് ഖുഷ്നുമയെ യാത്രയാക്കിയത്.