പരവൂർ: പുത്തൻകുളത്ത് ആന പാപ്പാൻമാർക്ക് താമസിക്കാനായി നിർമിച്ച കെട്ടിടത്തിന്റെ ഭിത്തിയിടിഞ്ഞ് വീണു രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്ക്. മേവനക്കോണം സ്വദേശി രഞ്ജിത്ത് (30), ചന്തു (30) എന്നിവരാണ് മരിച്ചത്. ഭരതന്നൂർ സ്വദേശി സുധി (24), കിളിമാനൂർ സ്വദേശി വിഷ്ണു (18), ആറ്റിങ്ങൽ സ്വദേശി കുട്ടൻ (27) എന്നിവരാണ് പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്ന് പുലർച്ചെ 3.40ഓടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ ഭിത്തിയോട് ചേർന്ന് പുറത്ത് വളരെ ഉയരത്തിൽ വെട്ടുകല്ല് അടുക്കിവച്ചിരിക്കുകയായിരുന്നു. ശക്തമായ മഴയിൽ വെട്ടുകല്ല് അലിഞ്ഞ് ബലക്കുറവുള്ള ഭിത്തിയിലേക്ക് മറിഞ്ഞതാണ് അപകട കാരണമെന്നാണ് പോലീസ് നിഗമനം .
നീളത്തിൽ കെട്ടിയ മുറിക്കുള്ളിലെ ഭിത്തിയോട് ചേർന്നാണ് അഞ്ചുപേരും കിടന്നിരുന്നത്. മണ്ണിനടിയിൽ പെട്ട അഞ്ചുപേരെയും ജെസിബി എത്തിച്ച് മണ്ണ് നീക്കിയാണ് പുറത്തെടുത്തത്. രണ്ടുപേർ മരിച്ചനിലയിലായിരുന്നു. ഇവരുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആന ഉടമയായ പുത്തൻകുളം ഷാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നതെന്ന് പോലീസ് പറഞ്ഞു.
പരവൂർ പോലീസും കൊല്ലം, പരവൂർ, ചാമക്കട, വർക്കല എന്നിവിടങ്ങളിൽനിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റും മണിക്കൂറുകളോളം ശ്രമം നടത്തിയാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.