പനമരം: പഞ്ചായത്തിലെ കുടുബശ്രീ അംഗങ്ങളായ വീട്ടമ്മമാർ കെട്ടിടനിർമാണ രംഗത്തു ചുവടുറപ്പിക്കുന്നു. ശ്രീദീപം കണ്സ്ട്രക്ഷൻ ഗ്രൂപ്പ് രൂപികരിച്ച വീട്ടമ്മമാർ വിവിധ പ്രവൃത്തികൾ ഏറ്റെടുത്തു വിജയകരമായി നടത്തിവരികയാണ്.12 പേരാണ് ശ്രീദീപം ഗ്രൂപ്പിൽ. പുരുഷന്മാരുടെ കുത്തകയായിരുന്ന തൊഴിൽ മേഖലയിലാണ് സ്ത്രീകൾ സജീവസാന്നിധ്യം അറിയിക്കുന്നത്.
മുന്പ് നിർമാണരംഗത്തു കൈയാളുകൾ മാത്രമായിരുന്നു സ്ത്രീ തൊഴിലാളികൾ. കല്ല്, മണൽ ചുമടും ചാന്ത് കൂട്ടലും സിമന്റും മണലും നിശ്ചിത അളവിൽ ചേർത്ത് പരുക്കൻ തയാറാക്കലും മറ്റുമാണ് നിർമാണ സ്ഥലങ്ങളിൽ സ്ത്രീ തൊഴിലാളികൾ ചെയ്തിരുന്നത്. എന്നാൽ മേസ്തിരിയായും കൈയാളായും സ്ത്രീകൾ പ്രവർത്തിക്കുന്നതാണ് ഇപ്പോൾ കാണുന്നത്.
തറ, ഭിത്തി, മതിൽ പണിയിലും തേപ്പുജോലികളിലും ഒന്നര മാസത്തെ പരിശീലനം പൂർത്തിയാക്കിയാണ് ശ്രീദീപം അംഗങ്ങൾ നിർമാണരംഗത്തിറങ്ങിയത്. പഞ്ചായത്തിലെ ഒന്പതാം വാർഡിൽ ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമാണം ശ്രീദീപം പൂർത്തിയാക്കിവരികയാണ്.
കണിയാന്പറ്റ പഞ്ചായത്തിലെ നടവയൽ പാടിക്കുന്നിൽ അപ്പാരൽ പാർക്കിന്റെ നിർമാണവും വീട്ടമ്മമാർ നടത്തുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ പനമരം ഗവ. എൽപി സ്കൂളിൽ പൂന്തോട്ട നിർമാണത്തിന്റെ ഭാഗമായി ഹോളോബ്രിക്സ് ഉപയോഗിച്ച് മതിൽ കെട്ടുന്ന പ്രവൃത്തിയാണ് വീട്ടമ്മമാർ ഇപ്പോൾ നടത്തുന്നത്.
ശ്രീദീപം പ്രവർത്തർക്കു കുടുംബശ്രീ സിഡിഎസ് പ്രോത്സാഹനം നൽകുന്നുണ്ടെന്നു ചെയർപേഴ്സണ് കെ.വി. സുലോചനയും വൈസ് ചെയർപേഴ്സണ് രാധ വേലായുധനും പറഞ്ഞു. ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ഓരോ പ്രവൃത്തിയും ഏറ്റെടുത്തു നടത്തുന്പോൾ ആത്മവിശ്വാസം വർധിക്കുകയാണെന്നു ഗ്രൂപ്പ് അംഗങ്ങളായ സഫിയയും റീല അഷ്റഫും പറഞ്ഞു.