കെട്ട്യോളാണ് എന്റെ മാലാഖ ചിത്രം കണ്ടിറങ്ങുന്നവര്‍ക്കു പറയാന്‍ ഒന്നേയുള്ളൂ. ഇതു സ്ലീവാച്ചന്റെയും റിന്‍സിയുടെയും സിനിമയാണ്. പിന്നെ കുടുംബ പ്രേക്ഷകരുടെയും. നടീ നടന്മാരില്ല, ജീവിതാനുഭവങ്ങള്‍ നേരില്‍ കണ്ടിറങ്ങുന്ന അനുഭവം. നിസാം ബഷീര്‍ സംവിധാനം നിര്‍വഹിച്ച ആസിഫ് അലി ചിത്രം കെട്ട്യോളാണ് എന്റെ മാലാഖ തിയറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുന്നു.
സിനിമയില്‍ ആസിഫ് അലിയാണ് സ്ലീവാച്ചനായി എത്തുന്നത്. സ്ലീവാച്ചന് വിവാഹം കഴിക്കുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. റിന്‍സിയെ അവതരിപ്പിക്കുന്ന വീണ നന്ദകുമാറും പിന്നെ ജാഫര്‍ ഇടുക്കിയും രവീന്ദ്രനുമൊക്കെ കഴിഞ്ഞാല്‍ അഭിനയിക്കുന്നവരില്‍ അധികവും പുതുമുഖങ്ങളാണ്.
അടിമാലി സ്വദേശി അജി പീറ്റര്‍ തങ്കമാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ശക്തമായ അടിത്തറയുള്ള തിരക്കഥ തന്നെയാണ് ഈ സിനിമയെ മുന്നോട്ടു നയിക്കുന്നതെന്നു പറയാം. ഉപ്പും മുളകും സീരിയലില്‍ ബാലുവിന്റെ അമ്മയായി അഭിനയിക്കുന്ന മനോഹരിയമ്മയാണ് ആസിഫ് അലിയുടെ അമ്മയായി വേഷമിടുന്നത്.
അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍, ജസ്റ്റിന് സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ബേസില്‍ ജോസഫ്, ഡോ. റോണി, ശ്രുതി ലക്ഷ്മി, ജയലക്ഷ്മി, സ്മിനു സിജോ, സിനി ഏബ്രഹാം, ജെസ്ന സിബി, ജോര്‍ഡി, സന്തോഷ് കൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.