കോട്ടയം: നട്ടാശേരി പ്ലാത്തറ വീട്ടിൽ കെവിൻ ജോസഫിനെ (23) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ദുരഭിമാന കൊലയെന്ന് സംശയം. കെവിന്റെ ഭാര്യ നീനയുടെ ബന്ധുക്കളാണ് ഇപ്പോൾ പ്രതി സ്ഥാനത്തുള്ളത്.
കെവിനും നിനയും പ്രണയത്തിലായി രജിസ്റ്റർ വിവാഹം കഴിച്ചത് ഇഷ്ടപ്പെടാത്ത നിനയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയത്ത് ബികോം വിദ്യാർഥിയാണ് തെന്മല സ്വദേശി നീന.
ഇലക്ട്രീഷ്യനായ കെവിനുമായി ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഏതാനും ദിവസം മുൻപേ ഇവർ ഓണ്‍ ലൈൻ വഴി രജിസ്റ്റർ വിവാഹത്തിന് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ 24നാണ് പെണ്‍കുട്ടി തെന്മലയിലെ വീട്ടിൽ നിന്ന് കെവിനൊപ്പം പോന്നത്.
25ന് നീനയുടെ വീട്ടുകാർ ഗന്ധിനഗർ സ്റ്റേഷനിലെത്തി പരാതി നല്കി. പോലീസ് ഇരുകുട്ടരെയും വിളിപ്പിച്ചു. സ്റ്റേഷനിൽ വച്ച് പെണ്‍കുട്ടിയോട് അച്ഛനൊപ്പം പോകാൻ എസ്ഐ നിർബന്ധിച്ചു. നീന കൂട്ടാക്കിയില്ല.
തുടർന്ന് കാറിൽ വലിച്ചുകയറ്റാൻ നീനയുടെ അച്ഛൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനു ശേഷം നീനയെ അമലഗിരിയിലെ ഒരു ഹോസ്റ്റലിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു.കെവിനു ഭീഷണിയുണ്ടായിരുന്നതിനാൽ മാന്നാനത്തുള്ള ബന്ധുവീട്ടിലാണ് കെവിൻ കഴിഞ്ഞു വന്നത്. ഇന്നലെ പുലർച്ചെ മാന്നാനത്തെ വീട് ആക്രമിച്ചാണ് കെവിനെ തട്ടിക്കൊണ്ടുപോയത്. ഇന്നു രാവിലെ പുനലൂർ ചാലിയം ഭാഗത്ത് മൃതദേഹം കണ്ടെത്തി.
കണ്ണീരിലും അലിഞ്ഞില്ല ആ ശിലാഹൃദയങ്ങൾ
ഏറ്റുമാനൂർ: പ്രണയിച്ച് വിവാഹം കഴിച്ച പെണ്‍കുട്ടി ഒരു ദിവസം പോലും ഭർത്താവിനൊപ്പം കഴിഞ്ഞില്ല. വിവാഹത്തിന്റെ രണ്ടാം നാളിൽ ഭർത്താവിനെ തന്റെ സ്വന്തം സഹോദരന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയതറിഞ്ഞ് കരഞ്ഞു തളർന്ന അവളുടെ കണ്ണീരിനു മുന്നിൽ ശിലാ ഹൃദയങ്ങളൊന്നും അലിഞ്ഞില്ല.
സ്വന്തം വീട്ടുകാരും പോലീസും ഉൾപ്പെടെ ആരും അവളുടെ കണ്ണീർ കണ്ടതായി നടിച്ചില്ല. വീട്ടുകാർക്ക്് അഭിമാന പ്രശ്നം. പക്ഷേ പോലീസിനോ? നിയമാനുസൃതം വിവാഹിതയായ തനിക്ക് നീതി നടത്തിത്തരാൻ പോലീസിനായില്ല. ഇന്നലെ മുഴുവൻ പോലീസ് സ്റ്റേഷനിൽ കരഞ്ഞ് തളർന്നിരുന്ന അവൾക്ക് നേരിയ പ്രതീക്ഷയെങ്കിലും ഉണ്ടായിരുന്നു.
തന്റെ കെവിന്റെ കൈ പിടിച്ച് ഈ സ്റ്റേഷൻ മുറ്റത്തു നിന്നും ഇറങ്ങാൻ സാധിക്കുമെന്ന്. പക്ഷേ ഇന്ന് രാവിലെ കേട്ട വാർത്ത വിശ്വസിക്കാനായില്ല അവൾക്ക്. എങ്കിലും ഇത്രയും ക്രൂരത… തളർന്നു വീണ നീനുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദുരന്തം മുഖ്യമന്ത്രി കോട്ടയത്ത് ഉള്ള ദിവസം
ഏറ്റുമാനൂർ: പ്രണയ വിവാഹത്തിന്റെ പേരിൽ മാന്നാനത്ത് നവവരൻ താമസിച്ചിരുന്ന വീട് തകർത്തതും നവവരനെയും ബന്ധുവായ യുവാവിനെയും തട്ടിക്കൊണ്ടു പോയതും ഒടുവിൽ നവവരന്റെ ജീവനെടുത്തതും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്ത് ഉള്ള ദിവസം. സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഗാന്ധിനഗർ പോലീസ് സ്റ്റേഷന്റെ പരിധിക്കുള്ളിലാണ് മുഖ്യമന്ത്രി ഉണ്ടായിരുന്നത്.
അത്യന്തം ഗൗരവമേറിയ സംഭവ വികാസങ്ങൾ ബന്ധുക്കളും നാട്ടുകാരും ശ്രദ്ധയിൽ പെടുത്തിയപ്പോഴെല്ലാം ഗാന്ധിനഗർ പോലീസ് പറഞ്ഞിരുന്നത് മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലാണെന്നും മുഖ്യമന്ത്രി പോയിക്കഴിഞ്ഞ ശേഷം അന്വേഷിക്കാമെന്നുമാണ്.
സംഭവങ്ങളുണ്ടാകുന്നത് പുലർച്ചെ 2.30ന്. മുഖ്യമന്ത്രിയുടെ മെഡിക്കൽ കോളജിലെ പരിപാടി വൈകുന്നേരം 3.30 ന്. എന്നിട്ടും മുഖ്യമന്ത്രിയെ ചാരി പോലീസ് നടപടികളിൽ നിന്ന് ഒഴിവായി നിന്നു. വിലയേറിയ മണിക്കൂറുകളാണ് പോലീസ് ഇങ്ങനെ പാഴാക്കിയത്.
അതിന് കനത്ത വില തന്നെ നൽകേണ്ടി വന്നു. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവരന്റെ ജീവൻ നഷ്ടമായി. ഒരു പെണ്‍കുട്ടിയുടെ ജീവിതം തകർന്നു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനെന്ന പേരിൽ നിസംഗത പാലിച്ച പോലീസിന് രക്ഷിക്കാമായിരുന്ന യുവാവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം പേറേണ്ടി വന്നിരിക്കുന്നു.