കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയശേഷം പ്രതി ഷാനു ചാക്കോയും ഗാന്ധിനഗർ സ്റ്റേഷനിലെ മുൻ എഎസ്ഐ ബിജുവും തമ്മിൽ ഫോണ്‍ സംഭാഷണം നടന്നതായി സ്ഥിരീകരണം. ഫോറൻസിക് സയൻസ് ലാബോറട്ടറി അസിസ്റ്റന്റ് ഡയറക്ടർ രാഹിതയാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മൊഴി നൽകിയത്.
നേരത്തെ അന്വേഷണസംഘം തന്ന ഫോണിൽ നിന്നും സംഭാഷണങ്ങൾ വേർതിരിച്ചെടുത്ത സൈബർ ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ പി. ഷാജി അയച്ചുകൊടുത്ത വീഡിയോയും ചിത്രങ്ങളും വിശദമായി പരിശോധിച്ചത് രാഹിതയായിരുന്നു. പരിശോധനയിൽ കെവിനെ തട്ടിക്കൊണ്ടുപോയശേഷം നടന്ന സംഭാഷണങ്ങളിലടക്കം കൃത്രിമം നടന്നിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.
ഒന്നാം പ്രതിയായ ഷാനുവും ബിജുവുമായുള്ള സംഭാഷണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ തെളിവായി നേരത്തെ ഹാജരാക്കിയിരുന്നു. കെവിനോടൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിന്റെ മൊഴി ആദ്യമെടുത്ത അന്നത്തെ ഡിവൈഎസ്പി ഷാജിമോനെയും വിസ്തരിച്ചു.
പ്രതികൾ സഞ്ചരിച്ച സ്ഥലം, ഫോണ്‍ സംഭാഷണങ്ങളുടെ ദൈർഘ്യം, സമയം, ലൊക്കേഷൻ എന്നിവയടക്കമുള്ളവയുടെ വിശദീകരണം നൽകാൻ ഇന്നു ഫോണ്കന്പനി നോഡൽ ഓഫീസർ ഹാജരാകാൻ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതികളായ ചാക്കോ, റിയാസ്, വിഷ്ണു, ലിജോ, മനു മുരളീധരൻ എന്നിവരുടെ ഫോണ്‍കോളുകളുടെ വിശദാംശങ്ങളാണ് പരിശോധിക്കുക.