കോട്ടയം: ദുരഭിമാന കൊലയെന്ന ഗണത്തിൽ കെവിൻ കേസ് പരിഗണിച്ചതോടെ വിചാരണ അടുത്ത ഫെബ്രുവരിക്കകം പൂർത്തിയാക്കേണ്ടിവരും. അടുത്ത 28ന് കേസ് കോടതി പരിഗണിക്കുന്പോൾ വിചാരണ സംബന്ധിച്ച തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. ദുരഭിമാന കൊല കേസ് കുറ്റപത്രം നല്കി ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി വിധി.
കെവിൻ കേസിൽ കുറ്റപത്രം നല്കിയത് കഴിഞ്ഞ ഓഗസ്റ്റ് 21നാണ്. ദുരഭിമാന കൊലയായി പരിഗണിച്ചാൽ ഫെബ്രുവരി 21 നകം വിചാരണ പൂർത്തിയാക്കേണ്ടി വരും. വിചാരണ സംബന്ധിച്ച വാദം കേൾക്കുന്നതിനാണ് കേസ് അടുത്ത 28ലേക്ക് മാറ്റിവച്ചത്.
കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ട് വട്ടപ്പാറ വാടകയ്ക്കു താമസിക്കുന്ന ജോസഫിന്റെ മകൻ കെവിൻ പി. ജോസഫി(23)നെ കഴിഞ്ഞ മേയ് 27 ന് പുലർച്ചെ 2.30ന് മാന്നാനത്തെ ബന്ധുവീട്ടിൽ നിന്നും ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോകുകയും പിറ്റേന്നു പുലർച്ചെ തെന്മലയ്ക്കു സമീപം ചാലിയക്കര തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
കെവിൻ പ്രേമിച്ച് വിവാഹം കഴിച്ച നീനുവിന്റെ സഹോദരൻ തെന്മല ഒറ്റയ്ക്കൽ സാനുഭവനിൽ ഷാനു ചാക്കോയെ ഒന്നാം പ്രതിയാക്കിയാണ് അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 14 പ്രതികളാണുള്ളത്. ഷാനു ചാക്കോ, സുഹൃത്തുക്കളായ നിയാസ് മോൻ, നിയാസ് ഇസ്മായേൽ, റിയാസ്, നീനുവിന്റെ പിതാവ് ചാക്കോ, മനു മുരളീധരൻ, ഷിഫിൻ സജാത്, എൻ. നിഷാദ്, ടിറ്റു ജെറോം, വിഷ്ണു, ഫസിൽ ഷെറീഫ്, ഷാനു, ഷിനു, റെനീഷ് എന്നിവരെ പ്രതി ചേർത്താണു കുറ്റപത്രം സമർപ്പിച്ചത്.
ഗൂഡാലോചന (120 ബി), രാത്രിയിൽ വീടു തകർത്ത് അതിക്രമിച്ച് കടക്കൽ (449), നാശനഷ്്ടം വരുത്തൽ (427), അനീഷിന്റെ കഴുത്തിൽ കത്തി വയ്ക്കൽ (506 (2)), മർദ്ദനം (323), വണ്ടിയേൽ തടഞ്ഞുവയ്ക്കൽ (342), തെളിവ് നശിപ്പിൽ (201), തണ്ടിക്കൊണ്ടുപോകൽ (364), തടങ്കലിൽവച്ചു വിലപേശൽ (364 (എ)), കൊലപാതകം (302) എന്നി വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്.
അന്വേഷണസംഘത്തെ സഹായിക്കാൻ ഗവണ്മെന്റ് നിയോഗിച്ച മെഡിക്കൽ കോളജിലെ ഡോക്ടർമാർ, പോസ്റ്റുമോർട്ടം സർജൻ എന്നിവർ നൽകിയ മന:പൂർവം വെള്ളത്തിൽ ചാടിച്ചു കൊലപ്പെടുത്തിയെന്ന റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. 186 സാക്ഷികൾ, സയിന്റിഫിക് എക്സ്പേർട്ട്, റിക്കാർഡുകൾ, മഹസർ ഉൾപ്പെടെ 180 പ്രമാണങ്ങൾ, 20 രേഖകൾ എന്നിവയും കോടതിയിൽ സമർപ്പിച്ചു.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. മധ്യമേഖല ഐജി വിജയ് സാക്കറ, കോട്ടയം ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ എന്നിവർ മേൽനോട്ടം വഹിച്ചു. പാലാ ഡിവൈഎസ്പി വിനോദ് കുമാർ, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അശോക് കുമാർ എന്നവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.