ഗാന്ധിനഗർ: കെവിൻ ജോസഫ് കൊല്ലപ്പെട്ട കേസിൽ ശിക്ഷണ നടപടിക്കു വിധേയരായ ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐയും ഡ്രൈവറും അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്നു. കോട്ടയം റബർ ബോർഡ് തെക്കുംമുറിയിൽ ടി.എം. ബിജു (47) പോലീസ് ഡ്രൈവർ അയർക്കുന്നം മുട്ടപ്പള്ളി എം.എൻ.അജയകുമാർ (37) എന്നിവർക്കാണ് കാറപകടത്തിൽ കഴിഞ്ഞ ദിവസം ഗുരുതരമായി പരിക്കേറ്റത്. ഇരുവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജറി തീവ്രപരിചരണ വിഭാഗത്തിലാണ്.
തലയ്ക്കു പരിക്കേറ്റ ബിജു വെന്റിലേറ്ററിലാണ്. അതേസമയം, അജയ് കുമാറിന്റെ നില കഴിഞ്ഞ ദിവസത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ അജയന്റെ കാറിൽ എറണാകുളത്തുനിന്നു കോട്ടയത്തേക്കു വരുന്പോൾ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചായിരുന്നു അപകടം. ഇരുവരെയും ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
മേയ് 26ന് രാത്രി പട്രോളിംഗിനിടെ കെവിൻ കേസിലെ മുഖ്യപ്രതിയെ സംശയകരമായ സാന്നിധ്യത്തിൽ കണ്ടിട്ടും നടപടിയെടുക്കാതെ 2,000 രൂപ കൈക്കൂലി വാങ്ങി പറഞ്ഞുവിട്ടു എന്ന കേസിൽ സസ്പെൻഷനിലായിരുന്നു എഎസ്ഐ ബിജു. അന്വേഷണത്തിനൊടുവിൽ എഎസ്ഐ ബിജുവിനെ സർവീസിൽനിന്നു പിരിച്ചുവിടാനും അജയന്റെ മൂന്നു വർഷത്തെ ഇംക്രിമെന്റ് തടയാനും ജില്ലാ പോലീസ് മേധാവി എസ്.ഹരിശങ്കർ ഉത്തരവിട്ടിരുന്നു.
മുഖ്യപ്രതി സഞ്ചരിച്ചിരുന്ന കാറിന്റെ നന്പർ പ്ലേറ്റ് ചെളി തേച്ചു മറച്ചിരുന്നതു കണ്ടിട്ടും കൂടുതൽ അന്വേഷണം നടത്താതെ പറഞ്ഞു വിട്ടതു കുറ്റകരമായ വീഴ്ചയാണെന്നു ഡിപ്പാർട്ട്മെന്റ് വിലയിരുത്തിയിരുന്നു. ഒരു പക്ഷേ, ആ പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നെങ്കിൽ കെവിന്റെ കൊലപാതകം തന്നെ തടയാനായേക്കുമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
നടപടിക്കു മുന്നോടിയായി ഇരുവർക്കും ജില്ലാ പോലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനു മറുപടി തയാറാക്കാൻ എറണാകുളത്തു പോയി അഭിഭാഷകനെ കണ്ടു മടങ്ങിവരുന്ന വഴിയാണ് അപകടമുണ്ടായത്. അജയനായിരുന്നു കാറോടിച്ചിരുന്നത്. മുൻ സീറ്റിൽ ഇടതുവശത്തിരുന്ന ബിജുവിനാണു കൂടുതൽ പരിക്കേറ്റത്.